കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻടൽ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴു മണിയോടെ കനത്ത സുരക്ഷയിലാണ് ഗോവിന്ദ ചാമിയേയും കൊണ്ടുള്ള പ്രത്യേക വാഹനം കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ജയിൽ മാറ്റം. ഇന്നലെ ജയിൽ ഡി.ജി.പിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടന്ന യോഗത്തിലാണ് ജയിൽ മാറ്റാൻ തീരുമാനിച്ചത്.
കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയില്‍ എന്ന നിലയിലേക്കാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ ഏകാന്ത സെല്‍ ഒരുക്കിയിട്ടുണ്ട്. 4.2 മീറ്റര്‍ ഉയരവും സി.സി.ടി.വി നിരീക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക.
കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലെ സെല്ലിൽ കഴിഞ്ഞ ഗോവിന്ദച്ചാമി ഇന്നലെ പുലർച്ചെയാണ് ജയിൽ ചാടിയത്. രാവിലെ പത്തരയോടെ പിടികൂടിയെങ്കിലും ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കി സംഭവം.
അതീവ സുരക്ഷയുണ്ടായിട്ടും സംസ്ഥാനത്തെ കൊടും കുറ്റവാളികളിൽ ഒരാൾ നിഷ്പ്രയാസം ജയിൽ ചാടിയതിൽ ജയിൽ വകുപ്പിനെതിരെ വ്യാപക വിമർശനമുയർന്നു. പത്താം ബ്ലോക്കിൻ്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജയിൽ ചാട്ടം ജയിൽ വകുപ്പും പൊലീസും അന്വേഷിക്കുന്നതിനിടെയാണ് അടിയന്തരമായി ജയിൽ മാറ്റാൻ തീരുമാനിച്ചത്. വിയ്യൂരിനെ അപേക്ഷിച്ച് കണ്ണൂർ ജയിലിൽ സുരക്ഷ കുറവാണ് എന്നതാണ് ഗോവിന്ദ ചാമിയെ ഇന്ന് തന്നെ മാറ്റിയത്.
കഴിഞ്ഞ ദിവസം ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി.
സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.