കൂലിക്കും ചൂഷണത്തിനെതിരായും കുട്ടനാട്ടിലും ആലപ്പുഴയിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘാടനത്തിൽ അലയടിച്ച കർഷക തൊഴിലാളി സമരങ്ങൾ ഉത്തരവാദഭരണ പ്രക്ഷോഭമായി രൂപംമാറി. വി.എസ് അടക്കമുള്ള പ്രവർത്തകർക്കായിരുന്നു കർഷക പ്രക്ഷോഭങ്ങളുടെ സംഘാടന ചുമതല. അധികാരം തന്നിൽതന്നെ കേന്ദ്രീകരിക്കുന്ന ‘അമേരിക്കൻമോഡൽ’ മുന്നോട്ടുവെച്ച് ഉത്തരവാദഭരണ ആവശ്യത്തെ നേരിടാനായിരുന്നു ദിവാൻ സർ സി.പിയുടെ പദ്ധതി. എന്നാൽ, സ്വാതന്ത്ര്യം എന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പുമില്ല എന്ന് ടി.വി. തോമസ് അടക്കമുള്ള നേതാക്കൾ തീർത്തുപറഞ്ഞു. അതോടെ അടിച്ചമർത്താൻ സി.പി പ്രത്യേക പൊലീസ് സംഘത്തെ ഇറക്കി. സി. കേശവൻ, പി.ടി. പുന്നൂസ് എന്നിവരെ അറസ്റ്റ് ചെയ്തു. വി.എസ് അടക്കമുള്ളവർക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. ആലപ്പുഴ ആലിശ്ശേരി മൈതാനത്ത് പ്രതിഷേധയോഗം നടത്തിയ സുഗതനെയും മറ്റും അറസ്റ്റ് ചെയ്തു. യോഗത്തിൽ പ്രസംഗകനായിരുന്ന വി.എസ് അറസ്റ്റിൽനിന്ന് രക്ഷപ്പെട്ടു. പിടികൊടുക്കരുെതന്ന പാർട്ടി നിർദേശത്തെ തുടർന്ന് കോട്ടയം പൂഞ്ഞാറിലേക്ക് മാറി. എന്നാൽ രണ്ടാഴ്ചക്കുള്ളിൽതന്നെ വീണ്ടും പാർട്ടി കത്തു വന്നു, തിരിച്ചുചെല്ലാൻ.
അപ്പോഴേക്കും ആലപ്പുഴയിൽ പൊലീസ് നരനായാട്ട് തുടങ്ങിയിരുന്നു. പുന്നപ്ര, കളർകോട് ഭാഗങ്ങളിൽ അതിക്രമം അതിരൂക്ഷം. ഇതു നേരിടാൻ പാർട്ടി തീരുമാനിച്ചു. യുദ്ധം കഴിഞ്ഞ് പിരിഞ്ഞുവന്ന പട്ടാളക്കാരുടെ നേതൃത്വത്തിൽ വളൻറിയർ ക്യാമ്പുകൾ ആരംഭിച്ചു. പൊലീസ് വെടിവെച്ചാൽ ഒഴിയാനും, കമുക് നാലായി കീറിയ വാരിക്കുന്തംകൊണ്ട് തിരിച്ചടിക്കാനുമായിരുന്നു പരിശീലനം. നാനൂറോളം പേർ വീതമുള്ള മൂന്നു ക്യാമ്പുകളിലെ വോളണ്ടിയർമാർക്ക് രാഷ്ട്രീയബോധം നൽകേണ്ട ചുമതലയായിരുന്നു വി.എസിന്. ക്യാമ്പും പരിശീലനവും തുടരവെ 1946 ഒക്ടോബർ 25ന് തിരുവിതാംകൂർ രാജാവിെൻറ തിരുനാളിനോട് അനുബന്ധിച്ച് മേഖലയിൽ കൂടുതൽ പൊലീസ് ക്യാമ്പുകൾ തുറന്നു.
ജനങ്ങളുടെ സ്വൈരം കെടുത്തുന്ന പൊലീസ് ക്യാമ്പുകൾ അവസാനിപ്പിക്കാനാവശ്യപ്പെട്ട് വളൻറിയർമാരുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്താൻ തീരുമാനിച്ചു. ‘അമേരിക്കൻ മോഡൽ അറബക്കടലിൽ’ എന്നതായിരുന്നു മുദ്രാവാക്യം. പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ലക്ഷ്യംവെച്ച് നീങ്ങിയ മാർച്ചിൽ ഒരു ഭാഗം വരെ വി.എസ് ഉണ്ടായിരുന്നു. ‘‘ഇനിയങ്ങോട്ട് വി.എസ് വേണ്ട, വാറൻറ് നിലവിലുള്ള സ്ഥിതിക്ക് അറസ്റ്റ് ചെയ്യും’’ എന്ന നിർദേശം വന്നതിനെ തുടർന്ന് വി.എസ് പ്രദേശത്തുതന്നെ ഒരു തൊഴിലാളിയുടെ വീട്ടിലേക്കു മാറി. ഇതിനിടെ ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങിയ പ്രക്ഷോഭകരെ വെടിവെക്കാൻ പൊലീസ് മേധാവി ഉത്തരവിട്ടു. വളൻറിയർമാർ വാരിക്കുന്തവുമായി നിലത്തുകിടന്നു. വെടിവെപ്പിൽ അമ്പതോളം തൊഴിലാളികളെങ്കിലും കൊല്ലപ്പെട്ടു. ചിലർ പൊലീസ് ക്യാമ്പിലേക്ക് ഇഴഞ്ഞുനീങ്ങി. എസ്.ഐയുടെ തല വെട്ടി. എട്ടു പൊലീസുകാരെ കൊന്നു. തോക്കുകൾ പിടിച്ചെടുത്തു. ആ തോക്കുമായി സഖാക്കൾ വി.എസ് തങ്ങിയ ഇടത്തു വന്നു. അവ ഉപേക്ഷിക്കാൻ നിർദേശിച്ച് അദ്ദേഹം വീണ്ടും പൂഞ്ഞാറിലേക്ക് മാറി.
ഒക്ടോബർ 28ന് പൂഞ്ഞാറിൽവെച്ച് വി.എസ് അറസ്റ്റിലായി. പാലാ പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യംചെയ്യൽ. ഇടിയൻ നാരായണപിള്ള, ‘‘കെ.വി. പത്രോസും കെ.സി. ജോർജും ഇ.എം.എസും എവിടെ’’ എന്നു ചോദിച്ച് മർദിച്ചു. എത്ര തല്ലിയിട്ടും മറുപടി ഇല്ലാതായതോടെ പീഡനമുറ മാറ്റി. ഒരിക്കലും മറക്കാത്ത ആ മർദനമുറയെക്കുറിച്ച് വി.എസ് തന്നെ പറഞ്ഞ വാക്കുകൾ: ‘‘രണ്ടു കാലുകളും ലോക്കപ്പിെൻറ അഴികളിലൂടെ അവർ പുറത്തെടുത്ത്, അഴികൾക്കു വിലങ്ങനെ രണ്ടു കാലിലുമായി ലാത്തി വെച്ചുകെട്ടി. പിന്നെ കാലിനടിയിൽ അടി തുടങ്ങി. എത്ര വേദനിച്ചാലും കാലുകൾ അകത്തേക്ക് വലിക്കാനാവില്ലല്ലോ. കുറച്ചു പൊലീസുകാർ ലോക്കപ്പിനു അകത്തും കുറച്ചു പേർ പുറത്തും ഞാൻ അകത്തും പുറത്തുമല്ല എന്ന അവസ്ഥയിലും. ലോക്കപ്പിനുള്ളിലെ പൊലീസുകാർ തോക്കിെൻറ പാത്തികൊണ്ട് ഇടിച്ചു. ആ സമയം പുറത്തുള്ളവർ കാൽപാദങ്ങളിൽ ചൂരൽകൊണ്ട് അടിച്ചു. ഇതിനിടെ ഒരാൾ തോക്കിൽ ബയണറ്റ് പിടിപ്പിച്ച് എെൻറ ഉള്ളംകാലിൽ കുത്തി. കാൽപാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോര ഭിത്തിയിലേക്ക് ചീറ്റിത്തെറിച്ചു. എെൻറ ബോധം പോയി. പിന്നീട് കണ്ണുതുറക്കുേമ്പാൾ പാലാ ആശുപത്രിയിലാണ്.’’
മരിച്ചെന്നു കരുതി കാട്ടിൽ കളയാൻ, അന്ന് ലോക്കപ്പിലുണ്ടായിരുന്ന ചില പ്രതികളെ കൂട്ടി പൊലീസ് വി.എസിനെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി. കൂടെപ്പോയ സംഘത്തിലെ കള്ളൻ കോരപ്പനാണ് വി.എസ് അനങ്ങുന്നത് കണ്ട്, ജീവനുള്ളതിനാൽ കാട്ടിൽ കളയാൻ ഞങ്ങൾ തയാറല്ല എന്ന് പൊലീസുകാരോട് പറഞ്ഞത്. അങ്ങനെയാണ് വി.എസ് ആശുപത്രിയിൽ എത്തിയത്. അവിടെ ദേശീയബോധമുള്ള ചില ഡോക്ടർമാർ ഉണ്ടായിരുന്നതിനാൽ പൊലീസുകാർക്ക് കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അവരുടെ ചികിത്സയിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ, ബയണറ്റ് കുത്തിക്കയറ്റിയ കാൽ ശരിക്കും നിലത്തു കുത്താൻ ഒമ്പതു മാസം കഴിഞ്ഞാണ് കഴിഞ്ഞതെന്ന് വി.എസ് പറഞ്ഞിരുന്നു. ഒടുവിൽ, ഒരിക്കലും മായാത്ത ആ മുറിപ്പാടുകളോടുകൂടിയാണ് പുന്നപ്ര^വയലാർ വിപ്ലവപോരാട്ട നായകൻ വിടവാങ്ങുന്നത്.
വി.എസ്. കൂടുതൽ കാലം താമസിച്ചത് കാവാലത്തും നീലംപേരൂർ പഞ്ചായത്തിലെ ചെറുകരയിലുമാണ്. അഭിഭാഷകൻ വെട്ടുവേലി ശിവരാമപ്പണിക്കരുടെ വീട്ടിലാണ് ഏറെക്കാലം തങ്ങിയത്. വലിയഭൂപ്രഭുക്കൾ ഉണ്ടായിരുന്നതിനാൽ ചെറുകരയിലാണ് ആളുകളെ സംഘടിപ്പിച്ചത്. അവർക്കെതിരായ പോരാട്ടം നയിച്ചു. മിച്ചഭൂമി സമരം, കുടികിടപ്പ് സംരക്ഷണസമരം, കൂലി കൂട്ടലിനുള്ള സമരം, ഏഴിനൊന്ന് പതത്തിനും നാലിലൊന്ന് തീർപ്പിനുമായുള്ള സമരം, പ്രാദേശിക തൊഴിൽ അവകാശത്തിനായുള്ള സമരം...പട്ടിക നീളുകയാണ്. എല്ലാസമരകേന്ദ്രങ്ങളിലും വി.എസ്. മുന്നണിപ്പോരാളിയായി.
കുട്ടനാടിനെപ്പറ്റി സംഘടനാപരമായി പഠിച്ച ലീഡറായിരുന്നു വി.എസ്. തായങ്കരി, പാണ്ടങ്കരി ഭാഗങ്ങളിലടക്കം കേസിൽപ്പെട്ട സഖാക്കളെ രക്ഷിക്കാൻ എല്ലാസഹായവും ചെയ്യുമായിരുന്നു. അടിയും ഇടിയും ഉണ്ടെങ്കിലും ഓരോസമരം കഴിയുമ്പോഴും വളണ്ടിയർമാർക്ക് കുറവുണ്ടായില്ല. വിമോചനസമരം കഴിഞ്ഞ് റേഷൻ വെട്ടിക്കുറച്ചതിനെതിരായി ആലപ്പുഴയിൽ നടന്ന സമരത്തിന്റെ നേതൃത്വം വി.എസിനായിരുന്നു. നിരണം ബേബി എന്നറിയപ്പെടുന്ന മുൻമന്ത്രി ഇ. ജോൺ ജേക്കബിന്റെ നിരണം പടക്കെതിരെ ശക്തമായ സമരമാണ് നയിച്ചത്. കുട്ടനാടിന്റെ പ്രിയ പുത്രൻ തയ്യൽക്കാരന്‍റെ റോളിലും പ്രവർത്തിച്ചു. കൈനകരി കുട്ടമംഗലത്തായിരുന്നു പ്രവർത്തനം. തൊഴിലാളികളുടെ ശക്തി കേന്ദ്രമായ ഇവിടെ പാർട്ടി പ്രചാരണമായിരുന്നു ഉദ്ദേശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.