തൊടുപുഴ: ഓണക്കാലത്തെ ലഹരിയുടെ അനിയന്ത്രിത ഒഴുക്ക് നേരിടാൻ ജാഗ്രതയോടെ എക്സൈസ്. പരിശോധന കടുപ്പിച്ചതോടെ ഈ മാസം ഇതിനകം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 95 എൻ.ഡി.പി.എസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകൾ. 83 അബ്കാരി കേസുകളും കണ്ടെത്തി.
എൻ.ഡി.പി.എസ് കേസുകളിൽ 94 പേരെയും അബ്കാരി കേസുകളിൽ 82 പേരെയും അറസ്റ്റ് ചെയ്തു. 5.098 കിലോ കഞ്ചാവ്, 0.965 ഗ്രാം എം.ഡി.എം.എ, 228 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 13.4 മില്ലീലിറ്റർ ചാരായം എന്നിവ പിടികൂടിയവയിൽ ഉൾപ്പെടുന്നു. നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന, ഉപയോഗം, പൊതുസ്ഥലത്തെ പുകവലി എന്നിവയുമായി ബന്ധപ്പെട്ട് 594 കോട്പ കേസുകളും എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ലക്ഷ്യമിട്ട് ഈമാസം നാലിന് ആരംഭിച്ച സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് സെപ്റ്റംബർ 10വരെ തുടരും.
സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകൾ, വാറ്റിന് സാധ്യതയേറിയ മലയോര–വനമേഖലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം എക്സൈസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി. പ്രത്യേക വാഹന പരിശോധനയുമുണ്ട്. മദ്യ-ലഹരിമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിന് ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. വ്യാജമദ്യം, ലഹരിമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കാം.
ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സർക്കിൾതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സിനെ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.