തിരുവനന്തപുരം: എണ്ണമറ്റ തവണ സമരപോരാട്ടങ്ങളുടെ ചെങ്കൊടി വി.എസ് കുത്തിനിർത്തിയ തലസ്ഥാന ഭൂമികയിലൂടെ ചരിത്രപുരുഷന്റെ പിൻമടക്കം. പോരാട്ടങ്ങൾ മുന്നിൽനിന്ന് നയിക്കുകയും ശേഷം അഞ്ചാണ്ട് കേരള ഭരണചക്രം കൈകളിലേന്തുകയും ചെയ്ത ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനകത്തേക്ക് ആ പോരാളി ഒരിക്കൽ കൂടി കടന്നുവന്നു, മടക്കമില്ലാ യാത്രക്കായി. മുഖ്യമന്ത്രിയായി വി.എസിന്റെ പാദസ്പർശമേറ്റ പഴയ ഹജൂർ കച്ചേരിയുടെ നടുത്തളത്തിൽ ചെമ്പതാക പുതച്ച് പോരാട്ട കേരളത്തിന്റെ സമരനായകന്റെ ഭൗതിക ദേഹം.
മുഷ്ടിചുരുട്ടിയും പൂക്കളർപ്പിച്ചും സ്നേഹജനത ആ പോരാട്ട മുഖം അവസാനമായി കണ്ടു. ചാരത്തായുള്ള ഇരിപ്പിടങ്ങളിൽ കേരള ഭരണ, രാഷ്ട്രീയ നേതൃത്വം ഓർമകളുടെ തൊഴുകൈകളോടെ നിന്നു. നാടിന്റെയാകെ അവകാശ സമരങ്ങൾക്കായി പിറന്നൊരച്ഛന്റെ ഭൗതികദേഹത്തിന്റെ ഓരം ചേർന്ന് മകൻ വി.എ. അരുൺകുമാർ. ഒരു നോക്കു കാണാൻ പടികടന്നെത്തിയവരിൽ മുഴുപ്പട്ടിണിക്കാരും നിരാലംബരുമായ പരശ്ശതങ്ങൾ. വി.എസ് വിടവാങ്ങുമ്പോൾ അവർക്കെങ്ങനെ ആ ചാരത്തണയാതിരിക്കാനാകും. അവരുടെ മുദ്രാവാക്യങ്ങൾ ദർബാർ ഹാളിന്റെ ഭിത്തികളിൽ തട്ടി, പോരാട്ട കേരളത്തിന്റെ ദിശാനക്ഷത്രമാണ് വി.എസ് എന്ന് പ്രതിധ്വനിച്ചു.
തൊട്ടപ്പുറത്ത് വി.എസിന്റെ ശബ്ദം ഇടിമുഴക്കമായ പഴയ നിയമസഭ മന്ദിരവും സാക്ഷി. അദ്ദേഹം ഒന്നാം നമ്പർ കാറിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയുടെ ഓഫിസും കാബിനറ്റ് റൂമും അടങ്ങിയ നോർത്ത് േബ്ലാക്കും തൊട്ടപ്പുറത്ത്. അനേകരുടെ ആവലാതികൾക്കും അല്ലലുകൾക്കും പ്രതിവിധികളായി ഇറങ്ങിയ ഉത്തരവുകൾക്കും തീർപ്പുകൾക്കും സാക്ഷ്യംവഹിച്ച ഭരണസിരാകേന്ദ്രത്തിന്റെ തലപ്പൊക്കമുള്ള നോർത്ത് കെട്ടിടസമുച്ചയം ആ ഭരണാധികാരിയുടെ ഭൗതികദേഹം അകലെയല്ലാതെ നോക്കിനിന്നു. സൗത്ത് ഗേറ്റ് വഴി ചുറ്റിയിറങ്ങിയ വിലാപയാത്ര ആദ്യം ചെന്നത് അശരണർക്ക് വേണ്ടി ആ സമരശബ്ദം മുഴങ്ങിയ സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിലേക്ക്. ഇനിയൊരു അവകാശ സമരമുഖത്തും വി.എസ് ഉണ്ടാകില്ലെന്ന ഓർമപ്പെടുത്തി വിലാപയാത്ര യൂനിവേഴ്സിറ്റി കോളജ് പരിസരവും പിന്നിട്ട് പാളയത്തേക്ക്.
നീട്ടിയും കുറുക്കിയുമുള്ള ആ വാക്വിലാസത്തിന്റെ താളവും രുചിയും പലതവണയറിഞ്ഞ അയ്യങ്കാളി ഹാളും (പഴയ വി.ജെ.ടി ഹാൾ) പോരാളിയുടെ അന്ത്യയാത്രക്ക് സാക്ഷിയായി. പാളയം പള്ളിയോട് ചേർന്നുനിൽക്കുന്ന രക്തസാക്ഷി മണ്ഡപവും മൂകസാക്ഷിയായി നിൽക്കെ തലസ്ഥാനത്തിന്റെ രാജപാതയിൽ നിന്ന് വി.എസിന്റെ അന്ത്യയാത്ര വഴിതിരിഞ്ഞു പി.എം.ജി വഴി പട്ടത്തേക്ക്. അതിനിടക്കാണ് മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ഏറെക്കാലം ചെലവിട്ട പുതിയ നിയമസഭ മന്ദിരം. ഭരണാധികാരിയായും പ്രതിപക്ഷ നേതാവായും വി.എസിന്റെ ശബ്ദം ഏറെ മുഴങ്ങിയ നിയമനിർമാണ സഭക്കും ആ സമരനായകന്റെ ഓർമകളേറെ പറയാനുണ്ട്. അതും പിന്നിട്ട് ജനനായകന്റെ അന്ത്യയാത്ര പിറന്ന നാട്ടിലേക്ക്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.