ഓരോരുത്തരും ആദരപൂർവം കഴുകേണ്ടത് അവരവരുടെ കാലാണ്. സ്വന്തം കാല് സ്വയം കഴുകാനാവാത്ത ഒരു രോഗാവസ്ഥയിൽ മാത്രമേ ഒരാൾ മറ്റുള്ളവരോട് കാലു കഴുകിക്കുവാൻ പാടുള്ളൂ. കാല് കഴുകിക്കൊടുക്കുന്നവരെയല്ല, ഒരടിയന്തര ആവശ്യവുമില്ലാതെ, ‘‘കഴുകിക്കോ, കഴുകിക്കോ’’ എന്നും പറഞ്ഞ്, ഒരു ജാള്യവുമില്ലാതെ, സ്വന്തം കാല് കഴുകിക്കുവാൻ സുഖിച്ച് ഇരുന്ന് കൊടുക്കുന്നവരെയാണ് ജനായത്തം വിചാരണ ചെയ്യേണ്ടത്.
കുട്ടികളോട് നിവർന്നുനിന്നുകൊണ്ട് മാഷുമാർ പറഞ്ഞുകൊടുക്കേണ്ടത്, മഹാത്മാ അയ്യൻകാളിയുടെ കൈയും പിടിച്ച് വിദ്യാലയത്തിൽ കയറിയ പഞ്ചമി ആരുടെയും കാല് കഴുകിയിട്ടില്ലെന്ന ആത്മാഭിമാനം ത്രസിപ്പിക്കുന്ന ചരിത്ര സത്യമാണ്. ‘അധഃസ്ഥിത സമൂഹം’ സ്കൂളിൽ കടന്നിരുന്നത് ഒരു തമ്പുരാന്റെയും കാലുപിടിച്ചിട്ടല്ല; ജാതി മേൽക്കോയ്മക്കെതിരെ മുഷ്ടിചുരുട്ടിയാണ്. നവോത്ഥാന പ്രതിഭകളും പ്രക്ഷോഭകാരികളും വിധേയത്വത്തിന്റെ വഴികളടച്ചാണ് അല്ലാതെ ഒരാചാര്യന്റെയും കാലിൽ വെള്ളമൊഴിച്ചിട്ടല്ല, ജീവിതത്തിൽ വെളിച്ചം വിതറിയത്.
എഴുത്തിനിരുത്തിയിട്ടല്ല, ഭദ്രദീപം കൊളുത്തിയിട്ടല്ല, യാഗം ചെയ്തിട്ടല്ല, പണിമുടക്കിയിട്ടാണ്, ‘കീഴാളർ’ പാഠശാലകളിൽ പ്രവേശനം നേടിയത്. മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ, ‘അടിസ്ഥാനജനത’യുടെ വിദ്യാഭ്യാസ അവകാശ സാക്ഷാത്കാരത്തിനുവേണ്ടി, ഒരു വർഷത്തിലേറെ നടന്നത്, പൂജയല്ല പ്രക്ഷോഭമാണ്. പുരാണങ്ങളല്ല, പൊരിവെയിലത്ത് നടത്തിയ അവിരാമമായ സമര പരമ്പരകളാണ് കീഴാള ജീവിതത്തിന്റെ ജ്വലിക്കുന്ന പ്രമാണം.
അതൊക്കെയും പൊളിച്ചിട്ടാണ്, അതിലൊക്കെയും വെള്ളമൊഴിച്ചിട്ടാണ്, രണ്ടാംവട്ട, ‘പാദപൂജ’ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാൽക്കൽ കുനിഞ്ഞിരിക്കേണ്ടി വരുന്ന പാവം കുട്ടികളല്ല, അവർക്ക്, വിമോചന ചരിത്രം പഠിപ്പിച്ചുകൊടുക്കാത്ത, അധ്യാപകരാണ് കുറ്റവാളികൾ! ‘‘നിങ്ങളുടെ വന്ദേമാതരങ്ങളും ഫാഷൻ പരേഡുകളും കൊണ്ടുപോയി ചുട്’’ എന്നാണ് പ്രബുദ്ധകാലം മുമ്പ് ആവശ്യപ്പെട്ടത്. പിന്നല്ലേ കാലു കഴുകൽ!
‘പാദപൂജ’ മാത്രമല്ല, ഏതു പൂജയും അതിൽ വിശ്വാസമുള്ള ആർക്കും നിർവഹിക്കാവുന്നതാണ്. അതിന്റെ ശരി-തെറ്റുകളെക്കുറിച്ചുള്ള സംവാദങ്ങൾ തുടരാവുന്നതാണ്. എന്നാൽ, വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായി, പാദപൂജ മാത്രമല്ല, താൽപര്യമില്ലാത്തവർക്ക് വിട്ടുനിൽക്കാൻ കഴിയാത്ത വിധമുള്ള ഒരു ആരാധനയും സ്കൂളുകളിൽ ഉണ്ടാകരുത്. സർവമത പ്രാർഥനയുടെ പേരിൽപോലും സ്കൂളടച്ചുപൂട്ടിയ ഇന്നത്തെ ഇന്ത്യനവസ്ഥയിൽ, ആർക്കും വ്യത്യസ്ത രീതിയിൽ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനും കഴിയും വിധമുള്ള ‘മൗന പ്രാർഥന’യാവും വിദ്യാലയങ്ങളിൽ ഉചിതം.
കൊസറക്കുള്ള ഒരവസരം കണ്ടെത്താൻ കാത്തിരിക്കുന്നവർക്ക്, കൊത്തിത്തിന്നാനുള്ള ഒന്നും ജനായത്തം ബാക്കിവെക്കരുത്. കൊള്ളാവുന്ന കാര്യം ചെയ്യുന്ന സർവരും അധ്യാപകരടക്കം ആദരിക്കപ്പെടേണ്ടവരാണ്. കൊള്ളരുതാത്ത കാര്യം ചെയ്യുന്നവർ എത്ര വലിയ ആചാര്യർ ആയാലും വിചാരണ ചെയ്യപ്പെടണം. ദ്രോണാചാര്യരെ ഓർക്കുമ്പോൾ, ഏകലവ്യനെ മറക്കരുത്. ‘കാൽ കഴുകിക്കും ഗുരുവിനെ സൂക്ഷിക്കണം.
ഭാവിയിൽ നിന്റെ പെരുവിരൽ ചോദിച്ചേക്കും’ (സി.എസ്. രാജേഷ്) പഴയ ഗുരുവിന്റെ പകർപ്പല്ല, പകർപ്പാവരുത് പുതിയ അധ്യാപകരെന്ന് തിരിച്ചറിയാത്ത ഭൂതസ്തംഭന മാനസികാവസ്ഥയിൽ അകപ്പെട്ടവരാണ് സ്വയം സൃഷ്ടിച്ച സുവർണ ഭൂതകാല മിഥ്യയിൽ വട്ടംകറങ്ങുന്നത്. ചന്തു മേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ മാധവൻ, ‘ഗുരുത്വക്കേടോ’ അങ്ങനെയൊരു വാക്കേ എനിക്കറിയുകയില്ല എന്ന് അമർത്തി പറഞ്ഞപ്പോൾ പൊളിഞ്ഞതാണ് സർവ പ്രതാപിയായ ആ പഴയ ഗുരുവിന്റെ ലോകം. പഴയ ജന്മിയല്ല പുതിയ വ്യവസായി, ശിഷ്യരല്ല വിദ്യാർഥികൾ, സഹൃദയരല്ല വായനക്കാർ, ഭാര്യാഭർത്താക്കന്മാരല്ല പങ്കാളികൾ, കാമുകീ കാമുകരല്ല അനുരാഗികൾ, കൂറല്ല സ്വാതന്ത്ര്യം!
സാമൂഹിക വളർച്ചയിലെ തുടർച്ചകൾക്കിടയിലെ, ഇടർച്ചകൾ മനസ്സിലാക്കിയിരുന്നെങ്കിൽ, മാഷമ്മാർ, വെള്ളമൊഴിക്കാൻ പാകത്തിൽ നീട്ടിവെച്ച സ്വന്തം തൃപ്പാദങ്ങൾ, സ്വയം, പിൻവലിക്കുമായിരുന്നു. കാലം മാറിയിട്ടും കാഴ്ചപ്പാട് മാറാത്തതുകൊണ്ടാണ് അവരിപ്പോഴും ‘അമാന്ത കൊടിമരങ്ങൾ’ കണക്ക് ഒന്ന് തളിർക്കാൻപോലുമാവാതെ, ‘ഒഴിച്ചോ എത്രവേണേലും ഒഴിച്ചോ’ എന്ന മട്ടിൽ കാലും നീട്ടി ഇരിക്കുന്നത്.
1960കളിൽപോലും രാജസ്ഥാനിൽ, രാജാവ് വാഹനത്തിൽ പോവുമ്പോൾ ‘പ്രജകൾ’ സൈക്കിളിൽനിന്നിറങ്ങി, ആദരപൂർവം ശിരസ്സ് ഭൂമിയിൽ സ്പർശിക്കുന്നതിനെക്കുറിച്ച്, കെ.എൻ. പണിക്കർ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പൗരരായി വളരാത്ത പ്രജകളുടെ കാര്യത്തിൽ കേരളവും അത്ര പിറകിലല്ല!
നാനാതരത്തിലുള്ള വിവേചനങ്ങളിലാണ് കാല് കഴുകൽ ആചാരത്തിന്റെ വേരുകൾ ആഴ്ന്നിരിക്കുന്നത്. പ്രശസ്ത സാഹിത്യ പ്രതിഭ എം. മുകുന്ദന്റെ ‘പുലയപ്പാട്ടി’ലെ കീഴാളനായ ഗൗതമൻ എന്ന കഥാപാത്രം, തമ്പുരാക്കന്മാരെ തിരിച്ചറിയുന്നത് അവരുടെ തിരുമുഖം കണ്ടിട്ടല്ല, തൃക്കാൽ കണ്ടിട്ടാണ്. തലതാഴ്ത്തി നടക്കാൻ മാത്രം പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ടായ ഒരു വമ്പൻ നേട്ടം. മഴവില്ല് കണ്ടിട്ടില്ലെങ്കിലെന്ത്, തമ്പുരാന്റെ മൊരിഞ്ഞ കാല് കാണാമല്ലോ!
ഭൂമി പൂജ, ദേശപൂജ, പാദപൂജ തുടങ്ങി പല പ്രകാരത്തിലുള്ള പൂജകൾ, അതിൽ വിശ്വാസമുള്ളവരുടെ ആരാധന എന്ന അവസ്ഥയും കഴിഞ്ഞ് പൊതു അവസ്ഥയായി വളരുമ്പോൾ ജനായത്തം ജാഗ്രത പാലിക്കണം. ഇന്ത്യയിലിന്ന് പാദപൂജ പഴയൊരു ആചാരമല്ല, നവഫാഷിസ്റ്റ് സാംസ്സാരിക ദേശീയത നിർമിച്ച, സ്ഫോടനശക്തിയുള്ളൊരു സാംസ്കാരിക ബോംബാണ്. ഭിന്ന പാരമ്പര്യങ്ങളുടെ കഴുത്തിലാണ്, ഏക പാരമ്പര്യ പ്രകീർത്തനങ്ങളുടെ ആ ഹിറ്റ്ലർ കത്തികൾ വന്നുവീണുകൊണ്ടിരിക്കുന്നത്!
പാഠപുസ്തകം തിരുത്തലും പാദപൂജാദികളുടെ വ്യാപനവും അതിന്റെ ന്യായീകരണവും തമ്മിലുള്ള അദൃശ്യ ബന്ധത്തെ ദൃശ്യപ്പെടുത്തുകയെന്നുള്ളതാണ് സാംസ്കാരിക വിമർശകരുടെ ദൗത്യം. രാഷ്ട്രീയ പൗരത്വത്തിനു പകരം മതപൗരത്വം സ്ഥാപിക്കാനുള്ള ശ്രമമാണ് രാജ്യത്തുള്ളത്. പാഠപുസ്തകങ്ങളുടെ നിർമിതി, യോഗ പരിശീലനം, റോഡുകളുടെ പുനർ നാമകരണം, ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമാക്കൽ തുടങ്ങി സ്റ്റേറ്റ് നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇതു പ്രകടമാണ്.
അതുവഴി ദേശീയതക്ക് നമുക്ക് പരിചയമില്ലാത്ത പുതിയ വർണം നൽകുകയാണ്. നേരത്തേ ഇത്തരം വർഗീയജൽപനങ്ങൾ ഹിന്ദുത്വവാദികളിലെ മതഭ്രാന്തരിൽമാത്രം ഒതുങ്ങിനിന്നിരുന്നു. കെ.എൻ. പണിക്കർ മാഷ് എഴുതിയതിലെ ആ ‘തുടങ്ങി’ എന്നുള്ളതിൽ, പാദപൂജയടക്കം ഇനിയെന്തൊക്കെ വന്നുചേരുമെന്ന് ഇപ്പോൾ പറയാനാവില്ല.
‘‘കുന്നംകുളം ഭാഗത്ത് വെള്ളാവണക്ക് കണ്ടമാനം വളരുന്നത് കണ്ടപ്പോൾ അവിടെ മഞ്ഞപ്പിത്തം വരാനിടയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ ധാരാളമായി മഞ്ഞപ്പിത്തം കണ്ടുതുടങ്ങി. വെള്ളാവണക്കിന്റെ കൂമ്പും മറ്റു ചില മരുന്നുകളും ചേർത്തുകഴിച്ചാൽ ഈ രോഗം ഭേദപ്പെടും.’’ ചങ്ങമ്പള്ളി കുഞ്ഞാലൻ ഗുരുക്കൾ, കെ.എം. വേണുഗോപാലുമായി ഒരഭിമുഖത്തിൽ പങ്കുവെച്ചതാണിത്.
ആനക്കാര്യത്തിലെന്ത് ചേനക്കാര്യം എന്നു ചോദിക്കുന്നവർ, ഏത് കാര്യത്തിലും അനിവാര്യമാണെങ്കിൽ ആനക്കും ചേനക്കും കാര്യമുണ്ടെന്നും ഓർക്കണം. പറഞ്ഞുവന്നത് പാദപൂജയുടെ കാര്യത്തിലും വേറൊരർഥത്തിൽ ചങ്ങമ്പള്ളി കുഞ്ഞാലൻ വൈദ്യർ പങ്കുവെച്ച ആശയം ഒരു ചെറിയ ഭേദഗതിയോടെ ‘പാദപൂജാദി’ സംഘപരിവാർ സാംസ്കാരിക യുദ്ധത്തിലും പ്രസക്തമാണെന്നാണ്.
സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റൽ, മഹാന്മാരെ പിടിച്ചെടുത്ത് സ്വന്തമാക്കൽ, ചരിത്രം തിരുത്തൽ, വ്യത്യസ്തതകളെ വിരോധങ്ങളാക്കൽ, പാദപൂജാദി ആചാരങ്ങളുടെ ആദർശവത്കരണം തുടങ്ങി; ചങ്ങമ്പള്ളി കുഞ്ഞാലൻ വൈദ്യർ കുന്നംകുളത്ത് ഒരു പ്രത്യേക സമയത്ത് വ്യാപകമായി വളരുന്നത് കണ്ട ആ വെള്ളാവണക്ക് പോലെ, ഇപ്പോൾ മുമ്പില്ലാത്തവിധം ഇന്ത്യയിലാകമാനം പലവിധത്തിൽ വളർന്നുകൊണ്ടിരിക്കുന്ന പാദപൂജ അടക്കമുള്ള പ്രത്യക്ഷ-പ്രച്ഛന്ന ജാത്യാചാരങ്ങൾ, മഞ്ഞപ്പിത്തത്തേക്കാൾ മാരകമായ സാംസ്കാരിക രോഗത്തിന്റെ അടയാളങ്ങാണ്.
എന്നാൽ, ആ വെള്ളാവണക്ക് വരാനിരിക്കുന്ന രോഗത്തെക്കുറിച്ചുള്ള താക്കീതായിരുന്നെങ്കിൽ, ഇപ്പോൾ ഇതാണ് അസ്സൽ ഭാരതീയ സംസ്കാരം എന്ന പരസ്യത്തോടെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പാദപൂജാദി ചാതുർവർണ്യ ആചാരങ്ങൾ, വരാനിരിക്കുന്ന ഏതോ വിപത്തിന്റെയല്ല, വന്നുകഴിഞ്ഞതും വളർന്നുകൊണ്ടിരിക്കുന്നതുമായ വിപത്തിന്റെ ഭാഗമാണ്. ആ വെള്ളാവണക്കിൽ രോഗത്തിനുള്ള മരുന്ന് കൂടി ഉണ്ടായിരുന്നെങ്കിൽ; ജാതി ഭൂതത്തെകൊണ്ടാടുന്ന പാദപൂജാദി ആചാരങ്ങളിൽ, ആ വിധം ഒരു മരുന്നുമില്ലെന്ന് മാത്രമല്ല, ജനതയുടെ സ്വതന്ത്രജീവിതത്തെ വിഷമയമാക്കുന്ന മൗലികമായ ചില ആശയങ്ങളുണ്ട് താനും!
അതിൽ ഒന്നാമത്തേത് വിദ്യാഭ്യാസത്തിന്റെ നാല് തൂണുകളിൽ പ്രധാനപ്പെട്ട ഒരുമിച്ച് ജീവിക്കാനുള്ള പരിശീലനത്തെ പൊളിക്കുക എന്നുള്ളതാണ്. എന്നാൽ, അത്രതന്നെ പ്രധാനപ്പെട്ടതാണ് ചില പ്രത്യേക ആചാരാദികൾക്ക്, സർക്കാർ സഹായത്തോടെ ‘യോഗ്യതാപട്ടം’ ചാർത്തുന്ന പ്രവർത്തനം.
അവസാനമായി ഇതിനെയൊക്കെ രാജ്യസ്നേഹം, രാജ്യദ്രോഹം, ദേശീയം, ദേശവിരുദ്ധം എന്നതിലേക്ക് ഉദ്ഗ്രഥിക്കലാണ്! നവ ഫാഷിസം ആഘോഷിക്കുന്ന, മേൽക്കോയ്മാ ദേശീയതയുടെ വിളംബരമാണ്, ‘പാദപൂജ’യെന്ന് മനസ്സിലാക്കാൻ പാദപൂജാ പ്രചാരണത്തിന് കേരളത്തിൽ നേതൃത്വം കൊടുക്കുന്ന ബി.വി.എൻ അഥവാ ഭാരതീയ വിദ്യാ നികേതന്റെ ഇതുസംബന്ധമായ പ്രചാരണങ്ങൾമാത്രം ശ്രദ്ധിച്ചാൽ മതിയാവും.
ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന അധ്യക്ഷനും സംഘ ധൈഷണികനുമായ പി. ഗോപാലൻ കുട്ടി മാസ്റ്റർ, ‘ജന്മഭൂമി’യിൽ എഴുതിയ ‘ഗുരുപൂജയും അനാവശ്യ വിവാദങ്ങളും’ എന്ന പ്രബന്ധത്തിന്റെ ഒറ്റവാക്യ സംഗ്രഹം: പാദപൂജാ വിമർശം രാഷ്ട്രസ്വത്വത്തെ തകർക്കാനുദ്ദേശിച്ചുള്ളതാണ് എന്നതിൽ ഒതുങ്ങും. അദ്ദേഹം ‘ജന്മഭൂമി’യിൽ എഴുതിയത്: ‘‘വ്യാസ ജയന്തിദിനത്തിൽ ലോക ഗുരുവായി വ്യാസ ഭഗവാനെ പൂജിക്കാനും ആ പരമ്പരയെ സ്മരിച്ച് മുഴുവൻ ഗുരുക്കന്മാരെയും പൂജിക്കുവാനും സംസ്കാര സമ്പന്നരും സ്വത്വബോധമുള്ളിലുണർന്നവരുമായ വ്യക്തികൾക്ക് തീർച്ചയായും സ്വാതന്ത്ര്യമുണ്ട്.’’ എന്നാണ്.
ഭാരതം വിശ്വഗുരുവാണ് എന്നൊരു സങ്കുചിത ആശയത്തിന്റെ വലിച്ചുനീട്ടലിനപ്പുറം ഇതിലൊന്നുമില്ല. നാമിന്ന് ജീവിക്കുന്ന ലോകം അസംഖ്യം അന്വേഷകരുടെയും പ്രക്ഷോഭകാരികളുടെയും വൈവിധ്യപൂർണമായ ആശയാദർശങ്ങളുടെയും സംയുക്തഫലമാണെന്നിരിക്കെ, അതൊരൊറ്റ രാജ്യത്തിന്റെ മാത്രം കണക്കുപുസ്തകത്തിൽ വരവ് വെക്കുന്നതിന്റെ അനൗചിത്യമാണ് ഇവിടെ വെട്ടിയിെട്ടാരു മരത്തടി കണക്ക് മുറിഞ്ഞുകിടക്കുന്നത്!
ഒരു മഹാനെ ചരിത്രപുരുഷനായും ഭഗവാനായും കാണാനോ കാണാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനുപകരം, ഞങ്ങൾ കൽപിക്കും നിങ്ങൾ അനുസരിക്കണം എന്ന മട്ടിലുള്ള അവതരണങ്ങളെ ജാതിമേൽക്കോയ്മക്ക് കീഴൊതുങ്ങാത്ത ആരും വകവെക്കില്ല. എത്ര ശുദ്ധജലം ആദരണീയരായ ആചാര്യന്മാരുടെ കാലിൽ ഒഴിച്ചാലും അതിൽനിന്നും മേൽക്കോയ്മാ ദേശീയതയുടെ അഴുക്കിന്റെ മണം ഒലിച്ചുപോവില്ല.
ഗുരുക്കന്മാരുടെ കാല് കഴുകാൻ താൽപര്യമില്ലാത്തവരെ മുഴുവൻ, ‘സമാജശത്രുക്കളും’, ‘രാഷ്ട്രവിദ്രോഹികളും’ അസൂയാലുക്കളുമായി മുദ്രകുത്തുന്ന കാഴ്ചപ്പാടാണ് സത്യത്തിൽ അസഹിഷ്ണുതയെ സ്വന്തം ആദർശമാക്കുന്നത്. എന്നിട്ടും സംഘധൈഷണികർ ആ കുറ്റവും കെട്ടിവെക്കുന്നത് ജനായത്ത കാഴ്ചപ്പാടിന്റെ ശിരസ്സിലാണ്. സംശയാലുക്കൾ, ‘ഗുരുപൂജയും അനാവശ്യ വിവാദങ്ങളും’ എന്ന പ്രബന്ധത്തിലെ ഏതെങ്കിലുമൊരു ഭാഗം മാത്രം വായിച്ചാൽ മതിയാവും!
മുമ്പൊരു മനുഷ്യൻ തനിക്കുചുറ്റും മാത്രം കറങ്ങി, സ്വയം പലവിധ ‘‘ജൽപനങ്ങളിൽ മുഴുകി നടന്നുപോവുകയായിരുന്നു. അങ്ങനെയിരിക്കെ തന്റെ കാലിൽ എന്തോ ഒന്ന് തൊടുന്നതായി അയാൾക്ക് തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഒരു പട്ടിയെ. ‘‘കാലു നക്കുന്ന നാശം പട്ടി’’ അയാൾ ആക്രോശിച്ചു.
എന്നിട്ട് പതിവുപോലെ എന്തോ വലിയ കാര്യംചെയ്ത മട്ടിൽ പതിവ്, ജൽപനങ്ങളിൽ മാത്രം ജയിച്ച് പിന്നെയും നടക്കാനാരംഭിച്ചപ്പോൾ ആ പട്ടി തിരിച്ചടിച്ചു. ‘‘ഹോയ്, അവിടെ നില്ല്; കാല് നക്കുന്ന കാര്യത്തിൽ ഞാൻ നിന്നോളമില്ല’’ എന്നും പറഞ്ഞത് ഓടിപ്പോയി! ‘ലുഷന്റെ ഒരു നായയുടെ തിരിച്ചടി’ എന്ന കവിതയുടെ സ്വതന്ത്രസംഗ്രഹം ഒന്നിനും വേണ്ടിയല്ലാതെ ഓർമയിൽനിന്ന്!
വിദ്യാദാനത്തിൽനിന്നും ഗുരുകുലത്തിൽനിന്നും ഒരു ജനത പുറത്തുകടന്ന് നിവർന്നുനിന്ന് മുന്നേറിയത് ഒരു ആചാര്യന്റെയും കാലു കഴുകിയിട്ടല്ല. നിരവധി അധിനിവേശ കടമ്പകൾ പിന്നിട്ടാണ്, അടിസ്ഥാന ജനവിഭാഗങ്ങൾ, വിദ്യ സ്വന്തം അവകാശമാണെന്ന തിരിച്ചറിവിലേക്ക് വളർന്നത്. പ്രസ്തുത സങ്കീർണ സമരപ്രക്രിയയെയാകെ ആചാര്യന്മാരിലേക്കോ വിദ്യാലയങ്ങളിലേക്കോ ആചാരങ്ങളിലേക്കോ വെട്ടിയൊതുക്കാനാവില്ല.
മാഷന്മാരുടെ കാലിൽ ഒഴിക്കാൻ വെച്ച വെള്ളം അടുപ്പത്തുതന്നെ വെക്കുന്നതാവും നല്ലത്. ‘‘ഞങ്ങളുടെ ഉണർച്ചകളുടെ കടലാക്രമണം തടയാൻ/നിങ്ങൾ കപടചരിത്രങ്ങളും പുറം പരിഷ്കാരങ്ങളുംകൊണ്ട് പാഴ്ചിറ കെട്ടുന്നു./ ഒരിടത്ത് നിങ്ങൾ ഞങ്ങളുടെ ചിന്തയുടെ പഴുതടക്കുമ്പോൾ/മൂന്നിടത്ത് അതൊന്നിച്ച് ചോദ്യങ്ങൾ തെറിപ്പിച്ച് വരമ്പ് മുറിക്കുന്നു./ വാക്കുകളെ ജീവിതത്തിൽനിന്നടത്തിമാറ്റുന്ന നിങ്ങളുടെ ചതിയൻ ഗ്രന്ഥങ്ങൾ വലിച്ചെറിഞ്ഞ്, ഞങ്ങൾ വലിയ വായനശാലകളിലേക്ക് പോകുന്നു/ ഞങ്ങൾ ശരിയായ പുസ്തകങ്ങൾ വായിക്കുന്നു/ ത്രിവർണ പുറഞ്ചട്ട മാറ്റി/ ഞങ്ങൾ ഇന്ത്യയെ നഗ്നമായി വായിക്കുന്നു/ നിങ്ങൾ തുണ്ടം തുണ്ടമാക്കി മുറിച്ച ജീവിതത്തെ/ ഒന്നിച്ച് കൂട്ടിവെച്ച്/ ഞങ്ങൾ മുഴുവനും തപ്പിത്തപ്പി വായിച്ചെടുക്കുന്നു/ പഠനമുറികളിലും പരീക്ഷണശാലകളിലും പണിശാലകളിലുമിരുന്ന്/ ഞങ്ങൾ ഭാവിയുടെ ജാതകം ഗണിക്കുന്നു.’’ (‘ഒരിന്ത്യൻ വിദ്യാർഥിയുടെ ആത്മഗതം: സച്ചിദാനന്ദൻ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.