തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരട് വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചതോടെ ആഗസ്റ്റ് ഏഴുവരെ പട്ടികയിൽ പേരുചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരം. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവർ തദ്ദേശ വോട്ടർ പട്ടികയിലും പേര് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം.
കാരണം രണ്ടിനും വെവ്വേറെ വോട്ടർ പട്ടികയും തെരഞ്ഞെടുപ്പ് കമ്മിഷനുകളുമാണ്. വില്ലേജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പട്ടിക പരിശോധിക്കാം.
വെബ്സൈറ്റിലെ വോട്ടർമാർക്കുള്ള സേവനങ്ങൾ (voters services) എന്ന ഭാഗത്ത് search voter ഭാഗത്ത് തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാം.
ജില്ല, തദ്ദേശ സ്ഥാപനം, വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ (കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ EPIC CARD ലെ നമ്പർ) അല്ലെങ്കിൽ പേര് എന്നിവ ഉപയോഗിച്ചു തിരയാം.
പട്ടികയിൽ പേരുചേർക്കാനും തിരുത്താനും സ്ഥാനമാറ്റങ്ങൾ വരുത്താനും മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് ഒടിപി ലഭിച്ച് ആദ്യം റജിസ്റ്റർ ചെയ്യണം. Citizen Registration ഭാഗത്ത് ക്ലിക്ക് ചെയ്താണ് ഇതു നിർവഹിക്കേണ്ടത്. ഒരു ഫോൺ നമ്പറിൽ നിന്നു പരമാവധി 10 പേർക്ക് ഇത്തരം സേവനങ്ങൾ നടത്താം.
2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായ പൗരന്മാർക്കു Additions എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഫോം നാല് പൂർപ്പിച്ച് അപേക്ഷിക്കാം.
ഫോട്ടോ അപ്ലോഡ് ചെയ്യണം. മറ്റൊരു പഞ്ചായത്തിലോ നഗരസഭയിലോ വോട്ട് ഉണ്ടായിരുന്നവർക്ക് പുതിയ സ്ഥലത്ത് പേരു ചേർക്കാൻ ഈ ഫോം ഉപയോഗിക്കാം. പഴയ സ്ഥലത്തെ വോട്ടറായിരുന്ന കാര്യമോ വോട്ടർ ഐ.ഡി നമ്പറോ പൂരിപ്പിക്കാൻ ഫോമിൽ സൗകര്യമുണ്ട്.
Locate Polling Station എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഏതു പോളിങ് സ്റ്റേഷനിലാണ് കുടുംബാംഗങ്ങളോ അയൽവാസികളോ ഉൾപ്പെടുന്നത് എന്ന് ആദ്യമേ കണ്ടെത്തിയാൽ മറ്റ് അപേക്ഷകൾ പൂരിപ്പിക്കുക എളുപ്പമാകും.
അപേക്ഷകളിൽ നിയോജകമണ്ഡലം (വാർഡ്) കഴിഞ്ഞ് ഭാഗം നമ്പർ എന്നു കാണുന്ന ഭാഗത്ത് ഈ പോളിങ് സ്റ്റേഷന്റെ പേരാണ് ചേർക്കേണ്ടത്.
നിലവിൽ വോട്ടർ പട്ടികയിലുള്ളവർക്ക് വിവരങ്ങൾ തിരുത്തുന്നതിന് Corrections എന്ന ഭാഗം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി ഫോം 6ൽ അപേക്ഷിക്കാം.
ഒരു പഞ്ചായത്തിലോ നഗരസഭയിലെയോ മറ്റൊരു വാർഡിലേക്കോ ഒരു വാർഡിലെ തന്നെ മറ്റൊരു മേൽവിലാസത്തിലേക്കോ വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ Transposition എന്ന ഭാഗം ക്ലിക്ക് ചെയ്ത് ഫോം ഏഴിൽ അപേക്ഷിക്കണം.
Pravasi Additions എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് പാസ്പോർട്ട് വിവരങ്ങൾ നൽകി അപേക്ഷിക്കാം.
Application Status എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ പുരോഗതി അറിയാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിങ്ങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടിസ് ലഭിക്കും. Download Hearing Notice എന്ന ഭാഗത്ത് ഇത് ഡൗൺലോഡ് ചെയ്യാം.
ഇതിലെ തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം നേരിട്ടു ഹാജരാകണം. ആറുമാസത്തിൽ കൂടുതലുള്ള വാടകക്കരാർ, ഒരു വർഷത്തിൽ ഏറെയുള്ള എൽ.പി.ജി കണക്ഷൻ തുടങ്ങിയവ വാടകക്ക് താമസിക്കുന്നവർക്ക് രേഖയായി ഉപയോഗിക്കാം.
വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആവശ്യങ്ങൾ കാരണം സ്ഥലത്തില്ലെങ്കിൽ ഇലക്റൽ റജിസ്ട്രേഷൻ ഓഫിസർക്ക് (ഇ.ആർ.ഒ). അപേക്ഷ സമർപ്പിച്ചാൽ വിഡിയോ കോൾ സംവിധാനത്തിലൂടെ ഹീയറിങ് അനുവദിക്കാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇ.ആർ.ഒയുടെതാണ് അന്തിമതീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.