കരുനാഗപ്പള്ളി: തഴവയിൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന്റെ പുതിയ കെട്ടിടനിർമാണ പ്രവൃത്തിക്കുള്ള ടെൻഡറായതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു.
രണ്ട് ഘട്ടങ്ങളായാണ് കെട്ടിട നിർമാണം. ഒന്നാംഘട്ടമായി മൂന്ന് നിലകളുള്ള സെൻട്രൽ ബ്ലോക്ക് കെട്ടിടം നിർമാണത്തിനാണ് ടെൻഡർ ക്ഷണിച്ചത്. രണ്ട് ഘട്ടങ്ങളിലായി 12393 സ്ക്വയർ ചതുരശ്ര മീറ്റർ അളവിലുള്ള കെട്ടിടമാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ 5197 ചതുരശ്ര മീറ്റർ കെട്ടിട നിർമാണമാണ് ടെൻഡർ ചെയ്തിട്ടുള്ളത്.
പുതിയ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങളുണ്ടായി. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽനിന്ന് അനുവദിച്ച വസ്തുവിലാണ് പുതുതായി കോളജ് കെട്ടിട നിർമാണം നടത്തുന്നത്. ഫയർ എൻജിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് അത്യാവശ്യ സമയത്ത് പ്രവേശിക്കേണ്ടതിനാൽ ഐ.എച്ച്.ആർ.ഡിയുടെ പ്രത്യേക അനുവാദം ലഭ്യമാക്കി. ഗ്രീൻ പ്രോട്ടോകാൾ പ്രകാരം നിർമാണം നടത്തുന്നതിനാൽ വീണ്ടും എസ്റ്റിമേറ്റിലും ഘടനയിലും ആവശ്യമായ ഭേദഗതി വരുത്തി. തുടർന്ന് ജനുവരി 25ന് ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം18.85 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകുകയായിരുന്നു.
ഏപ്രിൽ അഞ്ചിന് ചേർന്ന സാങ്കേതിക കമ്മിറ്റിയിൽ സാങ്കേതിക അനുവാദം ലഭിച്ചു. തുടർന്നാണ് മേയ് അഞ്ചിന് ടെൻഡർ ചെയ്തതെന്ന് എം.എൽ.എ അറിയിച്ചു. ഗവ. കോളജിന്റെ സ്ഥലപരിമിതിയെക്കുറിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.