കാസർകോട്: കെ.എസ്.ആർ.ടി.സിയിൽ അടുത്തിടെ നടന്ന അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർമാരുടെ സ്ഥാനക്കയറ്റം ഹൈകോടതിയെ കബളിപ്പിച്ചുകൊണ്ടെന്ന് ആരോപണം. എ.ടി.ഒ നിയമനം സംബന്ധിച്ച് ഹൈകോടതിയിൽ റാങ്ക് ഹോൾഡർമാരും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള കേസിൽ, റാങ്ക് ലിസ്റ്റിൽനിന്ന് 21 പേർക്ക് നിയമനം നൽകണമെന്ന് 2024 ഫെബ്രുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ഇതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീലിൽ അന്തിമവിധി വരാനിരിക്കെയാണ് റാങ്ക് ഹോൾഡർമാർക്ക് അർഹതപ്പെട്ട ഒഴിവുകളിലേക്ക് വേണ്ടപ്പെട്ടവരെ സ്ഥാനക്കയറ്റം നൽകി നിയമിച്ചിരിക്കുന്നതെന്നാണ് റാങ്ക് ഹോൾഡർമാർ ആരോപിക്കുന്നത്.
കോടതി നടപടികൾക്കിടയിൽ ഇത്തരം ഒഴിവുകളിലേക്ക് ആരെയും നിയമിക്കരുത് എന്ന റാങ്ക് ഹോൾഡർമാരുടെ ആവശ്യത്തിന് മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സി കഴിഞ്ഞ നവംബറിൽ ഇതിന് മറുപടി നൽകാൻ ഒരാഴ്ച സമയം ആവശ്യപ്പെടുകയും കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, എട്ടുമാസമായിട്ടും ഇതിന് മറുപടി സത്യവാങ്മൂലം നൽകാതെ കോടതിയെ കബളിപ്പിച്ചാണ് ഇപ്പോഴുള്ള സ്ഥാനക്കയറ്റമെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
2017ൽ കേസ് നടന്നുകൊണ്ടിരിക്കെ അനധികൃതമായി സ്ഥാനക്കയറ്റം നൽകിയ 15 പേരെ തരംതാഴ്ത്തിയാണ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളെ നിയമിക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ, അവർ ഇന്നും സ്ഥാനത്ത് തുടരവെയാണ് ഇപ്പോഴുള്ള അനധികൃത സ്ഥാനക്കയറ്റവും നൽകിയിരിക്കുന്നത്. അതേസമയം, 2017ൽ സ്ഥാനക്കയറ്റം ലഭിച്ചവർ കേസിന്റെ പരിധിയിൽപെടുന്നവരല്ലെന്ന് ഡിവിഷൻ ബെഞ്ചിൽ കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.