കൊല്ലം: ഓണാവധിക്ക് നാട്ടിലെത്തിയ ആർമി ഉദ്യോഗസ്ഥനെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പ്രതികൾക്ക് ഏഴുവർഷവും10 മാസവും 20 ദിവസവും തടവും 1000 രൂപ വീതം പിഴയും ശിക്ഷ. തൃക്കരുവ ദേവദാനത്തിൽ രതീഷ് (32), ജയേഷ് (28), പനയം രാജീവ്ഭവനത്തിൽ വിഷ്ണു (29), പനയം രഘുനാഥമന്ദിരം വീട്ടിൽ അനീഷ് (33), ഇഞ്ചവിളച്ചേരിൽ മാഹിൻ മൻസിലിൽ മാഹിൻ (31) എന്നിവരെയാണ് കൊല്ലം അസി. സെഷൻസ് ജഡ്ജി എം.എസ്. ഉണ്ണികൃഷ്ണൻ ശിക്ഷിച്ച് ഉത്തരവായത്. 2017 സെപ്റ്റംബർ നാലിന് തിരുവോണ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
സൈനികനായ പനയം കാർത്തിക വീട്ടിൽ രാജേഷിനെയും ജേഷ്ഠൻ അരുൺ രാജിനെയുമാണ് വീട്ടിൽക്കയറി ഗുരുതരമായി വെട്ടിപരിക്കേൽപിച്ചത്. സംഭവ ദിവസം രാത്രി എട്ടോടെ അരുൺരാജിന്റെ ബൈക്ക് ചിറ്റയം ശിവക്ഷേത്രത്തിന്റെ മുന്നിൽ വെച്ചിരുന്ന സമയം ഒന്നാംപ്രതി തന്റെ ഓട്ടോറിക്ഷ കൊണ്ടുവന്ന് ഇടിച്ചത് ചോദ്യം ചെയ്ത വിരോധത്തിലും പൊലീസിൽ പരാതി കൊടുത്തതിനുള്ള വിരോധത്തിലുമാണ് അഞ്ച് പ്രതികളും മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകടന്ന് അതിക്രമം കാണിച്ചത്.
രാത്രി 11 ഓടെ അരുൺ രാജിനെ തിരക്കി വീട്ടിലെത്തിയ സംഘം, രാജേഷ് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അക്രമിക്കുകയായിരുന്നു. ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാൻ രാജേഷ് ശ്രമിക്കവെ ആണ് ജേഷ്ഠ സഹോദരൻ അരുൺ രാജ് അവിടെ എത്തിയത്. അക്രമം തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെയും പ്രതികൾ അക്രമിച്ചു എന്നാണ് കേസ്.അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സി. ദേവരാജൻ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസാണിത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ. നിയാസ്, അഡ്വ. പി.ബി.സുനിൽ എന്നിവർ കോടതിയിൽ ഹാജരായി. കേസിന്റെ പ്രോസിക്യുഷൻ സഹായി ആയി എസ്.സി.പി.ഒ ഡി. അഭിലാഷും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.