തറയോട് ചേർന്ന് പതിഞ്ഞമർന്ന നിലയിലായിരുന്നു നിർജീവമായ ആ പല്ലിയുടെ കിടപ്പ്. കീഴ് വയറിന് വലതുവശത്തും മാധ്യത്തിലുമായി മർദനമേറ്റതു പോലുള്ള ക്ഷതങ്ങൾ. കണ്ഠനാഡികൾ പൊട്ടി പുറത്തേക്കു ചാടി. കഴുത്ത് വികൃതമായിരുന്നു. പുറംതൊലിയിൽനിന്നും ജലാംശം പൂർണമായും നഷ്ടപ്പെട്ട വരണ്ടുണങ്ങിയ ശരീരം മുറിവിൽനിന്നും അടർന്നുവന്ന പൊറ്റ കണക്കെ കാറ്റിൽ പറന്ന് പോകുംവിധം ദുർബലമായിരുന്നു.
മൃതദേഹം വിദഗ്ധമായി പരിശോധിച്ച ശേഷം കണ്ടെത്തിയ വിവരങ്ങൾ അന്വേഷകരായ രണ്ട് ഉറുമ്പുകൾ പരസ്പരം പങ്കുവെച്ചു. എല്ലാവരും കരുതുംപോലെ ആത്മഹത്യ എന്ന നിഗമനത്തോട് തീരുമാനമുറപ്പിക്കാൻ ഉറുമ്പുകൾക്ക് അപ്പോഴും കഴിയുമായിരുന്നില്ല. കാരണം ശരീരത്തിൽ പതിഞ്ഞിരിക്കുന്ന ആഴത്തിലുള്ള ക്ഷതങ്ങൾ പിന്നെ മരണത്തിന്റെ അവസാന നിമിഷത്തിലും ‘തന്നെ കൊല്ലരുതേ’ എന്ന മട്ടിൽ വിടർത്തിവെച്ചിരിക്കുന്ന കൈകാലുകളുടെ കിടപ്പ്.
ഈ വക സൂചനകളെല്ലാം തന്നെയാണ് അന്വേഷണോത്സുകരായ ഉറുമ്പുകളെ മറ്റുള്ളവരിൽനിന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ദേഹവിയോഗം സംഭവിച്ച പല്ലിയെ അവസാനമായി കണ്ട തൊഴുകൈയൻ പ്രാണിയോട് ഉറുമ്പുകൾ കാര്യമന്വേഷിച്ചപ്പോൾ ഇന്നലെ പാതിരാത്രിവരെയും പല്ലി മച്ചിൽ പറ്റിച്ചേർന്ന് ഇരിക്കുകയായിരുന്നു എന്നാണ് മറുപടി കിട്ടിയത്. രാത്രിയിൽ ആ വഴി കടന്നുപോയ മുപ്ലിവണ്ടിനോടും കൂറയോടും കരിക്കുന്നനോടുമെല്ലാം വിവരങ്ങൾ ആരാഞ്ഞപ്പോൾ അവരെല്ലാം തന്നെ തൊഴുകൈയൻ പ്രാണിയിൽനിന്നും ലഭിച്ച അതേ മറുപടി തന്നെയാണ് ആവർത്തിച്ചത്.
പല്ലിയെ മരണം വന്ന് തീണ്ടാനുള്ള പല വഴികളെ കുറിച്ച് ഉറുമ്പുകൾ തല പുകഞ്ഞാലോചിച്ചിട്ടും കൃത്യമായൊരു ഉത്തരത്തിലെത്താൻ അവർക്ക് കഴിഞ്ഞില്ല. ജീവനറ്റ പല്ലിയുടലിലേക്ക് നോക്കുമ്പോഴൊക്കെ അത് ചോദ്യ ചിഹ്നത്തിന്റെ അറ്റം വളഞ്ഞ കൂപ്പായ് മാറി അവരുടെ കുഞ്ഞു മസ്തിഷ്കങ്ങളെ കൊളുത്തി വലിച്ചുകൊണ്ടിരുന്നു. അതുമൂലം ഉളവായ അസ്വസ്ഥത സഹിക്കവയ്യാതായപ്പോൾ ഉറുമ്പുകൾ ഒരു തീരുമാനത്തിലെത്തി.
‘ഈ മൃതദേഹത്തിന്റെ സാന്നിധ്യം കാരണമാണല്ലോ നമ്മൾക്ക് സ്വസ്ഥത നഷ്ടപ്പെടുന്നത്. അതിന് പരിഹാരമായി നമുക്ക് ഈ ഉടലവശേഷിപ്പിനെ തിന്നു തീർക്കാം.’ അതുതന്നെയാണ് ഇപ്പോഴനുഭവിക്കുന്ന വീർപ്പുമുട്ടലിൽനിന്ന് മോചനം നേടാനുള്ള ഉചിതമായ പ്രതിവിധി എന്നുറപ്പിച്ച് ഉറുമ്പുകൾ മൃതശരീരത്തിലൂടെ തങ്ങളുടെ കൊച്ചരിപ്പല്ലുകൾ നൊട്ടിയരിച്ചു. പല്ലുകളുടെ മൂർച്ച ഉടലാഴങ്ങളിൽ ചെന്ന് തൊട്ടപ്പോൾ പല്ലിയുടെ ആത്മാവ് ഉയർന്നു. എന്നിട്ട് ഉറുമ്പുകളോട് പറഞ്ഞു.
‘കാലങ്ങളായി ഒരേ നിൽപിൽ മടുത്ത മച്ചിന് ഇന്നലെ അർധരാത്രി കഴിഞ്ഞപ്പോൾ നിലം തൊടണമെന്നൊരാശ വന്നു. എന്നാൽ, വംശപരമ്പരകളായി ഖലാസികളെ പോലെ ഉത്തരംതാങ്ങി നിർത്തുന്ന തന്നെപ്പോലുള്ളവർ ഉണ്ടാകുമ്പോൾ നിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല എന്ന് ഞാനും പറഞ്ഞു. വാക് തർക്കം രൂക്ഷമായപ്പോൾ മച്ച് സകലശക്തിയോടെയും എന്നിലേക്ക് ഭാരംചെലുത്താൻ തുടങ്ങി.
ആ രൂഢ കമാനങ്ങളും തൂൺകാലുകളും മച്ചിന് കരുത്ത് പകർന്നു. എന്നാൽ, കഴിയും വിധം ഞാൻ പരമാവധി പിടിച്ച് നിൽക്കാൻ ശ്രമിച്ചു. പക്ഷേ, അമർന്ന് തിങ്ങുന്ന ഭാരത്തിന് മുന്നിൽ ഒടുവിൽ ഞാൻ പരാജയപ്പെട്ടു. മച്ച് എന്നെ നിലത്തമർത്തി ചതച്ചുകൊന്ന് അതിന്റെ ആഗ്രഹം സഫലമാക്കി. വർഗബോധമുള്ള തൂണുകൾ നിവർന്നുനിന്ന് നിലംമുട്ടിയ മച്ചിനെ ഉയർത്തി പഴയവിധം ശരിയാക്കി നിർത്തി. അവസാനം ചത്തുമലച്ച് നിലത്ത് ഞാൻ മാത്രം ബാക്കിയായി.’
ആത്മാവിൽനിന്നും വിവരങ്ങൾ കേട്ടറിഞ്ഞപ്പോൾ തലപ്പെരുക്കം അയഞ്ഞ് ഉറുമ്പുകൾക്ക് സ്വസ്ഥത കൈവന്നു. അവർ മൃതഭോജനം നിർത്തി അനുകമ്പയോടെ പല്ലിയുടലിലേക്കു നോക്കി. പിന്നെ ദുരൂഹതയോടെ തല ഉയർത്തി മുകളിലേക്ക് കണ്ണയച്ചു. മരത്തടിയിൽ കൊത്തിവെച്ച മച്ചിലെ വ്യാളീരൂപങ്ങൾ നിഗൂഢഭാവത്തോടെ തങ്ങളെ നോക്കി ഭയപ്പെടുത്തുംവിധംഇളിച്ചുകാട്ടുന്നതായി ഉറുമ്പുകൾക്ക് തോന്നിച്ചു. പതിയെ അടർന്നിളകുന്ന ശബ്ദങ്ങളോടെ ഉറുമ്പുകളെ ഞെരിച്ചമർത്താനായി മച്ച് താഴേക്ക് വന്നുകൊണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.