നീട്ടലും കുറുക്കലും വരുത്തിയുള്ള വി.എസ്. അച്യുതാനന്ദന്റെ പ്രസംഗശൈലി ഏറെ ശ്രദ്ധേയമാണ്. അതുപോലെതന്നെയാണ് വിമർശനങ്ങൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ സരസവും കുറിക്കുകൊള്ളുന്നതുമായ പല മറുപടികളും. വി.എസിനെ രാഷ്ട്രീയ എതിരാളികൾക്കുപോലും പ്രിയങ്കരനാക്കിയത് ‘വി.എസ് ശൈലി’യാണ്. വി.എസിന്റെ ശ്രദ്ധേയമായ ചില മറുപടികളിലൂടെ
പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കിയില്ല; കുഞ്ഞെലികളെ വരെ പിടിക്കുന്നുണ്ട്
മുഖ്യമന്ത്രിയായിരിക്കെ വി.എസ് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യത്തിന് മൂന്നുപേരെ ചുമതലപ്പെടുത്തി. കെ. സുരേഷ് കുമാര്‍, ഋഷിരാജ് സിങ്, രാജു നാരായണ സ്വാമി എന്നിവരായിരുന്നു അവർ. സി.പി.ഐയും പാർട്ടിയിലെ ഔദ്യോഗിക വിഭാഗവും എതിരുനിന്നതോടെ മൂന്നാർ ദൗത്യം ത്രിശങ്കുവിലാകുമോ എന്ന ആശങ്ക പരന്നു. ഈ വേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ‘നമ്മള് നിശ്ചയിച്ച പൂച്ച കറുത്തതോ, വെളുത്തതോ എന്ന് നമ്മള് നോക്കിയിട്ടില്ല. വിശേഷിച്ച് ഞാന്‍ നോക്കിയിട്ടില്ല. എലിയെ പിടിക്കുമോയെന്നാണ് നോക്കിയത്. നോക്കിയപ്പോള്‍ നല്ല പോലെ കുഞ്ഞെലികളെ വരെ പിടിക്കുകയാണ്. വലിയ എലികളെ ആദ്യം പിടിച്ചു കഴിഞ്ഞു’-വി.എസിന്റെ മറുപടി വലിയ വാര്‍ത്തയായി.
ഗോർബച്ചേവുമാരുടെ ദുഷ്ചെയ്തികളിൽ സമുദ്രങ്ങൾ വറ്റിപോകരുത്
വി.എസും പിണറായി വിജയനും ഗ്രൂപ് ലീഡർമാരായി പാർട്ടിയിൽ പോരടിക്കുന്ന കാലത്താണീ സംഭവം. കടൽവെള്ളത്തിൽ തിരയുണ്ടെന്ന് കരുതി അത് ബക്കറ്റിലെടുത്താൽ തിരകാണില്ലെന്ന് പാർട്ടിയെ കടലിനോടുപമിച്ച് വി.എസിനെ ലക്ഷ്യമിട്ട് പിണറായി പൊതുയോഗത്തിൽ പറഞ്ഞു. ഇതിനായിരുന്നു ‘നിർഭാഗ്യകരമെന്ന് പറയെട്ട, ഗോർബച്ചേവുമാരുടെ വരവോടെ ആ മഹാസമുദ്രം വറ്റിവരളാൻ ഇടയായി. പിന്നീട് അതിൽ നിന്ന് കോരുന്ന ബക്കറ്റ് വെള്ളത്തിന് മറ്റൊരു കഥയേ പറയാൻ കഴിയൂ. ഇത്തരം ഗോർബച്ചേവുമാരുടെ ദുഷ് ചെയ്തികൾ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റിവരളാതിരിക്കാനുള്ള ജാഗ്രതയാണ് കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങൾ നിർവഹിക്കേണ്ടത് -വി.എസ് മറുപടി പറഞ്ഞു.
കൊടിയ ദുഷ് പ്രഭുത്വത്തിനു മുന്നിൽതല കുനിക്കാത്തതാണെന്റെ യൗവ്വനം...
തന്റെ പ്രായത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർക്കെതിരായ വിമർശന ശകാരമായിരുന്നു വി.എസിന് ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഈ വരികൾ. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 83 കാരനായ വി.എസാണോ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ നടക്കുന്നത് എന്ന ചോദ്യമുന്നയിച്ചതോടെയാണ് ജനസാഗരങ്ങളെ സാക്ഷിയാക്കി ‘എനിക്ക് പ്രായം കൂടിയത് എന്റെ കുഴപ്പമാണോ’എന്നും ചോദിച്ച് വി.എസ് ഈ വരികൾ പാടി വിമർശനത്തെ നേരിട്ടത്. ‘അമൂൽ ബേബിയാണ്’സോണിയാഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധിയെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ടതുണ്ടോ എന്നും വി.എസ് ചോദിച്ചു. രാജാധിപത്യത്തിനും ബ്രിട്ടീഷുകാർക്കുമെതിരെ സ്വതന്ത്ര്യ സമരകാലത്ത് പോരാടിയപ്പോൾ എനിക്ക് വയസ് പതിനാറ്...പതിനാറ് -വി.എസ് സരസമായ ഭാഷയിൽ മറുപടി പറഞ്ഞു.
കാലൻ വന്ന് വിളിച്ചിട്ടും എന്തേ പോകാത്തൂ ഗോവാലാ...കോവാലാ...
എല്ലാത്തിലും അദ്ദേഹം കോലിട്ടിളക്കുമെന്ന് പരോക്ഷമായി വി.എസിന്റെ ഇടപെടലുകളെ കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലെത്തിയ ടി.കെ. ഹംസ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണിത്. ‘കൃഷിക്കാരെ അമരാവതി കാടുകളിലേക്ക് അടിച്ചിറക്കിയപ്പോൾ, അവർക്ക് അർഹമായ ഭൂമികൊടുത്തശേഷമേ അവരെ അവിടെ നിന്ന് ഇറക്കാവൂ എന്നാവശ്യപ്പെട്ട് അമരാവതിയിൽ സഖാവ് എ.കെ.ജി നിരാഹാരം സമരം നടത്തി. ഈ ഹംസ അന്ന് ഡി.സി.സി പ്രസിഡന്റായിരുന്നു. കാലൻ വന്ന് വിളിച്ചിട്ടും എന്തേ പോകാത്തൂ ഗോവാലാ...കോവാലാ... എന്ന് വിളിച്ചവനാണ് ഈ ഹംസ -വി.എസ് പരിഹസിച്ചു.
സ്ത്രീ പീഡകരെ കൈയാമംവെച്ച് തെരുവിലൂടെ നടത്തും
ഏറെ വിവാദമായ കവിയൂർ, കിളിരൂർ, വിതുര, സൂര്യനെല്ലി തുടങ്ങിയ സ്ത്രീ പീഡന- പെൺ വാണിഭ കേസുകളിൽ ഇരകളുടെ നീതിക്കുവേണ്ടി വി.എസ് ശക്തമായി ഇടപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതസംഘടനകളാകെ വലിയ കാമ്പയിനുമായി രംഗത്തുവരികയും സ്ത്രീ സുരക്ഷ വാലിയ മുദ്രാവാക്യമായി ഉയരുകയും ചെയ്തു. ഈ വേളയിലാണ് സ്ത്രീ പീഡകരെ കൈയാമംവെച്ച് തെരുവിലൂടെ നടത്തുമെന്ന് വി.എസ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.