കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി പുറത്തുചാടിയപ്പോൾ നാട്ടുകാരുടെ സഹായം തേടി അധികൃതർ പുറത്തുവിട്ട ചിത്രം പഴയത്. മുടി വെട്ടിമാറ്റി, നേരിയ താടി മാത്രമുള്ളതാണ് ഈ ചിത്രം. ജയിലിൽ പ്രവേശിപ്പിച്ചയുടനെയുള്ളതാണിത്. പ്രതിയെ പിടികൂടിയപ്പോഴാണ് ഈ ചിത്രവുമായി ഒരു സാമ്യവുമില്ലാത്തതെന്ന് മനസ്സിലായത്. താടിയുള്ള ഗോവിന്ദച്ചാമിയുടെ ചിത്രം പോലും ഇല്ലാത്തതും ജയിലധികൃതരുടെ പോരായ്മയായി.
മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വന്ന ചിത്രമല്ല പ്രതി പിടിയിലാകാൻ സഹായിച്ചത്. കൈപ്പത്തി മുറിഞ്ഞ ഗോവിന്ദച്ചാമിയുടെ പഴയ ചിത്രമാണ് എല്ലാവരുടെയും മനസ്സിലുള്ളത്. ജയിലഴിക്കുള്ളിലൂടെ നൂഴ്ന്നുപോകാൻ പാകത്തിൽ ഗോവിന്ദച്ചാമി ഭക്ഷണം ക്രമീകരിച്ചതും ജയിലുദ്യോഗസ്ഥർ ശ്രദ്ധിച്ചിട്ടില്ല. ചപ്പാത്തിയുടെ എണ്ണം കുറച്ചും വെള്ളം കൂടുതൽ കുടിച്ചുമാണ് മുന്നൊരുക്കം നടത്തിയത്.
ഗോവിന്ദച്ചാമിയെ കാണാതായെന്നത് പൊലീസിനെ അറിയിക്കുന്നതിലും വീഴ്ചവന്നിട്ടുണ്ട്. രാവിലെ കാണാതായെങ്കിലും ഏഴുമണിക്കാണ് കണ്ണൂർ ടൗൺ പൊലീസിനെ വിവരമറിയിച്ചത്. ജയിൽവളപ്പിൽ തിരഞ്ഞതിനാലാണ് പൊലീസിൽ അറിയിക്കാൻ വൈകിയതെന്നാണ് ഇതിന് ജയിലധികൃതർ പറയുന്ന ന്യായം.
വ്യാഴാഴ്ച പുലർച്ചെ 4.15-6.15നും ഇടക്കാണ് ജയിൽചാട്ടമെന്നാണ് സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജ് മാധ്യമങ്ങളോട് പറഞ്ഞത്. ജയിലിൽനിന്ന് രണ്ട് കിലോമീറ്ററോളം ദൂരെയുള്ള തളാപ്പിൽ ഇയാൾ എത്തിയത് ഒമ്പതു മണിയോടെയാണ്. മൂന്ന് മണിക്കൂർ എങ്കിലും ജയിൽ വളപ്പിൽതന്നെ ഒളിച്ചുവെന്നാണ് നിഗമനം. സെൻട്രൽ ജയിലിലെ സി.സി.ടി.വികളിൽ ഒന്നിലും ഇയാൾ പതിഞ്ഞില്ലെന്നതും ആശ്ചര്യകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.