തൃശൂർ: രാജ്യത്തെതന്നെ അതിസുരക്ഷാ ജയിലുകളിൽ ഒന്നാണ് വിയ്യൂരിലേത്. 2019 ജൂലൈ മൂന്നിനാണ് വിയ്യൂരിൽ അതിസുരക്ഷാ ജയിൽ പ്രവർത്തനം തുടങ്ങുന്നത്. 36 കോടി രൂപ മുതൽമുടക്കിലാണ് ജയിൽ പണിതത്. 192 സെല്ലുകളാണ് അതിസുരക്ഷാ ജയിലിൽ. ഇവയിൽ 536 കൊടുംകുറ്റവാളികളെ പാർപ്പിക്കാം. എന്നാൽ, നിലവിൽ 125 കുറ്റവാളികളാണുള്ളത്. അഞ്ചുപേരെ വീതം പാർപ്പിക്കാവുന്ന 46 സെല്ലുകളും മൂന്നുപേർക്കുവീതമുള്ള 66 സെല്ലുകളും രണ്ടുപേർക്ക് താമസിക്കാവുന്ന 20 സെല്ലുകളും അതിസുരക്ഷാ ജയിലിലുണ്ട്. കൊടുംകുറ്റവാളികളിൽതന്നെ സുരക്ഷക്കു ഭീഷണി ഉയർത്തുന്നവരെ പാർപ്പിക്കാൻ 60 ഏകാന്ത സെല്ലുകളുമുണ്ട്.
ഇവയിൽ ഒരു സെല്ലിലുള്ള കുറ്റവാളികൾക്ക് മറ്റു സെല്ലിലുള്ളവരെ കാണാനാവില്ല. ഭക്ഷണവും അത്യാവശ്യം വേണ്ട വസ്തുക്കളും ജീവനക്കാർ സെല്ലിൽ എത്തിച്ചുനൽകും. ഫാനും കട്ടിലും ഉള്ളതോടൊപ്പം മുഴുസമയ നിരീക്ഷണത്തിന് സെല്ലിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. അതിസുരക്ഷാ ജയിലിൽനിന്ന് പുറത്തുകടക്കലും അങ്ങേയറ്റം ദുഷ്കരംതന്നെ. 700 മീറ്റർ ചുറ്റളവിൽ ആറുമീറ്റർ ഉയരത്തിൽ കെട്ടിയ മതിലാണ് ഏറ്റവും പുറത്തെ മറ.
മതിലിനു മുകളിൽ 10 അടി ഉയരത്തിൽ വൈദ്യുതി കമ്പിവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതിനുപുറമേ ജയിലിന്റെ നാല് അതിർത്തിയിലും വാച്ച് ടവറിൽ സദാ നിരീക്ഷകരും ഉണ്ടാകും. 15 മീറ്റർ ഉയരമുള്ള നാലു വാച്ച് ടവറുകളിൽ നൈറ്റ്വിഷൻ ബൈനോക്കുലർ, ഹൈ ബീം സെർച്ച് ലൈറ്റ്, വാക്കി ടോക്കി സജ്ജീകരണങ്ങളോടെ ആയുധധാരികളായ ഗാർഡുകൾ ഉണ്ടാകും. 250ൽപരം സി.സി ടി.വി കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ നിരീക്ഷിക്കും. അതേസമയം, അതിസുരക്ഷാ ജയിലിലും വേണ്ടത്ര ജീവനക്കാരില്ലാത്തത് ഭീഷണിയാകുന്നുണ്ട്. ആറു തടവുകാർക്ക് ഒരു വാർഡൻ എന്ന ക്രമത്തിൽ വേണമെന്നാണ് ചട്ടം. എന്നാൽ, ഇത് ഒരുകാലത്തും പാലിക്കാറില്ല. നിലവിൽ 125 കൊടുംക്രിമിനലുകളാണ് വിയ്യൂർ അതിസുരക്ഷാ ജയിലിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.