'ചോര വാർന്ന് വി.എസ് മരിച്ചെന്ന് കരുതി ആരുമറിയാതെ മറവുചെയ്യാൻ പൊലീസ് കൊണ്ടുപോകവെ ലോക്കപ്പിലുണ്ടായിരുന്ന ഒരു കള്ളനാണ് വി.എസ് ശ്വാസമെടുക്കുന്നുണ്ടെന്ന് പറഞ്ഞത്'

നാലുവയസുള്ളപ്പോൾ അമ്മയെയും വർഷങ്ങൾക്കകം അച്ഛനെയും നഷ്ടമായതോടെ വി.എസ് അച്യുതാനന്ദന്റെ കുട്ടിക്കാലം അനാഥത്വം നിറഞ്ഞതായിരുന്നു. സഹോദരനാണ് സ്കൂളിലയച്ചും ജൗളിക്കടയിൽ ജോലി നൽകിയുമെല്ലാം ചേർത്തുപിടിച്ചത്. കൊടിയ ദാരിദ്ര്യവും യാതനകളും അതിജീവിച്ചാണ് വി.എസ് തന്റെ സമര ജീവിതം തുടങ്ങിയതുതന്നെ.

ആലപ്പുഴയിലെ കയർ ഫാക്ടറികൾ കേന്ദ്രീകരിച്ചുള്ള ട്രേഡ് യൂനിയൻ പ്രവർത്തനത്തിലൂടെ മുതലാളി, ജന്മി വർഗങ്ങൾക്കെതിരെ പോരാടിയാണ് തൊഴിലാളികളുടെ നേതാവായത്. പുന്നപ്ര -വയലാർ സമരത്തെ പൊലീസും ദിവാന്റെ പട്ടാളവും അടിച്ചമർത്തുന്ന വേളയിൽ പാലാ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ കൊടിയ മർദനമാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്.

ചോര വാർന്ന് സ്റ്റേഷനിലെ സെല്ലിൽ ബോധരഹിതനായ വി.എസ് മരിച്ചെന്ന് കരുതി ആരുമറിയാതെ മറവുചെയ്യാൻ പൊലീസ് കൊണ്ടുപോകവെ ലോക്കപ്പിലുണ്ടായിരുന്ന ഒരു കള്ളനാണ് വി.എസ് ശ്വാസമെടുക്കുന്നുണ്ടെന്ന് പറഞ്ഞത്. ഇതോടെ വി.എസിനെ പൊലീസുകാർ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. അങ്ങനെ, പൊലീസിന്റെ കൊടിയ മർദനത്തെ തുടർന്നുള്ള ‘മരണത്തിൽ നിന്ന് വി.എസ് പുനർജനിച്ചു’.

1964 ഏപ്രിൽ 11ന് സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് വി.എസ് അടക്കമുള്ള 32 പേർ ഇറങ്ങി പോയാണ് സി.പി.എം രൂപവത്കരിച്ചത്. പി. സുന്ദരയ്യ ജനറൽ സെക്രട്ടറിയായ കേന്ദ്ര കമ്മിറ്റിയിൽ വി.എസിനെയും ഉൾപ്പെടുത്തി. ആ നിലക്ക് സി.പി.ഐയെ ചെറുത്ത് കേരളത്തിലെ പലയിടത്തും പാർട്ടികെട്ടിപ്പടുക്കുന്നതിനുള്ള ചുമതലയും പിന്നീട് വി.എസിൽ വന്നുചേർന്നു. 1975 ജൂണിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. മറ്റു കമ്യൂണിസ്റ്റ് നേതാക്കളെ പോലെ വി.എസും ജയിലിലായെങ്കിലും അദ്ദേഹത്തിന് വലിയ മർദനമൊന്നും പൊലീസിൽ നിന്ന് ഏൽക്കേണ്ടി വന്നിട്ടില്ല. എം.എൽ.എ ആയതിനാൽ ജയിലിൽ നിന്നും പരിഗണനയാണ് കിട്ടിയത് എന്നാണ് അദ്ദേഹത്തെകുറിച്ചുള്ള പല എഴുത്തുകളിലും സൂചിപ്പിക്കുന്നത്.

Tags:    
News Summary - VS Achuthanandan -Side story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.