ചക്കുവള്ളി ജോ.ആർ.ടി ഓഫിസിൽ ലേണേഴ്സ് ടെസ്റ്റ് എഴുതാൻ വന്നവർ പുറത്തെ വരാന്തയിൽ നിൽക്കുന്നു
ശാസ്താംകോട്ട: പരിമിതികളിൽ വീർപ്പുമുട്ടിയിട്ടും കുന്നത്തൂർ ജോ. ആർ.ടി ഓഫിസിന് സ്വന്തമായി കെട്ടിടം പണിയാനുള്ള നടപടിയില്ല. 2012ലാണ് കുന്നത്തൂരിന് ജോ. ആർ.ടി ഓഫിസ് അനുവദിച്ചത്. ഒട്ടുമിക്ക സർക്കാർ ഓഫിസുകളും ശാസ്താംകോട്ട ആയതിനാൽ കുന്നത്തൂർ മണ്ഡലത്തിന്റെ വടക്കൻ മേഖലയിൽ ഏതങ്കിലും സർക്കാർ സ്ഥാപനങ്ങൾ വേണമെന്ന പ്രാദേശികവികാരം മുൻനിർത്തിയും ശാസ്താംകോട്ടയിൽ സൗകര്യമായ കെട്ടിടം ലഭിച്ചില്ല എന്ന കാരണം നിരത്തിയും ചക്കുവള്ളിയിൽ ആർ.ടി ഓഫിസ് തുടങ്ങുകയായിരുന്നു. ചക്കുവള്ളി ജങ്ഷനിൽ സ്വകാര്യകെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ച ഓഫിസ് ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്.
വീതികുറഞ്ഞ കോണിപ്പടികളിലൂടെ ഇവിടെ കയറിപ്പറ്റുക എന്നതുതന്നെ ഏറെ ക്ലേശകരമാണ്. മുതിർന്നവരും സ്ത്രീകളും അടക്കം വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുകളിലെത്തിയാലും നിന്നുതിരിയാൻ ഇടമില്ല. ലേണേഴ്സ് ടെസ്റ്റ് എഴുതാൻ വരുന്നവരടക്കം വീതികുറഞ്ഞ വരാന്തയിൽ നിൽക്കേണ്ട അവസ്ഥയാണ്. അബദ്ധത്തിൽ ആരങ്കിലും പുറത്തേക്ക് മറിഞ്ഞുവീണാൽ വലിയ ദുരന്തമുണ്ടാകും. രണ്ടുമാസം മുമ്പ് ബോധരഹിതയായി വീണ ഒരു പെൺകുട്ടിയെ താഴെ എത്തിച്ചത് ഏറെ ബുദ്ധിമുട്ടിയായിരുന്നു.
ശൂരനാട് പൊലീസ് സ്റ്റേഷന് സമീപം 10 സെൻറ് വസ്തു ലഭ്യമാക്കി ഓഫിസ് നിർമിക്കാൻ ശ്രമം നടത്തിയെങ്കിലും ആഭ്യന്തരവകുപ്പ് വസ്തു വിട്ടുനൽകുന്നതിന് എതിർപ്പ് ഉന്നയിച്ചതിനാൽ പ്രാവർത്തികമായില്ല. ഇതിന് സമീപത്തുതന്നെ വസ്തു ലഭ്യമാക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനിടയിൽ ശാസ്താംകോട്ടയിൽ 12 കോടി ചെലവഴിച്ച് നിർമാണം പൂർത്തീകരിക്കുന്ന റവന്യൂ ടവറിൽ ആർ.ടി ഓഫിസിന് 1500 സ്ക്വയർഫീറ്റ് സ്ഥലം നീക്കിവെച്ചിട്ടുണ്ടെന്നും അതിനാൽ ഓഫിസ് താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലേക്ക് മാറ്റണമെന്നുമുള്ള ആവശ്യം ശക്തമാണ്. ടെസ്റ്റ് നടത്താൻ അനുയോജ്യമായ സ്ഥലങ്ങളും ശാസ്താംകോട്ടയിലുണ്ട്. അതിനാൽ ഇനിയും ലക്ഷക്കണക്കിന് രൂപ ഇതിനുവേണ്ടി ചെലവഴിക്കണോ എന്ന ചോദ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.