'എ​​ന്നെയും വി.എസിനെയും താരതമ്യം ചെയ്യരുത്, ആകപ്പാടെ എനിക്ക്​ പൊലീസ് മർദനമേറ്റത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ മാത്രമാണ്'; എ.കെ. ആന്‍റണി​

തിരുവനന്തപുരം: രാഷ്​ട്രീയത്തിൽ എതിരാളിയായിരുന്നെങ്കിലും വി.എസിനെക്കുറിച്ച്​ സൗഹൃദത്തിന്‍റെ നനുത്ത ഓർമകളാണ്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആന്‍റണിക്കുള്ളത്​. രാഷ്ട്രീയമായി ഏറ്റുമുട്ടിയപ്പോഴൊന്നും ഈ സൗഹൃദത്തിന്​ പോറലേറ്റിരുന്നില്ലെന്ന് ആന്റണി പറയുന്നു.

‘എല്ലാ വർഷവും രണ്ടുപേരെ ഞാൻ കൃത്യമായി ജൻമദിന ആശംസയറിയിക്കാൻ വിളിക്കുമായിരുന്നു. ഒന്ന്​ ഗൗരിയമ്മ, മറ്റൊന്ന്​ വി.എസ്​. അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്ന കാലംവരെ ഞാൻ വിളിച്ചാൽ ഫോണെടുക്കുമായിരുന്നു. എന്താ മിസ്റ്റർ ആന്റണി എന്ന് ചോദിച്ചാണ് സംസാരം തുടങ്ങുക. കഴിഞ്ഞ രണ്ട് ജന്മദിനത്തിനും ഞാൻ വിളിച്ചത് മകൻ അരുൺ കുമാറിനെയാണ്. 2001ൽ ഞാൻ മുഖ്യമന്ത്രിയാകുന്നതിന്‍റെ തലേദിവസം വി.എസിന്റെ വീട്ടിൽ പോയി സംസാരിച്ചിരുന്നു. രാഷ്ട്രീയ രംഗത്ത് എതിരാളിയാണെങ്കിലും ഊഷ്മളമായ വ്യക്തിബന്ധം പുലർത്തുന്നയാളായിരുന്നു വി.എസ്​.’ -ആന്റണി പറഞ്ഞു.

വി.എസിനെക്കുറിച്ച് ഒരു ആരോപണവും ഞാൻ ജീവിതത്തിൽ ഉന്നയിച്ചിട്ടില്ല. എതിരാളികളോട് കുറച്ച് കർക്കശക്കാരനാണ് വി.എസ്​. അത് അദ്ദേഹത്തിന്‍റെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. ഒരു കാര്യം തീരുമാനിച്ചാൽ അതിനുവേണ്ടി അവസാനം വരെയും നിലയുറപ്പിക്കും. കീഴാള വർഗത്തിന്‍റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയ നേതാവാണ് അദ്ദേഹം. വി.എസുമായി തന്നെ താരതമ്യം ചെയ്യേണ്ട. വി.എസ് അനുഭവിച്ച പൊലീസ് മർദനവുമായി തട്ടിക്കുമ്പോൾ തനിക്ക് അത്രയൊന്നും ഉണ്ടായിട്ടില്ല. ആകപ്പാടെ തനിക്ക്​ പൊലീസ് മർദനമേറ്റത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ മാത്രമാണ്.

ജീവിതത്തിൽ ഉടനീളം പാവപ്പെട്ടവർക്ക് വേണ്ടിയും അധ്വാനിക്കുന്നവർക്ക് വേണ്ടിയും പട നയിച്ച പാവപ്പെട്ടവരുടെ പടത്തലവനായിരുന്നു വി.എസ്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ മനുഷ്യരാക്കി മാറ്റിയത് വി.എസ് ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര പ്രക്ഷോഭങ്ങളാണ് കുട്ടനാടൻ കർഷകർക്ക് മാന്യമായ കൂലിയും അവകാശങ്ങളും നേടിക്കൊടുത്തത്. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കയർ തൊഴിലാളികളുടെ പോരാട്ടങ്ങൾക്കും അദ്ദേഹം മുന്നിലുണ്ടായിരുന്നു.

മൂന്നാറിലെ തോട്ടം തൊഴിലാളി സമരമാണെങ്കിലും നഴ്സുമാരുടെ സമരമാണെങ്കിലും കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും അദ്ദേഹം മുൻപന്തിയിൽ തന്നെയായിരുന്നു. പിന്നീടാണ് അദ്ദേഹം പാർലമെൻറ് രംഗത്തേക്കും പാർട്ടിയുടെ ഉന്നതങ്ങളിലേക്കും എത്തുന്നത്. പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ ജനകീയ നേതാവായി മാറിയത്. സമരവീര്യമുള്ള പ്രഗത്​ഭനായ നേതാവായിരുന്നു വി.എസ്’ ​-ആന്‍റണി കൂട്ടിച്ചേർത്തു.

Tags:    
News Summary - Don't compare me and VS - A.K. Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-23 02:00 GMT