തിരുവനന്തപുരം: പകരംവെക്കാനില്ലാത്ത പോരാട്ടവും അനുരഞ്ജനമില്ലാത്ത നിലപാടുംകൊണ്ട് കേരളമാകെ നെഞ്ചേറ്റിയ ജനകീയ കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ ഇനി ഓർമകളിലെ ചുകപ്പുതാരകം. പ്രിയ നേതാവിനെ ഒരുനോക്കുകാണാൻ കേരളത്തിന്റെ പരിച്ഛേദം തന്നെ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തി.
മകന്‍റെ വസതിയില്‍നിന്നും വിലാപയാത്രയായി സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ച മൃതദേഹത്തിൽ മഴയും തിരക്കും വകവയ്ക്കാതെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ആയിരക്കണക്കിന് സാധാരണക്കാരും ആദരാഞ്ജലി അർപ്പിച്ചു. മുദ്രാവാക്യം വിളികളുമായി ജനങ്ങള്‍ പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അശോക് ധാവ്ളെ, വിജു കൃഷ്ണന്‍, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ മൃതദേഹത്തെ അനുഗമിച്ച് ദര്‍ബാര്‍ ഹാളിലുണ്ട്.
സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, ഗവർണർ രാജേന്ദ്ര ആർലേക്കർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച (23) 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. പി പി ചിത്തരഞ്ജന്‍ എംഎല്‍എ യോഗത്തില്‍ സന്നിഹിതനായി.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച രാവിലെ 9 മണിവരെ വസതിയിലും തുടര്‍ന്ന് 10 മണിയോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം.
പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ബീച്ചില്‍ നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള വാഹനപാര്‍ക്കിങ്ങിന് ബീച്ചിലെ മേല്‍പ്പാലത്തിന് അടിവശമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി ആവശ്യത്തിന് പൊലീസിനെയും വിന്യസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.