തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്-35 ബി തിരികെ പറന്നു; വാടകയിനത്തിൽ കോളടിച്ച് വിമാനത്താവളം

തിരുവനന്തപുരം: തകരാര്‍ പൂര്‍ണമായും പരിഹരിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ബ്രിട്ടന്റെ എഫ്. 35 ബി യുദ്ധ വിമാനം ചൊവ്വാഴ്ച ബ്രിട്ടനിലേക്ക് പറന്നു. ഒരു മാസത്തോളമായി കേരളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന വിമാനം ചൊവ്വാഴ്ച്ച രാവിലെ 10.45 ഓടെയാണ് വിമാനം ടേക്ക് ഓഫ് ആയത്. തിരുവനന്തപുരത്ത് നിന്ന് വിമാനം നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു.കെയിലേക്ക്.

തിരികെപ്പോകുന്നതിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്നും വിമാനം പുറത്തിറക്കി. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിയ 14 അംഗ സാങ്കേതിക വിദഗ്ധരും മടങ്ങി. 

ബ്രിട്ടീഷ് യുദ്ധ വിമാനം മടങ്ങുമ്പോൾ കോളടിച്ചത് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുകാർക്കാണ്. വിമാനത്താവളം ഉപയോഗിച്ചതിനുള്ള വാടക ബ്രിട്ടീഷ് സേന നൽകണം. ലാൻഡിങ്,പാർക്കിങ് തുടങ്ങിയ ചാർജുകളാണ് ഈടാക്കുന്നത്. ഏകദേശം 8 ലക്ഷം രൂപയാണ് ബ്രിട്ടീഷ് വ്യോമസേന  നൽകേണ്ടത്. 

കഴിഞ്ഞ ജൂണ്‍ 14 നാണ് എഫ് 35 ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. അറബിക്കടലില്‍ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവ് സംഭവിച്ചത് കാരണമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് പിറ്റേ ദിവസം ഇന്ധനം നിറച്ചെങ്കിലും സാങ്കതിക തകരാര്‍ കണ്ടെത്തുകയും വിമാനത്തിന് പറന്നുയരാന്‍ കഴിയാത്ത തരത്തില്‍ കാര്യങ്ങള്‍ പോകുകയുമാണുണ്ടായത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി കിടന്ന വിമാനം കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. കേരള ടൂറിസം ഡിപ്പാർട് മെന്‍റ് പ്രമോഷന് വേണ്ടിയും വിമാനത്തിന്‍റെ ചിത്രം ഉപയോഗിച്ചിരുന്നു. തുടക്കത്തിൽ വിമാനത്തിന്‍റെ ചിറകുകൾ അഴിച്ചുമാറ്റി മറ്റൊരു വിമാനത്തിൽ കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയ മികച്ച സംവിധാനങ്ങളുള്ള വിമാനങ്ങളിലൊന്നാണ് എഫ്35ബി.

Tags:    
News Summary - British fighter jet F-35B returns from Thiruvananthapuram; airport calls for rental payment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.