പാലക്കാട്: ഭൂഗർഭജലം ഊറ്റി പ്ലാച്ചിമടയെ തരിശുഭൂമിയാക്കിയ കൊക്കക്കോള കമ്പനിക്കെതിരെ സന്ധിയില്ലാപോരാട്ടമാണ് വി.എസ് നടത്തിയത്. കമ്പനിക്കെതിരെ ശക്തമായ നിലപാടെടുത്ത അദ്ദേഹം എന്നും പ്ലാച്ചിമടയിലെ സാധാരണക്കാർക്കൊപ്പം നിലകൊണ്ടു. ബഹുരാഷ്ട്ര കമ്പനിയായ കൊക്കക്കോളക്കെതിരെ വി.എസ് പോർമുഖം ആരംഭിക്കുന്നത് 2002 നവംബറിലാണ്. പ്രതിപക്ഷനേതാവായിരുന്ന അദ്ദേഹം നവംബർ അവസാനമാണ് ആദ്യമായി പ്ലാച്ചിമട സന്ദർശിക്കുന്നത്. അതിന് മുമ്പുതന്നെ കമ്പനിയുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയിൽ നാട്ടുകാരുടെ ചെറുത്തുനിൽപാരംഭിച്ചിരുന്നു. കമ്പനിയുടെ ജലമൂറ്റൽമൂലം പ്ലാച്ചിമടയിലെയും സമീപപ്രദേശങ്ങളിലെയും ഭൂഗർഭ ജലവിതാനം അപകടകരമാംവിധം കുറയുന്ന സാഹചര്യമായിരുന്നു അന്ന്.
സന്ദർശനവേളയിൽ കമ്പനി വളപ്പും കൊക്കക്കോള നിർമാണവുമെല്ലാം ചുറ്റിനടന്ന് കണ്ട വി.എസ്, കമ്പനി നടത്തുന്ന ജലചൂഷണം ഉടൻ നിർത്തിവെക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. എ.കെ. ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. കൊക്കക്കോള കമ്പനി നടത്തുന്ന അമിത ജലചൂഷണം വരൾച്ചബാധിത പ്രദേശമായ ചിറ്റൂർ താലൂക്കിലെ പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന് വി.എസിന് ബോധ്യപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ ‘ചുവന്ന അടയാളങ്ങൾ’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസികളും പരിസ്ഥിതി സംഘടനകളും കമ്പനിക്കെതിരെ അക്കാലത്ത് ശക്തമായി രംഗത്തുവന്നിരുന്നു.
തുടർന്ന് പൊതുജനതാൽപര്യം കണക്കിലെടുത്ത് പെരുമാട്ടി പഞ്ചായത്ത് 2003 മേയ് 17 മുതൽ പ്രവർത്തനം നിർത്തിവെക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചു. ഈ കേസിൽ 2003 ഡിസംബർ 16ന് വിധി പ്രഖ്യാപിച്ച കോടതി ഒരു മാസത്തിനകം ഭൂഗർഭ ജലചൂഷണം അവസാനിപ്പിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. ഈ സമയത്താണ് കമ്പനിയെ കൂടുതൽ കുരുക്കിലാക്കി ബി.ബി.സിയുടെ ഒരു വാർത്ത പുറത്തുവരുന്നത്. പ്ലാച്ചിമടയിലെ ഖരമാലിന്യം, കിണർവെള്ളം എന്നിവയുടെ സാമ്പ്ൾ പരിശോധിച്ചതിൽ വിഷാംശമായ കാഡ്മിയം, കറുത്തിയം എന്നിവയുടെ സാന്നിധ്യം അനുവദനീയമായതിനേക്കാൾ ഉയർന്ന തോതിലുണ്ടെന്ന കണ്ടെത്തലായിരുന്നു അത്. കോളക്കമ്പനികൾ വെള്ളത്തിൽ വിഷം കലർത്തുന്ന കശാപ്പുകാർ എന്നാണ് വി.എസ് പ്ലാച്ചിമടയിൽ നടന്ന ഒരു യോഗത്തിൽ കമ്പനിക്കെതിരെ പറഞ്ഞത്.
വി.എസിന്റെ സമ്മർദത്തെ തുടർന്ന് കൊക്കക്കോള കമ്പനി പൂട്ടണമെന്ന് 2003 ആഗസ്റ്റ് 18ന് എൽ.ഡി.എഫിന് ആവശ്യപ്പെടേണ്ടിവന്നു. കമ്പനിയുടെ പ്രചാരകനാകാൻ തീരുമാനിച്ചിരുന്ന നടൻ മമ്മൂട്ടിക്കുപോലും വി.എസിന്റെ പ്രസ്താവനയെ തുടർന്ന് നിലപാട് മാറ്റേണ്ടിവന്നു. കൊക്കക്കോള കമ്പനിക്കെതിരെയും പുതുശ്ശേരി പഞ്ചായത്തിലെ പെപ്സി കമ്പനിക്കെതിരെയും വി.എസ് സമരം നടത്തി. കൊക്കക്കോള കമ്പനിയുടെ പ്രവർത്തനംമൂലം ദുരിതം അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം തീരുമാനിക്കാനുള്ള ട്രൈബ്യൂണൽ ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയതിനു പിന്നിലും വി.എസിന്റെ പോരാട്ടമായിരുന്നു. കൊക്കക്കോള കമ്പനി ഭൂഗർഭജലം ഊറ്റുന്നത് അവസാനിപ്പിക്കണമെന്ന ഹൈകോടതി വിധി പിന്നീട് ഡിവിഷൻ ബെഞ്ച് അസാധുവാക്കുകയും 2007 ഏപ്രിൽ ഏഴിന് കമ്പനിക്ക് പ്രവർത്തനാനുമതി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.