തിരുവനന്തപുരം: അധ്യാപക സംഘടനകളുടെ എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഹിതപരിശോധന ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയുടെ നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ ഉയർന്ന കടുത്ത എതിർപ്പിനെ തുടർന്ന് വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റി. ഭരണപക്ഷ അധ്യാപക സംഘടനകളായ കെ.എസ്.ടി.എയും എ.കെ.എസ്.ടി.യുവും ഒഴികെയുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ചർച്ച മാറ്റിയത്.
അധ്യാപക സംഘടനകളിലെ കാറ്റഗറി സംഘടനകളെ ഒഴിവാക്കാനുള്ള ഹിതപരിശോധനയാണ് ചർച്ച ചെയ്യാനിരുന്നത്. ഹിതപരിശോധന സംബന്ധിച്ച രേഖയുടെ കരട് ഇവർക്ക് മുൻകൂട്ടി നൽകാത്തതിലും വിശദവിവരങ്ങൾ അറിയിക്കാത്തതിലും സംഘടനകൾ യോഗത്തിൽ ആശങ്ക ഉയർത്തി. യോഗ അജണ്ട രണ്ടാഴ്ച മുമ്പ് കൈമാറണമെന്ന മാനദണ്ഡം പോലും പാലിച്ചില്ലെന്ന് സംഘടനകൾ ആരോപിച്ചു. സംസ്ഥാനത്തെ മൊത്തം 42 അധ്യാപക സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തുവെങ്കിലും കെ.എസ്.ടി.എയും എ.കെ.എസ്.ടി.എയും മാത്രമാണ് സർക്കാർ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചത്.
ചർച്ചക്ക് കുറിപ്പ് നൽകാതെ വിളിച്ചുകൂട്ടിയ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാനാവില്ലെന്ന് കെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള സംഘടനകൾ നിലപാടെടുത്തതോടെ ഭരണപക്ഷത്തെ ഘടകകക്ഷികളുടെ അധ്യാപക സംഘടനകളും പിന്തുണച്ചു. വിയോജിപ്പ് ശക്തമായതോടെ കരട് ഉടൻ നൽകാമെന്നും ഓണാവധിക്ക് ശേഷം അധ്യാപക സംഘടനകളുടെ യോഗം ചേരാം എന്നുമുള്ള തീരുമാനത്തിൽ ചർച്ച മാറ്റി. തുടർന്ന് വിദ്യാലയങ്ങളിൽ മെഡിറ്റേഷൻ നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഹരിതവിദ്യാലയത്തെക്കുറിച്ചുമുള്ള ചർച്ചകൾ യോഗത്തിൽ നടന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വട്ടപ്പാറ അനിൽകുമാർ, എൻ. രാജ്മോഹൻ, നജീബ്, അരുൺകുമാർ, അനിൽ എം. ജോർജ്, സുധാകരൻ, എം. തമീമുദ്ദീൻ, ഹരീഷ് കടവത്തൂർ എന്നിവർ പങ്കെടുത്തു. അധ്യാപക മേഖലയിലെ കാലികമായ ഒട്ടേറെ വിഷയങ്ങൾ പരിഹരിക്കാതെ ശ്രദ്ധ തിരിച്ചുവിടാനാണ് റഫറണ്ട വിഷയം കൊണ്ടുവരുന്നതെന്ന് സെറ്റോ ജനറൽ കൺവീനർ അബ്ദുൽ മജീദും സംയുക്ത അധ്യാപക സമിതി ചെയർമാൻ പി.കെ. അരവിന്ദനും കുറ്റപ്പെടുത്തി. സർക്കാർ ഭരണകൂട ഭീകരത സൃഷ്ടിക്കുകയാണെന്നും എതിരഭിപ്രായങ്ങളെ ഭയപ്പെടുകയാണെന്നും എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.