കൊച്ചി: പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ വ്യാജ പരാതിയും സാക്ഷിമൊഴിയും നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേസിൽ വെറുതെവിട്ടയാൾ ഹൈകോടതിയിൽ പരാതി നൽകി. പോക്സോ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവ് റദ്ദാക്കി ഡിവിഷൻബെഞ്ച് വെറുതെവിട്ട പത്തനംതിട്ട തണ്ണിത്തോട് തോസലാടിയിൽ ഷിബുവിന്റേതാണ് പരാതി.
2014 ഒക്ടോബറിലെടുത്ത കേസിൽ വിചാരണക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതിനെത്തുടർന്ന് 2019 ഒക്ടോബർ മുതൽ ഷിബു വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. പിന്നീട് അപ്പീൽ ഹരജിയുമായി ഹൈകോടതിയെ സമീപിച്ച് സ്വയം വാദിച്ചാണ് ജയിൽമോചിതനായത്.
പെൺകുട്ടിയുടെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും പൊരുത്തപ്പെടുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി തടവ് ശിക്ഷ റദ്ദാക്കിയത്.ഒരാൾ നൽകിയ വ്യാജ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ വ്യാജരേഖ ചമച്ചെന്ന് ഷിബു പറയുന്നു. ഇവർക്കെതിരെയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സെന്ന പേരിൽ വ്യാജ സാക്ഷി പറഞ്ഞയാൾക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതി.
വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ജൂൺ 30ന് പുറപ്പെടുവിച്ചിട്ടും ജൂലൈ രണ്ടിന് രാത്രി 8.30നുശേഷമാണ് മോചിപ്പിച്ചതെന്നും മനഃപൂർവം മോചനം വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മറ്റൊരു പരാതിയും ഹൈകോടതിക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.