കൊച്ചി: പൊലീസിന്റെ ബ്രെത് അനലൈസർ ഓരോ തവണ ഉപയോഗിക്കുന്നതിന് മുമ്പും റീഡിങ് ‘പൂജ്യ’ത്തിലാണെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി. ശ്വാസത്തിലെ ആൽക്കഹോളിന്റെ അളവ് കണ്ടെത്തുന്ന ഉപകരണം വ്യക്തികളിൽ ഉപയോഗിക്കുന്നതിന് മുന്നോടിയായി വായുവിൽ ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നടത്തി പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടർന്ന് റീഡിങ് പൂജ്യമാക്കിയശേഷം വേണം അടുത്ത പരിശോധന നടത്താനെന്നും അല്ലാതെയുള്ള പരിശോധന ആധികാരികമാകില്ലെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ തിരുവനന്തപുരം ബാലരാമപുരം സ്വദേശിക്കെതിരായ കേസ് ഭാഗികമായി റദ്ദാക്കിയാണ് ഉത്തരവ്.
2024 ഡിസംബർ 30ന് മദ്യപിച്ച് അപകടകരമായി ഇരുചക്രവാഹനം ഓടിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസെടുത്ത കേസിൽ അഡീ. സി.ജെ.എം കോടതിയുടെ പരിഗണനയിലുള്ള കുറ്റപത്രം റദ്ദാക്കാനാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഹരജിക്കാരന്റെ ശ്വാസം പരിശോധിച്ചപ്പോൾ 100 മില്ലിയിൽ മദ്യത്തിന്റെ അംശം 41 എം.ജി എന്നു കാണിച്ചു. അനുവദനീയമായത് 30 എം.ജിയാണ്. എന്നാൽ, അതിന് മുമ്പെടുത്ത ബ്ലാങ്ക് ടെസ്റ്റിൽ 412 എം.ജി എന്നതാണ് റീഡിങ്.
പ്രധാനമായും ഈ അപാകതയാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത്. ബ്ലാങ്ക് ടെസ്റ്റ് നടത്താതിരുന്നാൽ മുൻ പരിശോധനയുടെ കണങ്ങൾ ഇതിൽ അവശേഷിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ കോടതി, ഹരജിക്കാരന്റെ വാദം അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.