കരുനാഗപ്പള്ളി പുള്ളിമാൻ ജങ്ഷനിലെ തുറന്ന ഓടയിൽ യുവാക്കൾ വാഴനട്ട് പ്രതിഷേധിക്കുന്നു.
കരുനാഗപ്പള്ളി: ഓച്ചിറ മുതൽ ശക്തികുളങ്ങര വരെ ദേശീയപാത മരണക്കെണിയായി. റോഡിന്റെ നിർമാണം തുടങ്ങിയ നാൾ മുതൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നിർമാണ കമ്പനിയുടെ പിടിപ്പുകേടാണ് കാരണമായി പറയുന്നത്.
വാഹനാപകടങ്ങൾ നിത്യസംഭവമായതിനെ തുടർന്ന് കേന്ദ്ര ഉപരിതല മന്ത്രി നിധിൻ ഗഡ്ഗരിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം കെ.സി. വേണുഗോപാൽ എം.പിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്നു.
കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ഉ യോഗത്തിൽ കരാർ കമ്പനിയായ വിശ്വസമുദ്രയുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ താക്കീത് നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ല.
ദേശീയപാത നിർമാണം ആരംഭിച്ചത് മുതൽ എല്ലാ താലൂക്ക് വികസന സമിതി യോഗങ്ങളിലും കരാർ കമ്പനിക്കെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം ഉണ്ടാവുമെങ്കിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. റോഡ് നിർമാണം നിമിത്തം കരുനാഗപ്പള്ളി ടൗണിലെ ജനജീവിതം ഏറെ ദുസ്സഹമായി.
വ്യാപാര സ്ഥാപനങ്ങൾ മിക്കതും അടഞ്ഞു. അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയുന്നില്ല. സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയ ശേഷം പുതിയ റോഡുകളുടെ പണി ആരംഭിക്കാവൂ എന്നും ജനസഞ്ചാരത്തിനു തടസ്സം വരുത്തരുതെന്നുമുള്ള ഒരു നിബന്ധനയും പാലിക്കുന്നില്ല.
അധ്യയന വർഷം ആരംഭിച്ചതോടെ ദേശീയപാതക്ക് സമീപമുള്ള വിദ്യാലയങ്ങളിൽ കുട്ടികൾ എത്തുന്നതിനും പ്രയാസപ്പെടുകയാണ്.
വവ്വാക്കാവ്, പുത്തൻ തെരുവ്, ലാലാജി ജങ്ഷൻ, കന്നേറ്റി, കുറ്റിവട്ടം, ഇടപ്പള്ളിക്കോട്ട, ടൈറ്റാനിയം, ശങ്കരമംഗലം, ചവറ ഭാഗങ്ങളിലെ ദേശീയപാതയിൽ വലിയ ഗർത്തങ്ങളാണുള്ളത്. മഴക്കാലമായതോടെ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് മണിക്കൂറുകൾ ഇടവിട്ട് അപകടങ്ങളുണ്ടാകുന്നു.
സുരക്ഷ മുന്നറിയിപ്പ് സ്ഥാപിക്കാത്തതും ടു വേ റോഡിൽ അലക്ഷ്യമായി സ്ഥാപിച്ച കോൺക്രീറ്റ് ബാരിക്കേഡുകളും വെള്ളം നിറഞ്ഞ കുഴികളുമാണ് മിക്ക അപകടങ്ങൾക്കും കാരണം. കരുനാഗപ്പള്ളി പുള്ളിമാൻ ജങ്ഷനിൽ മൂടിയില്ലാത്ത ഓടയിൽ ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ വീഴുന്നത് തുടർച്ചയായതോടെ പ്രദേശത്തെ യുവജനങ്ങൾ ചേർന്ന് ഇവിടെ വാഴ നട്ടു. സുരക്ഷ മാനദണ്ഡം പാലിക്കാതെ നിർമാണം നടത്തുന്ന കമ്പനിക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരും മടിക്കുകയാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.