ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ കുടുംബത്തിന് സാധ്യമായ സഹായമെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രസർക്കാർ. വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാളാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. സൗഹൃദ സർക്കാറുകളുടെ സഹായം നിമിഷ പ്രിയ കേസിൽ തേടിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
നിരന്തരമായി കോൺസുലാറുമായി ബന്ധപ്പെടുന്നുണ്ട്. പ്രാദേശിക ഭരണകൂടവുമായും തലാലിന്റെ കുടുംബവുമായും ബന്ധപ്പെടുന്നുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ജയ്സ്വാൾ പറഞ്ഞു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിക്കാൻ കൂടുതൽ സമയം തേടുന്നുണ്ട്. ഈ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ത്യാ സർക്കാരിന് മുന്നോട്ട് പോകാവുന്ന ഒരു ഘട്ടമുണ്ട്. നമ്മൾ അവിടെ എത്തിയിരിക്കുന്നു എന്നാണ് സുപ്രീംകോടതിയെ കേന്ദ്രസർക്കാർ അറിയിച്ചത്.
വധശിക്ഷയിൽ ഇളവ് തേടാൻ എല്ലാ വഴികളും പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ലെന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോൾ സ്ഥിതി ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന് അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമാകുമെന്ന് സുപ്രീംകോടതി പറഞ്ഞു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്‍കി
യമൻ തലസ്ഥാനമായ സൻആയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന നിമിഷപ്രിയ 2015ലാണ് അവിടെ ക്ലിനിക് തുടങ്ങാൻ തലാൽ മഹ്ദി എന്ന യമനി പൗരനെ ബിസിനസ് പങ്കാളിയാക്കുന്നത്. നിമിഷപ്രിയയുടെ ഭർത്താവും മകളും സാമ്പത്തിക പ്രയാസത്താൽ 2014ൽ കേരളത്തിലേക്ക് മടങ്ങിയിരുന്നു. തലാൽ മഹ്ദി നിമിഷപ്രിയക്കൊപ്പം കേരളത്തിൽ വരുകയും ഒരുമാസം തങ്ങുകയും ചെയ്തു. നിമിഷപ്രിയയെ താൻ ജീവിത പങ്കാളിയാക്കിയെന്നാണ് കൊല്ലപ്പെടുംമുമ്പ് തലാൽ യമനിൽ കോടതിയെയും പൊലീസിനെയും അറിയിച്ചിരുന്നത്. കുടുംബവും ഇക്കാര്യം ആവർത്തിക്കുന്നു. എന്നാലിത് വ്യാജ അവകാശവാദമാണെന്നും നിമിഷപ്രിയയുടെ വിവാഹ ഫോട്ടോ മോഷ്ടിച്ച് തലാൽ കൃത്രിമ ചിത്രമുണ്ടാക്കിയെന്നുമാണ് അമ്മയും ആക്ഷൻ കൗൺസിലും ഇന്ത്യയിൽ കോടതിയോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.