നിയമസഭ മന്ദിരത്തിന് മുന്നിലെത്തിയപ്പോൾ വിലാപയാത്ര അൽപമൊന്ന് നിന്നു. ആറ് പതിറ്റാണ്ട് വി.എസ് നിറഞ്ഞുതുളമ്പിയ സഭാതലം ‘ഇടപെടലുകൾക്കും നടപടി’കൾക്കും പൂർണവിരാമമിട്ട് യാത്രാമൊഴിയേകി
തിരുവനന്തപുരം: മുദ്രാവാക്യങ്ങളുടെ പെരുമഴ നനഞ്ഞ് ആരവങ്ങളെ വകഞ്ഞുമാറ്റി വി.എസ് ദർബാർ ഹാളിൽനിന്നിറങ്ങി. മുണ്ടിന്റെ ഒരുതല മാടിപ്പിടിച്ചും ഇരു ചുമലുകളുമുയർത്തിയും ഉറച്ച കാലടികളോടെ നടന്നിറങ്ങിയിരുന്നതാണ് ഈ പടവുകളിൽ പതിവെങ്കിൽ, ഇക്കുറി പ്രത്യേകമൊരുക്കിയ വാഹനത്തിൽ ചെമ്പതാകക്ക് താഴെ തീയണഞ്ഞെങ്കിലും കനൽ കെടാത്ത തീപ്പന്തം പോലെ വി.എസ് നീണ്ടുനിവർന്നു കിടന്നു. പ്രസംഗം കേട്ട് അയഞ്ഞും വലിഞ്ഞുമുറുകിയുമെല്ലാം കാലങ്ങളോളം ഒപ്പമൊഴുകിയ പ്രിയപ്പെട്ടവർ ഉള്ളുലഞ്ഞും ആർത്തലച്ചും അടരുവാൻ മടിച്ചും ഒപ്പമുണ്ട്.
തിരുവനന്തപുരത്തേക്കുള്ള വി.എസിന്റെ ആദ്യയാത്രയെ പോലെ മടക്കവും പൊലീസ് അകമ്പടിയിലെന്നത് യാദൃശ്ചികത. രാജഭരണത്തിനെതിരെയുള്ള സമരത്തിന്റെ പേരിൽ പിടികൂടിയ വി.എസിനെ ‘8957’ നമ്പർ തടവുകാരനായി പൊലീസ് വാഹനത്തിലാണ് അന്ന് ആലപ്പുഴയിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം കർമഭൂമിയിൽനിന്ന് സമരഭൂമിയിലേക്കുള്ള അവസാന യാത്രയും സർക്കാർ വാഹനത്തിൽ പൊലീസ് അകമ്പടിയോടെ തന്നെ.
ഉച്ചക്ക് 2.15ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെയും സാന്നിധ്യത്തിലാണ് മൃതദേഹം വിലാപയാത്രക്കായി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലേക്ക് മാറ്റിയത്. അപ്പോഴും അവസാനമായി കാണാൻ ഓടിയലച്ചെത്തുന്നവർ അനവധിയായിരുന്നു. വാഹനത്തിനുചുറ്റും ജനസാഗരം. സെക്രട്ടേറിയറ്റിനുള്ളിൽനിന്ന് പുറത്തേക്ക് വാഹനമെത്താൻ തന്നെ 20 മിനിട്ട് വേണ്ടിവന്നു. പാളയം ജുമാമസ്ജിദും രക്തസാക്ഷി മണ്ഡപവുമെല്ലാം പിന്നിട്ടപ്പോൾ സമയം മൂന്ന് പിന്നിട്ടു. സെക്രട്ടേറിയറ്റിൽനിന്ന് പാളയത്തേക്കുള്ള ഒരു കിലോമീറ്റർ താണ്ടാനെടുത്തത് 45 മിനിട്ടിലേറെ. പ്രിയനേതാവിനെ അവസാനമായി കാണാനും ആദരവിന്റെ പൂക്കളേകാനും നഗരത്തിലേക്ക് ഒഴുകിയെത്തിയ ജനസാഗരം വി.എസിനുള്ള ജനകീയ ബഹുമതിയായിരുന്നു.
നിയമസഭ മന്ദിരത്തിന് മുന്നിലെത്തിയപ്പോൾ വിലാപയാത്ര അൽപമൊന്ന് നിന്നു. ആറ് പതിറ്റാണ്ട് വി.എസ് നിറഞ്ഞുതുളമ്പിയ സഭാതലം ‘ഇടപെടലുകൾക്കും നടപടി’കൾക്കും പൂർണവിരാമമിട്ട് യാത്രാമൊഴിയേകി. പി.എം.ജി ജങ്ഷൻ പിന്നിട്ട് പട്ടത്തേക്കെത്തുമ്പോഴേക്കും വൻ ജനാവലി. വി.എസിന്റെ ചിത്രങ്ങൾ കൈയിലേന്തിയും മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കിയും വഴിയരികിൽ നിറമിഴിയോടെ കാത്തുനിന്നവരുടെ ഹൃദയങ്ങളിലൂടെ വാഹനം ഇഴഞ്ഞുനീങ്ങി. സെക്രട്ടേറിയറ്റിൽനിന്ന് പോങ്ങുമ്മൂടേക്കുള്ള ഏഴ് കിലോമീറ്റർ പിന്നിടാനെടുത്തത് നാല് മണിക്കൂറാണ്. കഴക്കൂട്ടമെത്തിയപ്പോഴേക്കും നേരമിരുട്ടി. മംഗലപുരത്തും ആറ്റിങ്ങലിലും കല്ലമ്പലത്തുമെല്ലാം ജില്ല അതിർത്തിയായ കടമ്പാട്ടുകോണത്തുമെല്ലാം രാത്രി വൈകിയും വൻ ജനാവലി കാത്തുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.