തിരുവനന്തപുരം: സമരപോരാട്ടങ്ങൾ ഒരുപാട് കണ്ട പുന്നപ്രയുടെ മണ്ണിലേക്ക് അവസാനമായി വി.എസ് എത്തുന്നു. തിരുവനന്തപുരം ദർബാർ ഹാളിൽ നിന്നും ഇന്നലെ തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര കൊല്ലം കടന്ന ആലപ്പുഴയുടെ മണ്ണിലൂടെ നീങ്ങുകയാണ്. കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് വി.എസിനെ ഒരുനോക്ക് കാണാനായി റോഡിനിരുവശവുമായി അണിനിരന്നത്.
പ്രത്യേകം തയാറാക്കിയ കെ.എസ്.ആർ.ടി.സി ബസിൽ ദർബാർ ഹാളിൽ നിന്ന് പുന്നപ്രയിലേക്കുള്ള വിലാപയാത്ര ഉച്ചക്ക് 2.15നാണ് ആരംഭിച്ചത്. മകൻ അരുൺകുമാർ, എം.വി. ജയരാജൻ, വി. ജോയി, പുത്തലത്ത് ദിനേശൻ എന്നിവരാണ് ബസിലുണ്ടായിരുന്നത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേർ അനുഗമിച്ചു.
വാഹനം കടന്നുപോകുന്ന ദേശീയപാതക്ക് ഇരുവശവും വി.എസിന്‍റെ ചിത്രങ്ങളും പുഷ്പങ്ങളും ചെങ്കൊടികളുമായി ആയിരങ്ങളാണ് കാത്തുനിന്നത്. നഗരാതിർത്തിയായ കഴക്കൂട്ടത്ത് വിലാപയാത്രയെത്താൻ 5.30 മണിക്കൂറെടുത്തു. ഇവിടെ ജനസാഗരം മൂലം വാഹനം മുന്നോട്ടുനീങ്ങാനാകാത്ത സാഹചര്യമുണ്ടായി. പ്രവർത്തകർ പ്രകടനമായി മുന്നിൽ നീങ്ങിയാണ് ഒടുവിൽ വഴിയൊരുക്കിയത്. ആൾക്കൂട്ടത്തെ അനാഥമാക്കിയ അവസാന യാത്ര ആറ്റിങ്ങലും കടമ്പാട്ടുകോണവും ചാത്തന്നൂരൂം കൊല്ലവും ചവറയും കരുനാഗപ്പള്ളിയും കായംകുളവും പിന്നിട്ട് ആലപ്പുഴയിലേക്ക്.
തിരുവനന്തപുരത്തു നിന്ന് ദേശീയപാത വഴി പുറപ്പെട്ട വിലാപയാത്ര മണിക്കൂറുകൾ പിന്നിട്ട് രാത്രി വൈകിയാണ് തലസ്ഥാന ജില്ല പിന്നിട്ടത്. ജീവിതം പോരാട്ടമാക്കിയ സമരനായകന് ജനസഹസ്രങ്ങളുടെ കരളുലഞ്ഞ അഭിവാദ്യത്തോടെയാണ് നാട് യാത്രാമൊഴിയേകിയത്. പാതിരാത്രിയിലും വി.എസിനെ കാത്ത് പാതയോരങ്ങളിൽ നിലയുറപ്പിച്ചത് പതിനായിരങ്ങൾ.
പ്രതീക്ഷിച്ചതിൽ നിന്നും ഏറെ വൈകിയാണ് വിലാപയാത്ര വിവിധ കേന്ദ്രങ്ങൾ പിന്നിട്ടത്. എ.കെ.ജി സെന്‍ററിലെ പൊതുദർശനത്തിന് ശേഷം തിങ്കളാഴ്ച രാത്രി 12 നാണ് വി.എസിന്‍റെ ഭൗതിക ശരീരം മകൻ അരുൺകുമാറിന്‍റെ ബാർട്ടൺ ഹിൽ ജങ്ഷനിലെ ‘വേലിക്കകത്ത്’ വീട്ടിലെത്തിച്ചത്. ഇവിടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ വസതിയിലെത്തി. പിന്നാലെ 9.15 ഓടെ ഭൗതിക ശരീരം പൊതുദർശനത്തിനായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു. പലവട്ടം തിരക്കിട്ട് പാഞ്ഞ നിരത്തിലൂടെ വി.എസ് അവസാനമായി സെക്രട്ടേറിയറ്റിലേക്ക്. വലിയ ക്രമീകരണങ്ങളാണ് ദർബാർ ഹാളിൽ ഒരുക്കിയിരുന്നത്.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അടക്കം നേതാക്കൾ ഇവിടെ എത്തിയിരുന്നു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരടക്കം പതിനായിരങ്ങളാണ് അന്തിമോപചാരമർപ്പിച്ചത്.
പുന്നപ്രയിലെ വീട്ടിലാണ് ആദ്യമെത്തുക. ബുധനാഴ്‌ച രാവിലെ ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസില്‍ അന്തിമോപചാരം അര്‍പ്പിക്കും. പിന്നാലെ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. ഉച്ചക്ക് മൂന്നിന് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം. അതിനു ശേഷം സർവകക്ഷി അനുശോചന യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.