തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പതിനായിരങ്ങളാണ് മഴ വകവെക്കാതെ പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്നത്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. യാത്രാമധ്യേ ജനങ്ങൾക്ക് വി.എസിനെ കാണാൻ അവസരമൊരുക്കും. ബുധനാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിലും 10ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് ഉച്ചക്കുശേഷം മൂന്നിന് പുന്നപ്ര വലിയചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചക്കുശേഷം 3.20 ഓടെയായിരുന്നു അന്ത്യം. 102 വയസ്സായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി അമ്പലപ്പുഴ കുഞ്ചുപിള്ളയിൽനിന്ന് കോൺഗ്രസ് അംഗത്വം നേടിയ 1938 മുതൽ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ 2021 ജനുവരി 31 വരെയുള്ള 83 വർഷത്തെ രാഷ്ട്രീയ ജീവിതത്തിന് ഇടവേളയോ അവധിയോ ഇല്ലായിരുന്നു. ഈ കാലയളവിൽ പാർട്ടി നേതൃത്വവും ഭരണനേതൃത്വവുമടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ചു. സംസ്ഥാനത്തിന്റെ ഭരണസാരഥിയായി 82ാം വയസ്സിലാണ് ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം.
1965 മുതല്‍ 2016 വരെ വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു കയറിയെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമ്പോള്‍ വി.എസ് തോല്‍ക്കുകയോ വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ ചെയ്തു. 1996ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും മാരാരിക്കുളത്തെ തോല്‍വിയോടെ അതില്ലാതായി. 87 വയസ്സ് മുതൽ 92 വരെ പ്രതിപക്ഷ നേതാവ്. 92 മുതൽ 97 വയസ്സ് വരെ ഭരണ പരിഷ്കാര കമീഷൻ ചെയർമാനും. പിന്നീട് മകൻ അരുൺകുമാറിന്‍റെ തലസ്ഥാനത്തെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടെ പക്ഷാഘാതം വന്നത് വി.എസിനെ ശാരീരികമായി തളർത്തി. ജൂൺ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1923 ഒക്‌ടോബര്‍ 20ന് ആലപ്പുഴ പുന്നപ്ര വെന്തലത്തറ ശങ്കരന്‍റെയും അക്കമ്മയുടെയും നാലുമക്കളിൽ നാലാമനായാണ് ജനനം. അനാഥത്വത്തിന്റെ ഭാരം പേറി നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട്, കടുത്ത ദാരിദ്ര്യത്തില്‍ തുന്നിയെടുത്തതായിരുന്നു വി.എസിന്‍റെ പോരാട്ട ജീവിതം. കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടത്. പി. കൃഷ്‌ണപിള്ളയുടെ ഉപദേശമനുസരിച്ചായിരുന്നു അത്. തുടര്‍ന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും അവിടെനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും എത്തി.
പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ച് 1964ലെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപവത്കരിച്ച കേരളത്തില്‍നിന്നുള്ള ഏഴ് നേതാക്കളില്‍ അവശേഷിച്ച ഏകയാളായിരുന്നു വി.എസ്. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ പാര്‍ട്ടിക്കുള്ളില്‍ പോലും എതിരാളികളെ സൃഷ്ടിച്ചു. വി.എസിന്‍റെ നീക്കങ്ങളെ പാർട്ടി ചട്ടക്കൂടിന്‍റെ പേരിൽ തടയാനുള്ള ശ്രമങ്ങളെ ആർജവത്തോടെയാണ് വി.എസ് മുറിച്ചുകടന്നത്. അണികൾക്കൊപ്പം ജനങ്ങളായിരുന്നു വി.എസിന്റെ ഊർജം. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ പിന്നീട് പാര്‍ട്ടിയില്‍ വി.എസ്-പിണറായി ഗ്രൂപ്പുകളായി മാറുന്നതിനും വെട്ടിനിരത്തലുകൾക്കും ഇടയാക്കി. 2002ലെ കണ്ണൂര്‍ സമ്മേളനത്തോടെയാണ് വി.എസ്-പിണറായി ഗ്രൂപ്പുകൾ സജീവമാകുന്നതും ചർച്ചകളിൽ നിറയുന്നതും.
കെ. വസുമതിയാണ് ഭാര്യ. മക്കൾ: വി.എ. അരുൺകുമാർ (ഐ.എച്ച്.ആർ.ഡി അഡീഷനൽ ഡയറക്ടർ), ഡോ. വി.വി. ആശ. മരുമക്കൾ: ഡോ. തങ്കരാജ്, ഡോ. മിനി. സഹോദരങ്ങൾ: ഗംഗാധരൻ, പുരുഷോത്തമൻ, ആഴിക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.