ആലപ്പുഴ: ഒരുകാലത്ത് വി.എസ്. അച്യുതാനന്ദൻ സമരത്തിന്റെ ചെങ്കനൽകൊടി കുത്തിയ ചെറുകര പാടത്തിന്റെ കരയിൽ നാല് വയോധികർ ഒന്നിച്ചുനിന്നു. മുന്നിലെ കൊടിമരത്തിൽ ചെങ്കൊടി പാതി താഴ്ത്തിക്കെട്ടി. അതിനു മുകളിൽ കരിങ്കൊടി കെട്ടി. നെഞ്ചുനീറി മുഷ്ടി ചുരുട്ടി നിറഞ്ഞ കണ്ണുകളോടെ അവർ വിളിച്ചു: ‘‘ഇല്ല, സഖാവേ മരിക്കുന്നില്ല...’’
75 പിന്നിട്ട നാലുപേർ കുട്ടനാടിന്റെ സ്വന്തം പോരാളിയെക്കുറിച്ച് പറഞ്ഞുതുടങ്ങി. കുട്ടനാട്ടിൽ കർഷകരെ സംഘടിപ്പിക്കാൻ പി. കൃഷ്ണപിള്ള നിയോഗിച്ചതായിരുന്നു വി.എസിനെ. പൊലീസിന്റെ ആ നരവേട്ടക്കാലത്ത് അദ്ദേഹം ഒളിവിൽ കഴിഞ്ഞത് നീലംപേരൂർ ചെറുകര ഭാഗത്തായിരുന്നു. കുന്നുമ്മൽ പാടത്ത് ശ്രീധരൻ എന്ന തൊഴിലാളിയെ ജന്മിയുടെ ആൾക്കാർ വെട്ടിക്കൊന്ന സംഭവം 80കാരൻ ശിവരാമപിള്ള പറഞ്ഞു. വിവരമറിഞ്ഞ് കുന്നുമ്മൽ പാടത്തേക്ക് പാഞ്ഞുവന്ന വി.എസ് ആയിരുന്നു പതറിപ്പോകാതെ പിടിച്ചുനിൽക്കാൻ കർഷകത്തൊഴിലാളികൾക്ക് ആത്മധൈര്യം നൽകിയത്. മുഖ്യമന്ത്രിയായിരിക്കെ, ആലപ്പുഴയിൽ പാർട്ടി സംസ്ഥാന സമ്മേളനം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വി.എസ് അവസാനമായി കുട്ടനാട്ടിൽ വന്നത്.
‘‘വഞ്ചനയില്ലാതെ ജീവിച്ച ധീരനായ നേതാവായിരുന്നു വി.എസ്, ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാവുകയില്ല...’’ -കെ.വി ചന്ദ്രനും എം.കെ. ഭാസ്കരനും വി.കെ. മണിയനും ശിവരാമപിള്ളയും പറയുന്നു. ‘‘ഞങ്ങൾ കുട്ടനാട്ടുകാർ നാളെ ആലപ്പുഴയിലേക്ക് പോകും. സഖാവിനെ അവസാനമായി ഒന്നു കാണണം’’ -അവരുടെ വാക്കുകൾ കുട്ടനാട്ടുകാരുടെ മുഴുവൻ വികാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.