വി.എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഞാൻ സംസ്ഥാന സ്പോർട്സ് യുവജന കാര്യവകുപ്പിൽ അഡീഷനൽ ഡയറക്ടറായി നിയമിതനാകുന്നത്...
2008ലെ ബീജിങ് ഒളിമ്പിക്സിലേക്കുള്ള സംസ്ഥാന പ്രതിനിധി സംഘത്തിൽ അംഗമായി എന്റെ പേരും നിർദേശിക്കപ്പെട്ടിരുന്നു. എന്നാൽ, ആ സമയത്ത് ഞാൻ സംസ്ഥാന യുവജന ക്ഷേമബോർഡ് മെമ്പർ സെക്രട്ടറി ആയിരുന്നതുകൊണ്ട് അനുമതി നൽകരുതെന്ന് അന്നത്തെ സ്പോർട്സ് വകുപ്പ് സെക്രട്ടറി ഫയലിൽ എഴുതിവച്ചു... സംഘം പുറപ്പെടാൻ പിന്നെ അധിക ദിവസങ്ങൾ ഉണ്ടായതുമില്ല.
അപ്പോഴാണ് സ്പോർട്സ് വകുപ്പ് മന്ത്രി വിജയകുമാറിന്റെ പി.എസ് എ.ജി. ശശിധരൻ നായരുടെ ഒരു ഫോൺ കാൾ.
"അത്യാവശ്യമായി ഇവിടെ വരണം." പെട്ടന്ന് ഞാൻ മന്ത്രിയുടെ ഓഫിസിലെത്തി. പ്രൈവറ്റ് സെക്രട്ടറിയുടെ റൂമിലേക്ക് കയറിയ ഉടൻ തന്നെ അദ്ദേഹം പറഞ്ഞു: "സ്പോർട്സ് പങ്കാളിത്തം, വിദ്യാഭ്യാസ യോഗ്യതകൾ, കളിയെഴുത്ത്... ഇതൊക്കെ ചേർത്ത് ഒരു അപേക്ഷയെഴുതി മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുക്കുക.
കാണാനുള്ള അനുമതിയും സി.എമ്മിന്റെ സെക്രട്ടറി, ഇന്നത്തെ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വഴി അദ്ദേഹം ചെയ്തുതന്നു. ഉച്ചക്ക് വി.എസ് ഊണ് കഴിക്കാൻ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഞാൻ അപേക്ഷയുമായി മുന്നിലെത്തിയത്. ഗൗരവത്തിൽ ഒന്ന് നോക്കി.
"എന്താ കാര്യം..?"
കടലാസ്സിലുള്ള കാര്യമൊക്കെ ഞാൻ വേഗം പറഞ്ഞു തുടങ്ങി. അദ്ദേഹം കണ്ണടച്ച് ഇരിപ്പായിരുന്നു. ഒന്നും മിണ്ടുന്നില്ല...
ഉറങ്ങുകയാണോ? കേൾക്കുന്നുണ്ടാകില്ലേ? എനിക്കൊരു സംശയം..?
എന്തായാലും പറഞ്ഞുതീർത്തു.
അപ്പോഴാണ് പെട്ടെന്നൊരു ചോദ്യം.
"കാൾ മാർക്സ് യൂണിവേഴ്സിറ്റിയിൽ ആണെല്ലേ പഠിച്ചത്.
അവിടെ സ്പോർട്സും ഉണ്ടല്ലേ?"
അക്ഷരാർഥത്തിൽ ഞാൻ ഞെട്ടുകയായിരുന്നു.
ഒരു നിമിഷം മുമ്പ് ഉറങ്ങുകയാണെന്ന് കരുതിയ ആളാണ് ഞാൻ പറഞ്ഞത് മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്നത്.!!
പിന്നെയൊരു ചിരിയായിരുന്നു...
"ചൈനയിൽ അല്ലേ... പോയി വാ... എന്നിട്ട് അവിടെ കണ്ടതൊക്കെ ഇവിടെ നടപ്പാക്ക്..!"
അറിയാതെ രണ്ടു കൈയും കൂപ്പിപ്പോയി...
ചൈനയിൽനിന്ന് മടങ്ങിയപ്പോൾ വി.എസിന്റെ രാവിലെയുള്ള നടപ്പ് മനസ്സിൽ ഉള്ളതുകൊണ്ടും അദ്ദേഹത്തിന്റെ കുപ്പായത്തിന്റെ അളവ് നേരത്തെ കരുതിയിരുന്നതുകൊണ്ടും ഒളിമ്പിക് വില്ലേജിലെ അഡിഡാസ് ഷോ റൂമിൽ നിന്ന് രണ്ട് വെളുത്ത ടീ ഷർട്ടും ഒരു പെയർ വാക്കിങ് ഷൂസും വാങ്ങിവെച്ചിരുന്നു...
നേരിട്ട് കൊടുക്കാൻ ഒരു പേടി...
ആ പൊതിയുമായി ഞാൻ സ്പോർട്സ് മന്ത്രിയുടെ പിഎസ്, ശശി സാറിനെ സമീപിച്ച് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു:
"അത് നടക്കില്ല... വി.എസ് ഓടിച്ചുവിടും."
എന്റെ സങ്കടഭാവം കണ്ട് അദ്ദേഹം പറഞ്ഞു:
ഒരു കാര്യം ചെയ്യു, രണ്ടുദിവസം കഴിയട്ടെ. ഞാനൊന്ന് ശ്രമിച്ചു നോക്കാം..."
രണ്ടുദിവസം കഴിഞ്ഞപ്പോൾ പി.എസിന്റെ വിളി"
"ഇവിടെ വരെ ഒന്ന് വരണം."
അപ്പോഴെ ഞാനവിടെ എത്തി.
"നാളെ രാവിലെ ഏഴ് ക്ലിഫ് ഹൗസിൽ ചെല്ലുക. വി.എസിനെ കാണാനുള്ള അനുമതിയുണ്ട്." ചങ്കിടിപ്പോടെ രാവിലെ തന്നെ ക്ലിഫ് ഹൗസിലെത്തി സന്ദർശക മുറിയിൽ കാത്തിരുന്നു.
പേഴ്സണൽ സ്റ്റാഫിലെ ചെറുപ്പക്കാരനായ ഒരാൾ കൈയിൽ ഒരു കപ്പ് ചായയുമായി വന്നു.
"അഷ്‌റഫ് സാറല്ലേ അകത്തോട്ടിരിക്കാം..."
കൈയിൽ കപ്പുമായി ഞാൻ അകത്തു കയറിയപ്പോഴേക്കും
വി.എസ് വെള്ള കള്ളിമുണ്ടും ബനിയനും കാലിൽ ഷൂസുമായി എന്റടുത്തേക്ക് നടന്നുവന്നു.
അടുത്ത പരിചയക്കാരനെപ്പോലെ ചിരിച്ചുകൊണ്ട് ചോദിച്ചു:
"ഒളിമ്പിക്സ് എങ്ങനെയുണ്ടായിരുന്നു? ചൈനക്കാരുടെ സംഘാടക മികവൊക്കെ പഠിച്ചോ?"
വിറച്ചുകൊണ്ട് കൈയിലുണ്ടായിരുന്ന പൊതി ഞാൻ കൊടുത്തു. അതുവാങ്ങി ആദ്യം കണ്ട പേഴ്സണൽ സ്റ്റാഫിന്റെ കൈയിൽ കൊടുത്തിട്ട് ഒരു ചോദ്യം:
"അപ്പൊ ഇതിന്റെ വിലയൊക്കെ ശശി തന്നില്ലേ?"
ഒന്നുമറിയാതെ ഞാൻ പറഞ്ഞു പോയി...
"തന്നു..."
പിന്നീടാണ് ഞാൻ അറിഞ്ഞത് അതിന്റെ വിലയായി ശശി സാർ അയ്യായിരം രൂപ എന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിരുന്നുവെന്ന്.!!
അതുകഴിഞ്ഞു.
ഡോ. കിഷോർ സ്ഥാനം ഒഴിഞ്ഞപ്പോൾ എനിക്ക് സ്പോർട്സ് ഡയറക്റ്ററായി നിയമനം ലഭിച്ചു. അന്ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് നടന്ന സ്പോർട്സ് അവാർഡ് ദാന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു മുഖ്യമന്ത്രി, ഏറ്റവും ഒടുവിൽ നന്ദി പറയുന്നത് സ്പോർട്സ് ഡയറക്ടറും.
അവാർഡ് വിതരണം കഴിഞ്ഞ് ചടങ്ങുകൾ പൂർത്തിയാകും മുമ്പേ സെക്യൂരിറ്റി സ്റ്റാഫ് മുഖ്യമന്ത്രിക്ക് തിരിച്ചുപോകാനുള്ള നടപടികൾ തുടങ്ങിയപ്പോൾ പ്രോഗ്രാം നോട്ടീസ് വായിച്ചു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവരോടു പറഞ്ഞു:
"ഇയാൾ കൂടി സംസാരിച്ചു കഴിയട്ടെ... എന്നിട്ട് പോകാം..."
മുഖ്യമന്ത്രി എനിക്ക് സംസാരിക്കാൻ അവസരം തന്നിരിക്കുന്നു. ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിട്ടേ അദ്ദേഹം വേദിയിൽ നിന്ന് എഴുന്നേറ്റുള്ളൂ.!!
പ്രിയ വി.എസ്...
ജീവിതത്തിൽ ഏറ്റവും അധികം അഭിമാനിച്ച, സന്തോഷിച്ച നിമിഷമായിരുന്നത്...
ഇന്നും അത് ഓർക്കുമ്പോൾ കണ്ണ് നിറയും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.