തിരുവനന്തപുരം: വനം വികസന കോർപറേഷന് ഒരുകോടിയുടെ നഷ്ടമുണ്ടായ വിവാദ മരം വിൽപനയിൽനിന്ന് തലയൂരാനുള്ള ഉദ്യോഗസ്ഥ നീക്കത്തിന് തടയിട്ട് വിജിലൻസിനും മുഖ്യമന്ത്രിക്കും പരാതി. കരാറുകാരനുമായി ഒത്തുകളിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ട് കൊല്ലം സ്വദേശിയാണ് പരാതി നൽകിയത്. അരിപ്പ ഡിവിഷൻ പരിധിയിലെ രണ്ട് തോട്ടങ്ങളിലെ യൂക്കാലിപ്റ്റസ് മര ലേലത്തിലാണ് പൂർണ തുകയടക്കാതെ കരാറുകാരൻ കോർപറേഷന് വലിയ നഷ്ടമുണ്ടാക്കിയത്.
ഉദ്യോഗസ്ഥർ കരാറുകാരന് ഒത്താശ ചെയ്തതാണ് സാമ്പത്തിക നഷ്ടം വരുത്തിയതെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതോടെയാണ് സസ്പെൻഷനും വിജിലൻസ് അന്വേഷണവും ഭയന്ന് ആരോപണം നേരിട്ടവർ ബാക്കി തുകയടപ്പിച്ച് തലയൂരാൻ നീക്കം നടത്തിയത്. പണമടക്കുന്നതിനനുസരിച്ച് മാത്രമേ മരങ്ങൾ മുറിക്കാൻ അനുവദിക്കാവൂ, ഇൻവോയ്സ് പരിശോധിച്ചേ മരം കൊണ്ടുപോകാൻ പാസ് നൽകാവൂ എന്നീ വ്യവസ്ഥകൾ കാറ്റിൽപറത്തിയായിരുന്നു ഒത്തുകളി.
സംഭവത്തിൽ വനം വികസന കോർപറേഷൻ തിരുവനന്തപുരം ഡിവിഷനൽ മാനേജർ, അരിപ്പ സബ് യൂനിറ്റ് മാനേജർ, അസി. മാനേജർ എന്നിവരോട് എം.ഡി ജോർജ് മാത്തച്ചൻ വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് പണം അടപ്പിച്ച് പ്രശ്നം തീർക്കാൻ ശ്രമിച്ചത്. ജോർജ് മാത്തച്ചൻ മാറി പകരം രാജു കെ. ഫ്രാൻസിസ് ചുമതലയേറ്റെങ്കിലും നേരത്തേയുള്ള പ്രശ്നമെന്ന നിലയിൽ അദ്ദേഹം ഇതിൽ ഇടപെട്ടില്ല. മരം മുറിച്ച കരാറുകാരൻ ഭരണകക്ഷിയിലെ ആളായതിനാലാണ് നിയമ നടപടി സ്വീകരിക്കാതെയുള്ള ഒത്തുകളിയെന്ന് ആക്ഷേപമുയർന്നിരുന്നു.
സർക്കാർ പണം പലിശയടക്കം തിരികെപ്പിടിക്കണമെന്നും കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്ത് കരിമ്പട്ടികയിൽ പെടുത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പ്രമോഷൻ റദ്ദാക്കി സസ്പെൻഡ് ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം. അതേസമയം, വനം വികസന കോർപറേഷന് ലഭിക്കാനുള്ള തുക കരാറുകാരനിൽനിന്ന് തിരിച്ചുപിടിക്കുമെന്ന് ചെയർപേഴ്സൻ ലതിക സുഭാഷ് ’മാധ്യമ’ത്തോട് പറഞ്ഞു.
അരിപ്പ സബ് യൂനിറ്റിലെ 8.474 ഹെക്ടർ തോട്ടത്തിൽനിന്ന് യൂക്കാലിപ്റ്റസ് പെറ്റില്ല മുറിച്ചതിൽ 46.40 ലക്ഷവും 12.75 ഹെക്ടർ തോട്ടത്തിൽനിന്ന് യൂക്കാലിപ്റ്റസ് ഹൈബ്രിഡ് മുറിച്ചതിൽ 54.08 ലക്ഷവും ഉൾപ്പെടെയാണ് കോർപറേഷന് ഒരുകോടിയിൽ പരം രൂപയുടെ നഷ്ടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.