വില്ലുമലയ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി കെട്ടിടത്തിനു ഭീഷണിയായി മാറിയ മരവും മേല്‍ക്കൂരയുടെ തകര്‍ന്ന ഭാഗവും
കുളത്തൂപ്പുഴ: പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ വില്ലുമലയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിനു ഭീഷണിയായ മരം മുറിച്ചുനീക്കാന്‍ നടപടിയില്ല. വില്ലുമല എല്‍.പി സ്കൂളിനു പിന്നിലായി പട്ടികവര്‍ഗ വികസന വകുപ്പ് നേതൃത്വത്തില്‍ നിര്‍മിച്ച നാലു കെട്ടിടങ്ങളിലൊന്നിലാണ് വര്‍ഷങ്ങളായി പട്ടിക വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിന്റെ കിഴക്കേ മൂലയിലായി നില്ക്കുന്ന വന്മരം കെട്ടിടത്തിന്റെ മേല്ക്കൂരയെ ഞെരുക്കി പൊട്ടിക്കാന്‍ തുടങ്ങിയതോടെ മരം മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ വകുപ്പിന് നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും പരിഗണിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. മരം വളര്‍ന്ന് തടി വണ്ണം വെച്ചതോടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര പൊട്ടിപ്പിളരുകയും ഇതുവഴി മഴവെള്ളം അലിഞ്ഞിറങ്ങി ഭിത്തിയൊന്നാകെ കുതിര്‍ന്ന് ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലുമാണുള്ളത്. മഴവെള്ളം ഇറങ്ങിയതോടെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ആയൂര്‍വേദ മരുന്നുകളും പൊടികളുമെല്ലാം തണുപ്പേറ്റ് പലതവണ ഉപയോഗ ശൂന്യമായതായും ജീവനക്കാര്‍ പറയുന്നു.
മരത്തിന്റെ ചില്ലകളും ഇലകളും മറ്റ് ആവശിഷ്ടങ്ങളും വീണ് കെട്ടിടത്തിനു മുകളിലും ചുറ്റുപാടും കാടു വളര്‍ന്ന നിലയിലുമാണ്. നിരവധി തവണ പരിസരത്ത് ഇഴജന്തുക്കളെ കണ്ടിട്ടുള്ളതിനാല്‍ നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന സ്ത്രീ ജനങ്ങളില്‍ ആരും തന്നെ കെട്ടിടത്തിന്റെ പിന് ഭാഗത്തേക്ക് പോകാറില്ലെന്നും കാലവര്‍ഷവും കാറ്റുമെത്തുമ്പോള്‍ ഭീതിയോടെയാണ് തങ്ങള്‍ കെട്ടിടത്തിനുള്ളില്‍ കഴിയുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. അടിയന്തരമായി മരം മുറിച്ചുനീക്കി ജീവനക്കാരുടെയെും കെട്ടിടത്തിന്റെയും സുരക്ഷ ഉറപ്പു വരുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.