കോട്ടയം: എക്കാലത്തും രാഷ്ട്രീയ കേരളത്തിന്റെ ആദർശ മുഖമായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.സി. ജോർജ്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ പിതൃതുല്യനായിരുന്നു വി.എസ്. ഏത് പ്രതിസന്ധി ഘട്ടത്തിലും അധികാരത്തിനുവേണ്ടി ആദർശം പണയം വെക്കാത്ത വിപ്ലവ സൂര്യനെയാണ് വി.എസിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും പി.സി. ജോർജ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുടുംബത്തിലെ കാരണവർ നഷ്ടപ്പെട്ട ദുഃഖമാണ് കുടുംബത്തിൽ ഉണ്ടായിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. വി.എസിനെ കുടുംബത്തിലെ കാരണവരുടെ സ്ഥാനത്ത് മാത്രമാണ് എന്നും കണ്ടിട്ടുള്ളത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നല്ല അധ്യായങ്ങളിൽ ഒന്ന് എഴുതി ചേർത്താണ് സഖാവ് വി.എസ് വിടവാങ്ങിയത്. ഒന്നിന് വേണ്ടിയും തന്റെ ആദർശത്തെ കൈവിടാത്ത ഇതുപോലൊരാൾ ഇനി ഉണ്ടാവില്ല എന്നും ഷോൺ ജോർജ് അനുശോചിച്ചു.
ഭരണപക്ഷത്ത് ആണെങ്കിലും പ്രതിപക്ഷത്താണെങ്കിലും ജനപക്ഷത്ത് നിൽക്കുന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് ബി.ജെ.പി നേതാവ് പി കെ കൃഷ്ണദാസ് അനുസ്മരിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ഭരണപക്ഷത്ത് എത്തുമ്പോൾ നിശബ്ദത പാലിക്കുകയും ചെയ്യുന്ന നേതാക്കന്മാർക്കിടയിൽ വ്യത്യസ്തനായിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹം എപ്പോഴും ജനങ്ങൾക്ക് വേണ്ടി ജനപക്ഷത്തു നിന്ന് സംസാരിച്ചുകൊണ്ടിരുന്നു. വിഎസ് അച്യുതാനന്ദന്റെ ജീവിതം തന്നെ പോരാട്ടമായിരുന്നു. കേരളത്തിന്റെ എല്ലാ സമരമുഖങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു.
പ്രകൃതിസംരക്ഷണം, സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം, കർഷക പ്രശ്നങ്ങൾ, അവകാശ സമരങ്ങൾ, പാവപ്പെട്ടവരുടെ ജീവിത പ്രശ്നങ്ങൾ തുടങ്ങി എല്ലാ തരത്തിലുള്ള സമരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അദ്ദേഹം വിശ്വസിച്ച ആദർശത്തിനു വേണ്ടി സ്വജീവിതം ചിട്ടപ്പെടുത്തി, അവസാന നിമിഷം വരെ ആദർശത്തിന്റെ ആധാരത്തിൽ ഉറച്ചുനിന്ന മാതൃകയായി. പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയ രംഗത്തും വിഎസ് എന്നും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ വേർപാടിലൂടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു യുഗമാണ് അവസാനിക്കുന്നത്. പുതുതലമുറയ്ക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു നേതാവിനെയാണ് വിഎസിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.