കൊച്ചി: വൈദ്യുതി പോസ്റ്റിൽ വലിച്ചിട്ടുള്ള സ്വകാര്യ കമ്പനികളുടെ കേബിൾ വഴി കെ.എസ്.ഇ.ബിയുടെ ഖജനാവിൽ പ്രതിവർഷമെത്തുന്നത് കോടികൾ. എന്നാൽ, പോസ്റ്റിലെ കേബിളിൽ തട്ടിയും കുരുങ്ങിയുമുള്ള അപകടങ്ങളിൽ നഷ്ടപരിഹാരം നൽകാൻ കെ.എസ്.ഇ.ബിക്ക് ഉത്തരവാദിത്തവും ബാധ്യതയുമില്ല.
അഞ്ചുവർഷത്തിനിടെ സ്വകാര്യ കേബിൾ വലിക്കാൻ അനുമതി നൽകിയതിലൂടെ 302.89 കോടിയാണ് വൈദ്യുതി ബോർഡിന് വരുമാനമായി ലഭിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പ്രതിവർഷം ശരാശരി 60 കോടി രൂപ ഈയിനത്തിൽ കിട്ടുന്നു. എന്നാൽ, വൈദ്യുതി പോസ്റ്റിൽനിന്ന് വലിച്ച കേബിളുകൾ കുടുങ്ങി ആളുകൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ നഷ്ടപരിഹാരത്തിന്റെ അർഹത സംബന്ധിച്ച വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതും അനുവദിക്കുന്നതുമെല്ലാം സ്വകാര്യ കമ്പനികളാണെന്നും കെ.എസ്.ഇ.ബി വിവരാവകാശ മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, സ്വകാര്യ കേബിൾ കമ്പനികളും ഇത്തരത്തിൽ കർശന നഷ്ടപരിഹാര വ്യവസ്ഥ പിന്തുടരാത്തതിനാൽ അപകടത്തിൽപെടുന്നവരാണ് ദുരിതത്തിലാകുന്നത്.
നിലവിൽ കേബിൾ സംബന്ധമായ ജോലി ചെയ്യുമ്പോഴും അബദ്ധത്തിൽ കേബിളുമായി സമ്പർക്കത്തിൽ വരുമ്പോഴും എന്തെങ്കിലും കാരണവശാൽ കെ.എസ്.ഇ.ബി ലൈനിൽനിന്ന് ഷോക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ വൈദ്യുതി സുരക്ഷാപദ്ധതിയിലെ വ്യവസ്ഥപ്രകാരം രണ്ടുലക്ഷം രൂപ വരെ ആശ്വാസ ധനസഹായമായി അനുവദിക്കും.
കേബിൾ ടി.വി, ഇൻറർനെറ്റ് സേവനദാതാക്കൾ എന്നിവക്ക് രണ്ടുതരത്തിലാണ് കേബിൾ വലിക്കാൻ ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇതുതന്നെ നഗര, ഗ്രാമ പ്രദേശങ്ങളിൽ വ്യത്യാസമുണ്ട്. കേബിൾ ടി.വിക്ക് നഗരത്തിൽ ഒരുവർഷത്തേക്ക് 337.64 രൂപയും ഗ്രാമീണമേഖലയിൽ 163.19 രൂപയുമാണ്. ഇൻറർനെറ്റ് കമ്പനികൾക്ക് നഗരത്തിൽ 615.74 രൂപയും ഗ്രാമപ്രദേശത്ത് 307.87 രൂപയും ബോർഡിലടക്കണം. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഈ വിവരങ്ങൾ നൽകിയിട്ടുള്ളത്.
എന്നാൽ, സംസ്ഥാനത്ത് വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായി കേബിളുകൾ വലിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച കേസുകളെക്കുറിച്ചുള്ള ചോദ്യങ്ങളുൾപ്പെടെ കെ.എസ്.ഇ.ബി അനുബന്ധ ഓഫിസുകളിലേക്ക് കൈമാറിയെങ്കിലും മറുപടി കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.