കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പൈലിങ് പ്രവർത്തനങ്ങളുടെ മലിനജലമുൾപ്പെടെ പൊതുഓടയിലേക്ക് ഒഴുക്കിയതോടെ, നഗരത്തിലെ ഉപാസന നഗറിൽ പതിനഞ്ചോളം വീടുകളിൽ വെള്ളംകയറി. മാസങ്ങളായി നടക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന കെട്ടിടങ്ങൾക്കായാണ് കൊല്ലം സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ പൈലിങ് നടന്നുകൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വരുന്ന ചളിയും മണ്ണും നിറഞ്ഞ വെള്ളം, സ്റ്റേഷനുള്ളിലൂടെ കടന്നുപോകുന്ന പൊതുഓടയിലൂടെ ഒഴുക്കിവിട്ടതാണ് സമീപം താമസിക്കുന്നവർക്ക് ദുരിതമായത്. കൊല്ലം റെയിൽവെ സ്റ്റേഷനുള്ളിൽ പ്ലാറ്റ്ഫോമുകൾക്ക് താഴെ വളരെ ആഴത്തിലായാണ് ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പൊതുഓട കടന്നുപോകുന്നത്.
റെയിൽവെ സ്റ്റേഷന് മുൻഭാഗത്ത് പുതിയകാവ് അമ്പലത്തിന് സമീപത്തെ അലക്കുകുഴിയിൽ നിന്നുള്ള ഓടയാണിത്. സ്റ്റേഷന്റെ പ്രധാന വികസനമായ, രണ്ടാം ടെർമിനലിന് സമീപത്തെ എയർ കോൺകോർസ് പില്ലറുകളുടെ നിർമാണം പുരോഗമിക്കുന്നതിന് സമീപത്തായാണ് ഈ ഓട എത്തിച്ചേരുന്നത്.
തുടർന്ന് കൊല്ലം-ചെങ്കോട്ട റോഡിന് അടിയിലൂടെ കടന്ന് പുള്ളിക്കട നഗറിലൂടെ അഷ്ടമുടിക്കായലിലേക്കാണ് ഓട എത്തിച്ചേരുന്നത്. റെയിൽവെ സ്ഥലത്ത് എയർ കോൺകോർസ് പില്ലറുകളുടെ നിർമാണം പുരോഗമിക്കുന്ന രണ്ടാം ടെർമിനലിന്റെ ഭാഗത്തേക്ക് എത്തിച്ചേരുന്ന ഓടയുടെ കവാടം പൈലിങ്ങിന്റെ ഭാഗമായി മണ്ണ് മൂടിയ നിലയിലുമാണ്.
അവിടംവരെ മൂടിയ നിലയിലുള്ള ഓട തുടർന്ന് പുറത്തേക്ക് എത്തുമ്പോൾ തുറന്ന നിലയിലാണ്. സമീപത്തെ വീടുകൾക്ക് ഇടയിലൂടെ യാതൊരു മൂടിയും ഇല്ലാതെ കടന്നുപോകുന്ന നിലയിലാണ് മീറ്ററുകളോളം ഓട ഉള്ളത്.
ഇവിടെ മൂന്നര മീറ്റർ ആഴം ഉണ്ടായിരുന്ന ഓട മണ്ണ് നിറഞ്ഞ് നികന്ന നിലയിലാണ്. പുറത്തുനിന്നുള്ള വെള്ളം കൂടാതെ റെയിൽവെ സ്റ്റേഷനുള്ളിൽ നിന്നും ഈ ഓടയിലൂടെ വ്യാപകമായി മലിനജലം ഒഴുക്കുന്നുണ്ട്. ഇതിനുപുറമെയാണ് റെയിൽവേയുടെ നിർമാണപ്രവർത്തങ്ങളുടെ കരാർ എടുത്തവർ പൈലിങ്ങിന്റെ ഭാഗമായി ഉണ്ടാകുന്ന മണ്ണും ചളിയും കലർന്ന മലിനജലം രാത്രിയുടെ മറവിൽ വലിയ ടാങ്കർ ലോറിയിൽ എത്തിച്ച് റെയിൽവെയുടെ ഭൂമിയിൽ ഓട അവസാനിക്കുന്ന സ്ഥലത്ത് ഇതിലൂടെ ഒഴുക്കിവിടുന്നത്.
നിരവധിതവണ കോർപറേഷൻ കന്റോൺമെന്റ് ഡിവിഷൻ കൗൺസിലർ അഡ്വ. എ.കെ. സാവാദിന്റെ നേതൃത്വത്തിൽ റെയിൽവേ കരാറുകാരെയും നിർമാണപ്രവർത്തനങ്ങളുടെ ചുമതലയുള്ള എൻജിനീയറെയും ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല.
ഇതേ തുടർന്ന്, വെള്ളം കയറുന്ന പ്രശ്നം രൂക്ഷമായപ്പോൾ ഇത്തവണ കാലവർഷം ആരംഭിച്ചശേഷം സി.എസ്.ഐ ഓഡിറ്റോറിയത്തിന് പിന്നിലേക്ക് ഒഴുകുന്ന ഓട മണ്ണുമാറ്റി രണ്ടുതവണ വൃത്തിയാക്കിയിരുന്നു. എന്നാൽ, വീണ്ടും റെയിൽവേ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒഴുകിയെത്തുന്ന മണ്ണും ചളിയും നിറഞ്ഞ വെള്ളം നിറഞ്ഞൊഴുകി ഓട മണ്ണ് നിറഞ്ഞ അവസ്ഥയിലാണ്. ഓട നിറഞ്ഞതിനാൽ സി.എസ്.ഐ ഓഡിറ്റോറിയത്തിന് പിന്നിലായി താമസിക്കുന്ന നിരവധി വീടുകളിലാണ് കഴിഞ്ഞദിവസം ചളിവെള്ളം നിറഞ്ഞത്.
പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. റെയിൽവെ കരാറുകാരെ ബന്ധപ്പെട്ടപ്പോൾ, അടുത്തദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് കൗൺസിലർ സവാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.