ആനകുളത്ത് തോടിന് കുറുകെ സ്ഥാപിച്ച താൽക്കാലിക പാലം
അടിമാലി: പുഴക്ക് കുറുകെ സ്വന്തമായി നിര്‍മിച്ച പാലത്തിലൂടെ മക്കളെ സ്കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ക്ക് ഭയം. ഇതോടെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി. ആനകുളത്തിന് സമീപം അമ്പലത്തോട്ടിലാണ് ഈ പാലമുളളത്. രണ്ട് കുടുംബങ്ങളാണ് തുരുത്തിന് സമാനമായ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നത്. മൂന്ന് കുട്ടികൾ പഠനം മുടങ്ങി വീട്ടില്‍ കഴിയുന്നു.
സമാനമായ സാഹചര്യത്തിലാണ് മാങ്കുളം കള്ളക്കുട്ടി, മാങ്ങാപ്പാറ ആദിവാസി കോളനി നിവാസികളുമുളളത്. 2018 ലെ മഹാപ്രളയത്തിൽ കള്ളക്കുട്ടി ആദിവാസി സങ്കേതത്തിലേക്ക് ഉണ്ടായിരുന്ന പാലം തകര്‍ന്നതോടെ 26 കുടുംബങ്ങളുളള ഈ കോളനി ഒറ്റപ്പെട്ടു. പിന്നീട് നാട്ടുകാര്‍ വലിയ പുഴക്ക് കുറുകെ ഈറ്റയും മുളയും ഉപയോഗിച്ച് ആട്ടുപാലം നിര്‍മിച്ചു.
റീ ബിൽഡ് കേരള പദ്ധതിയില്‍ ഉൾപ്പെടുത്തി പാലം നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. കള്ളക്കുട്ടി കുടിയിലെ ആദിവാസികള്‍ക്ക് പുറംലോകത്തേക്ക് എത്താന്‍ ആകെയുളള ആശ്രയമാണ് ഈ പാലം.
സ്വന്തമായി നിര്‍മിച്ച പാലം തകര്‍ച്ചയിലാണ്. ഇതോടെ കോളനിയിലെ അംഗന്‍വാടിയുടെ പ്രവര്‍ത്തനം നിലച്ചു. മുതിര്‍ന്ന കുട്ടികളെ സ്കൂളില്‍ അയക്കാനും പറ്റുന്നില്ല. നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടുവരാനും ഇപ്പോള്‍ പ്രയാസം നേരിടുന്നു. മഴ ശക്തമായതോടെ വലിയ ആശങ്കയിലാണ് ഇവിടത്തുകാര്‍. താൽക്കാലിക പാലം തകര്‍ന്നാല്‍ ഇവര്‍ ഒറ്റപ്പെടുമെന്നതാണ് വസ്തുത. മാങ്കുളം പഞ്ചായത്തിലെ വലിയ പുഴക്ക് കുറുകെയാണ് ആദിവാസികള്‍ നിർമിച്ച ഈ പാലം.
സമാന സാഹചര്യമാണ് ആനകുളം മാങ്ങാപ്പാറ ആദിവാസി കോളനിക്കും പറയാനുളളത്. 25 ഓളം കുടുംബം ഇവിടെ താമസിക്കുന്നു. തോടുകളും പുഴകളും മുറിച്ച് കടന്ന് പുറംനാട്ടിലേക്ക് കുട്ടികളെ വിടാനും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനും പ്രയാസം നേരിടുന്നു.
ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ആദിവാസികള്‍ പറയുന്നു. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആറ് കോളനികള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്നു. ഭക്ഷണം ഉള്‍പ്പെടെ ക്ഷാമം നേരിടുന്നതായി ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.