വെള്ളക്കെട്ടിലായ ചന്തിരൂർ ആരോഗ്യവകുപ്പ് സബ് സെൻറർ കെട്ടിടം
അരൂർ: പഞ്ചായത്തിന്റെ ചന്തിരൂർ മേഖലയിലെ കൈക്കുഞ്ഞുങ്ങൾക്ക് പ്രതിരോധകുത്തിവെപ്പ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ആരോഗ്യവകുപ്പ് സബ് സെന്റർ കെട്ടിടം ശോച്യാവസ്ഥയിൽ. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്താണ് ഇപ്പോഴത്തെ പ്രവർത്തനം. ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപത്തെ സബ് സെന്ററിൽ രണ്ട് ആരോഗ്യവകുപ്പ് ജീവനക്കാരും, ആശ പ്രവർത്തകരും സ്ഥിരമായി ഉണ്ടാകും.
മാസത്തിൽ ഒരിക്കലാണ് കുട്ടികളുടെ കുത്തിവെപ്പ് എടുക്കുന്നത്. നടന്നുപോലും കയറാൻ കഴിയാത്ത വിധം അഴുക്കുവെള്ളം നിറഞ്ഞതിനാൽ കഴിഞ്ഞ തവണ കുത്തിവെപ്പിനായി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് മറ്റൊരു കെട്ടിടം ഏർപ്പെടുത്തിയിരുന്നു. സബ് സെന്റർ സംരക്ഷിക്കാനും നിലനിർത്താനും ആരോഗ്യ വകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുതിയ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് ലക്ഷങ്ങൾ അനുവദിച്ചിട്ടും കെട്ടിടത്തിന് മേലുള്ള അവകാശത്തർക്കം പരിഹരിക്കാനായിട്ടില്ല.
പഞ്ചായത്ത് എല്ലാ രേഖകളും കലക്ടറേറ്റിലും മറ്റു വകുപ്പുകളിലും സമർപ്പിച്ചതാണെന്ന് പറയുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ആരോഗ്യ സ്ഥാപനം അവഗണനയിലാകാൻ കാരണമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പറഞ്ഞു. വീടുകളിലെത്തി കൊതുകുകൾ വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നിർദേശിക്കുന്ന ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുന്ന സബ് സെൻറർ പകർച്ചവ്യാധിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.