തൊടുപുഴ: വണ്ണപ്പുറത്ത് തുടർച്ചയായ മോഷണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം. മേഖലയിൽ അടിക്കടി മോഷണം പതിവായ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഈമാസം 12ന് പുലർച്ച വണ്ണപ്പുറം അമ്പലപ്പടി ബസ് സ്റ്റാൻഡിൽനിന്ന് മൂന്ന് യുവാക്കളെ സംശയപദമായ സാഹചര്യത്തിൽ പൊലീസ് പിടികൂടിയിരുന്നു.
ഇവരുടെ പക്കൽനിന്ന് കമ്പിവടി, മുളകുപൊടി, സ്ക്രൂഡ്രൈവർ തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു. ഇവർ മോഷണത്തിനെത്തിയതാണെന്ന് പൊലീസ് പറയുന്നു. എന്നാൽ, വണ്ണപ്പുറത്ത് നടന്ന മോഷണങ്ങളിലെ ഇവരുടെ പങ്ക് തെളിയിക്കാനായിട്ടില്ല. ആളുകളില്ലാത്ത വീട്ടിലും താമസമുള്ള വീടുകളിലുമൊക്കെ മോഷ്ടാക്കൾ കയറുന്ന സാഹചര്യത്തിൽ പ്രശേദവാസികളും ഭീതിയിലാണ്.
ടൗണിന് സമീപത്തെ വീട്ടിൽനിന്ന് 12 ലക്ഷം രൂപ വില വരുന്ന സ്വർണവും വജ്രവും കവർന്നതിൽനിന്നാണ് മോഷണങ്ങളുടെ ആരംഭം. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. ദിവസങ്ങൾക്ക് ശേഷം വെൺമറ്റത്തിന് സമീപം കോഴിക്കവലയിൽ ജനൽ പാളിയിലൂടെ മോഷ്ടാവ് അകത്തുകയറി വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞു. ഇതോടെ കാളിയാർ പൊലീസിനെതിരെ വിമർശനമുയർന്നു. പൊലീസിനെതിരെ ഫ്ലക്സ് ബോർഡുകളും ഉയർന്നു. ഇതിനിടെ കരിമണ്ണൂരിലും സമാനരീതിയിൽ മോഷണം നടന്നു. ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണക്കൊലുസാണ് നഷ്ടമായത്. തൊട്ടടുത്ത ദിവസം ടൗണിനോട് ചേർന്ന വീട്ടുമുറ്റത്ത് കള്ളത്താക്കോൽ വീണുകിടന്ന് കിട്ടി. മോഷണത്തിനെത്തിയപ്പോൾ മോഷ്ടാവിൽനിന്ന് നഷ്ടപ്പെട്ടതാണെന്നാണ് വീട്ടുകാർ പറയുന്നത്.
ബസ് സ്റ്റാൻഡിൽനിന്ന് മോഷ്ടാക്കളെന്ന് സംശയിക്കുന്നവരെ പിടികൂടിയതോടെ കാളിയാർ പൊലീസിന് അഭിനന്ദനം അറിയിച്ചുള്ള ഫ്ലക്സ് ബോർഡുകളും ഉയർന്നു. അന്ന് രാത്രി ബോർഡ് സ്ഥാപിച്ചതിന്റെ തൊട്ടടുത്തുള്ള അമ്പലങ്ങളിലാണ് മോഷ്ടാവ് കയറിയത്. ഒരിടത്തെ കാണിക്കവഞ്ചിയും കൊണ്ടുപോയി. രണ്ടാമത്തെ അമ്പലത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് പണവും കവർന്നു. അടഞ്ഞുകിടന്ന വീട്ടിലെ ആളുകൾ ഞായറാഴ്ച സ്ഥലത്ത് നോക്കിയപ്പോൾ വീട്ടിലുണ്ടായിരുന്ന ഓട്ടുപാത്രങ്ങളും ഉരുളിയും ചെരുവവുമൊക്കെ മോഷണം പോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വസ്ത്രങ്ങളും കുടങ്ങളുമടകം മോഷണം പോയിട്ടുണ്ട്. ഒരുമാസമായി തുടരുന്ന മോഷണപരമ്പര പൊലീസിനും തലവേദനയായി. ഒരാളാണോ അതോ ഒരുസംഘം മോഷ്ടാക്കളുണ്ടോ എന്ന സംശയവും നാട്ടുകാർ പങ്കുവെക്കുന്നുണ്ട്.
വണ്ണപ്പുറത്ത് അടിക്കടി മോഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചതായി തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സാബു. കഴിഞ്ഞയാഴ്ച സംശയാസ്പദമായി മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. കൂടുതൽ പേർ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. കൂടാതെ മേഖലയിൽ രാത്രി പരിശോധനകളടക്കം ശക്തമാക്കിയിട്ടുണ്ട്. മറ്റ് സബ് ഡിവിഷനുകളിൽനിന്ന് നാലുപേരെ പരിശോധനക്ക് നിയോഗിച്ചിട്ടുണ്ട്. കൂടാതെ വാഹനങ്ങളിലടക്കം മുഴുവൻ സമയങ്ങളിലും മേഖലയിൽ പൊലീസ് പരിശോധന നടത്തുന്നണ്ടെന്നും ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
തൊടുപുഴ: വണ്ണപ്പുറത്തുനിന്ന് ഒരാൾകൂടി പൊലീസ് പിടിയിൽ. നാൽപതേക്കൾ തൈവിളാകത്ത് അശ്വിനെയാണ് (20) അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പും നിരവധി മോഷണക്കേസിൽ പ്രതിയാണ്. 20 ദിവസം മുമ്പാണ് ഇയാൾ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. വണ്ണപ്പുറം നൽപതേക്കറിലെ ഇടച്ചിറയിൽ ചന്ദ്രന്റ വീട്ടിൽ മോഷണം നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, അമ്പലങ്ങളിലെ കാണിക്കവഞ്ചി മോഷണത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.