സമരഭരിതമായ അധ്യായം

കേരളത്തി​ന്റെ പൊതുവിലും ഇവിടത്തെ വിപ്ലവ പ്രസ്​ഥാനത്തി​ന്റെ പ്രത്യേകിച്ചും ചരിത്രത്തി​ന്റെ ശ്രദ്ധേയമായ പരിച്ഛേദമാണ് സഖാവ് വി.എസി​ന്റെ ജീവിതം. ഉജ്ജ്വല സമരപാരമ്പര്യത്തി​ന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തി​ന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി.എസ്.​ അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തി​ന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തി​ന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു. കേരള സർക്കാറിനെയും സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി.എസി​ന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തി​ന്റെ രാഷ്ട്രീയ ഈടുവെപ്പി​ന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും. ഒരു കാലഘട്ടത്തി​ന്റെ അസ്​തമയമാണ് വി.എസി​ന്റെ വിയോഗത്തോടെ ഉണ്ടാകുന്നത്. പാർട്ടിക്കും വിപ്ലവ പ്രസ്​ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്​ഥാനത്തിനാകെയും കനത്ത നഷ്​ടമാണ് ഇതുമൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്​ടം പാർട്ടിക്കു നികത്താനാവൂ.

1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ച അവസാനത്തെ കണ്ണിയാണ് വി.എസി​ന്റെ വിയോഗത്തിലൂടെ അറ്റുപോയത്. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിധ്യമാണ് അസ്​തമിച്ചുപോയത്. ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ പ്രസ്​ഥാനത്തി​ന്റെ കരുത്തനായ നേതാവ് എന്ന നിലയിലേക്ക് വി.എസ്​ വളരെ വേഗമുയർന്നു. പാർട്ടി വി.എസിനെയും വി.എസ്​ പാർട്ടിയെയും വളർത്തി. 1940ൽ, 17 വയസ്സുള്ളപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം അതിദീർഘമായ 85 വർഷമാണ് പാർട്ടി അംഗമായി തുടർന്നത്. കുട്ടനാട്ടിലേക്കുപോയ സഖാവ് വി.എസ്​ കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.

‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂനിയൻ’ എന്ന സംഘടനയുടെ രൂപവത്കരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്​ഥാനങ്ങളിലൊന്നായ ‘കേരള സംസ്​ഥാന കർഷകത്തൊഴിലാളി യൂനിയൻ’ ആയി വളർന്നതിലും വി.എസ്​ വഹിച്ചത് പകരം വെക്കാനില്ലാത്ത പങ്കാണ്. വി.എസി​ന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടി​ന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു.

വഹിച്ച സ്​ഥാനങ്ങളിലെല്ലാം സ്വന്തമായ മുദ്രകൾ ചാർത്തിയ നേതാവാണ് അദ്ദേഹം. കർഷകത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും ജീവിതദൈന്യം നേരിട്ടറിഞ്ഞിട്ടുള്ള വി.എസ്​, ത​ന്റെ അനുഭവങ്ങളെ കരുത്താക്കി മാറ്റി. ചൂഷിതരുടെ വിമോചനത്തിനായി നിലകൊണ്ട സഖാവ്, കർഷകത്തൊഴിലാളി പ്രസ്​ഥാനത്തെയും കമ്യൂണിസ്റ്റ് പ്രസ്​ഥാനത്തെയും ആ ദാർഢ്യത്തോടെ മുന്നോട്ടുനയിച്ചു. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരെയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.

കേവല രാഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്​ഥിതി, മനുഷ്യാവകാശം, സ്​ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വി.എസ്​ വ്യാപരിച്ചു. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെത്തന്നെ പൊതുസ്വീകാര്യതയിലേക്ക് വി.എസ്​ ഉയർന്നത്.



മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ, പാർട്ടിയും മുന്നണിയും ആവിഷ്കരിച്ച നയങ്ങൾ നടപ്പാക്കിക്കൊണ്ട് കേരളത്തെ മുന്നോട്ടുനയിച്ചു. പ്രതിസന്ധികളിൽ ഉലയാതെ സർക്കാറിനെ നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിരവധി ജനകീയ പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ചു. നിയമ നിർമാണ കാര്യങ്ങളിലും ത​ന്റേതായ സംഭാവനകൾ നൽകി. കേരളത്തി​ന്റെ രാഷ്ട്രീയ ചരിത്രത്തിൽ തനതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് വി.എസ്​. സഖാവ് വി.എസി​ന്റെ നിര്യാണം പാർട്ടിയെയും നാടിനെയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്​ടമാണ് സൃഷ്​ടിച്ചിരിക്കുന്നത്.

Tags:    
News Summary - VS achuthanandan: A chapter full of struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.