‘അവശേഷിക്കുന്നത് വിവരാവകാശ നിയമമല്ല; വിവര തിരസ്കരണ നിയമമാണെ’ന്ന് ശശി തരൂർ പറഞ്ഞപോലെ, വിവരാവകാശ നിയമത്തിൽ നിന്ന് ഓരോ വകുപ്പുകളും വിഭാഗങ്ങളുമായി ഒഴിവാക്കപ്പെടുകയാണിന്ന്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങെളക്കുറിച്ച് പൗരന്മാര്ക്ക് വിവരങ്ങള്‍ നേടാനും ഭരണ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നിർമിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയ ജനകേന്ദ്രീകൃത നിയമങ്ങളിലൊന്നായ വിവരാവകാശ നിയമത്തെ തളർത്താൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടത്തുന്ന ശ്രമങ്ങളിലൂടെ...
ഒന്നാം യു.പി.എ സർക്കാറിന്റെ ഏറ്റവും മികച്ച ചുവടുവെപ്പുകളിലൊന്നായിരുന്ന വിവരാവകാശ നിയമത്തിന് 20 വയസ്സാകാൻ പോകുന്നു. ഭരണസുതാര്യത ഉറപ്പുവരുത്താനും ഭരണാധികാരികളെ ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാനുമുള്ള ഏറ്റവും മികച്ച മാർഗമെന്ന സങ്കൽപത്തിലാണ് ഇത്തരമൊരു വിപ്ലവാത്മകമായ നീക്കം അന്നത്തെ മൻമോഹൻ സർക്കാർ നടത്തിയത്.
ജനങ്ങളുടെ അറിയാനുള്ള ഭരണഘടനാപരമായ അവകാശത്തിന് നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടൊരുക്കപ്പെടുകയായിരുന്നു ഈ നിയമത്തിലൂടെ. വിവരാവകാശ നിയമം വലിയ മാറ്റങ്ങൾ നമ്മുടെ രാജ്യത്ത് കൊണ്ടുവന്നിട്ടുണ്ട്; ‘വിവരാവകാശ പ്രവർത്തനം’ എന്നൊരു സംജ്ഞതന്നെ രൂപപ്പെട്ടിട്ടുണ്ട്. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെ കൂടുതൽ ആധികാരികമാക്കാനും ഈ നിയമത്തിലൂടെ സാധിച്ചു.
എന്നാൽ, അധികാരിവർഗത്തെ സംബന്ധിച്ച് നിയമം ചെറുതല്ലാത്ത തലവേദനയും സൃഷ്ടിച്ചിട്ടുണ്ട്. ഭരണതലത്തിൽ നടന്ന പല അഴിമതിയും ‘വിവരാവകാശ പ്രവർത്തകർ’ പുറത്തുകൊണ്ടുവന്നതും ജനങ്ങളുടെ ചോദിക്കാനും അറിയാനുമുള്ള അവകാശത്തിന് നിയമത്തിലൂടെ പുത്തൻ മാനം കൈവന്നതുമെല്ലാം ഭരണവർഗത്തിന് ക്ഷീണമായിരുന്നു. അതുകൊണ്ടുതന്നെ, നിയമം പ്രാബല്യത്തിൽ വന്നതുമുതൽ തന്നെ അതിനെ ദുർബലമാക്കാനുള്ള ശ്രമങ്ങളും അണിയറയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു.
രണ്ട് പതിറ്റാണ്ടിനിപ്പുറം വിവരാവകാശ നിയമം നന്നേ ദുർബലമായിട്ടാണ് അനുഭവപ്പെടുക. മൂന്ന് തരത്തിലാണ് ഇത് ദുർബലമാക്കപ്പെട്ടിരിക്കുന്നത്: ഒന്ന്, വിവരാവകാശ ചോദ്യങ്ങളെ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് അവഗണിക്കൽ; രണ്ട്, വിവരാവകാശ നിയമത്തിന്റെ ഭാഗമായുള്ള സംവിധാനങ്ങളെ സ്തംഭിപ്പിക്കൽ; മൂന്ന്, നിയമത്തിന്റെ സ്പിരിറ്റ് ചോർത്തിക്കളയുംവിധമുള്ള ഭേദഗതികൾ.
വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംവിധാനം ഏതാണ്ട് പൂർണമായും സ്തംഭനാവസ്ഥയിലാണെന്ന് പറയാം. പല സംസ്ഥാനങ്ങളിലെയും വിവരാവകാശ കമീഷനുകൾ നോക്കുകുത്തിയാണ്. പലയിടത്തും സംസ്ഥാന വിവരാവകാശ കമീഷണർ തന്നെയില്ലാത്ത അവസ്ഥയുമുണ്ട്. ഝാർഖണ്ഡിൽ കഴിഞ്ഞ നാല് വർഷമായി വിവരാവകാശ കമീഷൻ തന്നെയില്ലായിരുന്നു.
ഏഴ് സംസ്ഥാനങ്ങളിലെങ്കിലും, 2024ൽ സമാനമായ സാഹചര്യമുണ്ടായി. ഇതിനെക്കാൾ കഷ്ടമാണ് കേന്ദ്ര വിവരാവകാശ കമീഷന്റെ കാര്യം. വിവരാവകാശ കമീഷണറെ നിയമിക്കുന്നതിൽ കാലതാമസം വരുത്തുന്നതിനെതിരെ സുപ്രീംകോടതിക്കുപോലും ഇടപെടേണ്ടിവന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സതർക് നാഗരിക് സംഗതൻ (എസ്.എൻ.എസ്) എന്ന എൻ.ജി.ഒ കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ (Report Card on the Performance of Information Commissions in India, 2023-24) വിവരാവകാശ നിയമത്തിന്റെ വർത്തമാനകാല പ്രതിസന്ധി വിവരിക്കുന്നുണ്ട്.
2024 ഒക്ടോബർവരെയുള്ള വിവരമനുസരിച്ച്, ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ വിവരാവകാശ കമീഷൻ പ്രവർത്തിക്കുന്നില്ലെന്ന് പറയാം. ഝാർഖണ്ഡ്, ത്രിപുര, തെലങ്കാന, ഗോവ, മധ്യപ്രദേശ്, യു.പി, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് വിവരാവകാശ കമീഷന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുന്നത്. ഇതിൽ ചില സംസ്ഥാനങ്ങളിൽ പിന്നീട് കോടതി ഇടപെടലിനെതുടർന്ന് പ്രവർത്തനം പുനരാരംഭിച്ചു.
ഇതേ കാലയളവിൽ കർണാടകപോലുള്ള സംസ്ഥാനങ്ങളിൽ മുഖ്യവിവരാവകാശ കമീഷണറുടെ അഭാവത്തിലും ഓഫിസ് പ്രവർത്തിച്ചു. 2023 ജൂൺമുതൽ 2024 ജൂലൈവരെ 2.31 ലക്ഷം അപ്പീലുകളും പരാതികളുമാണ് കമീഷനുകൾക്ക് ലഭിച്ചത്. ഇതിൽ തമിഴ്നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ അപ്പീൽ/ പരാതികളുടെ എണ്ണം ലഭ്യമല്ല. അപ്പോൾ, ഒരുവർഷം ഏതാണ്ട് രണ്ടര ലക്ഷത്തിലധികം അപ്പീൽ ലഭിച്ചുവെന്ന് കണക്കാക്കാം.
അതേ കാലയളവിൽ തീർപ്പാക്കിയത് 2.25 ലക്ഷം പരാതികളാണ്. ഇതിൽ മുൻവർഷത്തെ പരാതികളുമുണ്ടാകാം. 2024 ജൂലൈ 30ലെ കണക്കുപ്രകാരം, നാല് ലക്ഷം പരാതികൾ/അപ്പീലുകളാണ് കമീഷന് മുന്നിൽ വിധി കാത്തുകിടക്കുന്നത്. കേന്ദ്ര വിവരാവകാശ കമീഷന് മുന്നിൽതന്നെ കെട്ടിക്കിടക്കുന്നത് കാൽ ലക്ഷത്തോളം പരാതികളാണ്.
ഒരുവർഷം ശരാശരി രണ്ടരലക്ഷം അപ്പീലുകൾ വന്നിട്ടും പിഴ ഈടാക്കുന്ന കേസുകൾ നാമമാത്രമാണെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. മേൽ സൂചിപ്പിച്ച കാലയളവിൽ പിഴ ഈടാക്കിയ കേസുകളുടെ എണ്ണം വെറും 3953 ആണ്. ഈ വകയിൽ സർക്കാറിന് എട്ട് കോടി രൂപ കിട്ടി.
2005ൽ വിവരാവകാശ കമീഷൻ സ്ഥാപിതമാകുമ്പോൾ അതിന് സ്വതന്ത്ര അസ്തിത്വമായിരുന്നു കൽപിക്കപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ, പി.എസ്.സി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെപോലെ സ്വയംഭരണ പദവിയായിരുന്നു വിവരാവകാശ കമീഷനും ഉണ്ടായിരുന്നത്. വിവരാവകാശ കമീഷന്റെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തിയതും വേതന വ്യവസ്ഥകൾ തെരഞ്ഞെടുപ്പ് കമീഷന്റേതിന് സമാനമാക്കി മാറ്റിയതുമെല്ലാം ഇതിന്റെ ഭാഗമായിട്ടാണ്.
എന്നാൽ, മോദി സർക്കാറിന്റെ രണ്ടാമൂഴത്തിൽ നിയമത്തിൽ കേന്ദ്ര സർക്കാർ കടുംവെട്ട് നടത്തി. 2019ലെ നിയമഭേദഗതിയനുസരിച്ച്, കമീഷനെ നിയമിക്കുന്നതും അവരുടെ കാലാവധി നിശ്ചയിക്കുന്നതും ശമ്പളം തീരുമാനിക്കുന്നതുമെല്ലാം കേന്ദ്ര സർക്കാറാണ്. കമീഷനെ പൂർണമായും കൈപ്പിടിയിലൊതുക്കാൻ ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാറിനായി. നിയമഭേദഗതി പാസായതോടെ, കമീഷന്റെ സ്വയം ഭരണാവകാശം തന്നെയാണ് ഇല്ലാതായത്.
വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നെങ്കിലും പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിൽ അതെല്ലാം അവഗണിക്കപ്പെട്ടു. ഒരു ലേഖനത്തിൽ ശശി തരൂർ ഇങ്ങനെ എഴുതി: ‘അവശേഷിക്കുന്നത് വിവരാവകാശ നിയമമല്ല; വിവര തിരസ്കരണ നിയമമാണ്’. മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരാവകാശ പ്രവർത്തകരുടെ അന്വേഷണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതുമുതലാണ് കമീഷനെതിരെ കേന്ദ്രം തിരിഞ്ഞതെന്ന കാര്യവും ശ്രദ്ധേയമാണ്.
പാർലമെന്റ് പാസാക്കിയ ഡിജിറ്റൽ വ്യക്തിവിവരണ സംരക്ഷണ നിയമം (ഡി.പി.ഡി.പി നിയമം) 2023 ആഗസ്റ്റ് 11ന് ആണ് ഗസറ്റിൽ വിജ്ഞാപനം ചെയ്തെങ്കിലും ഇനിയും പ്രാബല്യത്തിലായിട്ടില്ല. ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ചതാണ് ഡി.പി.ഡി.പി നിയമം. വിവരങ്ങളെ ഡിജിറ്റൽ, ഡിജിറ്റൽ അല്ലാത്തത് എന്നിങ്ങനെ വേർതിരിച്ചുള്ളതല്ല, വിവരാവകാശ നിയമം.
അതിനാൽ വിവരാവകാശ നിയമത്തിലെ പൊതു സ്വഭാവമുള്ള വ്യവസ്ഥയെ ഡി.പി.ഡി.പി നിയമത്തിലൂടെ ഭേദഗതി ചെയ്യാനാകുമോ എന്നതിലാണ് ആശങ്ക. ഏതൊക്കെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടാത്തവയാണ് എന്നതാണ് വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പ്. അതിലെ 8(1)(ജെ) ഉപവകുപ്പിലാണ് വ്യക്തിഗത വിവരങ്ങൾ പരാമർശിക്കുന്നത്. അതനുസരിച്ച് പൊതുതാൽപര്യവുമായോ പൊതുപ്രവർത്തനവുമായോ ബന്ധമില്ലാത്തതോ വ്യക്തിയുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുന്നതോ ആയ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.
ഭൂരിപക്ഷ പൊതുതാൽപര്യത്തെ ന്യായീകരിക്കുന്നതാണോ വ്യക്തിഗത വിവരത്തിന്റെ വെളിപ്പെടുത്തലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തീരുമാനിക്കാം. വെളിപ്പെടുത്താവുന്നതും അല്ലാത്തതുമായ വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ വിവരാവകാശ നിയമത്തിൽ ഉണ്ടായിരുന്നു. എന്നാൽ, വ്യക്തിഗത വിവരങ്ങൾ ഒന്നും വെളിപ്പെടുത്തേണ്ടതില്ല എന്നാണ് ഡി.പി.ഡി.പി നിയത്തിലെ 44(3) പറയുന്നത്.
സുപ്രീംകോടതി ‘പുട്ടുസ്വാമി കേസി’ലെ വിധിയിലൂടെ സ്വകാര്യത മൗലികാവകാശമാക്കിയെന്നും അതിനാൽ വ്യക്തിഗത വിവരങ്ങൾക്കെല്ലാം സംരക്ഷണം ആവശ്യമാണ് എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, വിവരാവകാശ നിയമത്തിലെ വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച വ്യവസ്ഥ സ്വകാര്യതയുടെ ലംഘനമാകുമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. അതിനാൽ ആ വാദം മുഖവിലക്ക് എടുക്കാനാവില്ല.
വ്യക്തിഗത വിവരങ്ങൾ എന്നതിനെക്കുറിച്ച് ഡി.പി.സി.പി നിയമത്തിലുള്ള നിർവചനം വ്യക്തതയില്ലാത്തതാണ്. അതിനാൽ വിവരാവകാശ നിയമത്തിലെ വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയേറും. വിവരാവകാശ നിയമപ്രകാരം മറുപടി നൽകേണ്ട ഉദ്യോഗസ്ഥർ വിവേചനാധികാരം സൗകര്യം പോലെ പ്രയോഗിക്കാം. വിവരം വ്യക്തിഗത ഗണത്തിൽപ്പെടുന്നതാണെന്ന് തീർപ്പ് കൽപിച്ച് നിഷേധിക്കാം.
വിവരാവകാശ അപേക്ഷകരെ ശത്രുവായി കാണുന്ന സമീപനമാണ് ഇന്നും പല ഉദ്യോഗസ്ഥരും തുടരുന്നത്. രണ്ട് പതിറ്റാണ്ടിലെത്തിനിൽക്കെ വിവരം നൽകുന്നത് ഔദാര്യമാണെന്ന സമീപനത്തിൽനിന്ന് മാറേണ്ടതുണ്ടെന്നാണ് വിവരാവകാശ അപേക്ഷകർ പറയുന്നത്. അപേക്ഷകർക്ക് ഒഴുക്കൻ മട്ടിലുള്ള മറുപടിയല്ല, ആവശ്യപ്പെട്ട വിവരമാണ് നൽകേണ്ടത്. അപ്പീൽ വിചാരണകളിൽ വിവരം നൽകിയിട്ടില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ താക്കീതും വിവരം നൽകാനുള്ള നിർദേശങ്ങളും മാത്രമാണ് ഉണ്ടാകുന്നത്.
പിഴ ശിക്ഷ പലപ്പോഴും കടലാസിൽ മാത്രമൊതുങ്ങുന്നു. വിവരാവകാശ അപേക്ഷകർക്ക് മറുപടി നൽകുന്നതിൽ നിരന്തരം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവവും വീഴ്ചയും കമീഷൻ ഗൗരവത്തോടെ കാണണമെന്ന് ആവശ്യമുയരുന്നുണ്ട്. നിയമം നടപ്പിൽ വന്ന് 20 വർഷം കഴിഞ്ഞിട്ടും അപേക്ഷകന്റെ അവകാശത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും പല ഉദ്യോഗസ്ഥർക്കും വേണ്ടത്ര ധാരണയില്ലെന്നാണ് വിവരാവകാശ കമീഷൻ ജില്ല ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന സിറ്റിങ്ങുകളിൽനിന്ന് വ്യക്തമാകുന്നത്.
'വിവരാവകാശ അപേക്ഷകളില്‍ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള്‍ സ്വീകാര്യമല്ല. നിരസിക്കുകയാണെങ്കിൽ അതിന്റെ നിയമപരമായ കാരണം വിശദീകരിക്കണം. മറുപടികൾ വ്യക്തമായിരിക്കണം. വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത ഉദ്യോഗസ്ഥര്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. സര്‍ക്കാര്‍ ഫയലുകളില്‍ നടപടികള്‍ വൈകുന്നതിനാലും പൂഴ്ത്തിവെക്കുന്നതിനാലുമാണ് വിവരാവകാശ അപേക്ഷകള്‍ വര്‍ധിക്കുന്നത്'. - ടി.കെ. രാമകൃഷ്ണന് (സംസ്ഥാന വിവരാവകാശ കമീഷണര്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.