ശാസ്താംകോട്ട ശുദ്ധജല തടാകതീരത്ത് അടിഞ്ഞ് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം
ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം നേരിടുന്ന വിവിധ തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്ലാസ്റ്റിക് മൂലമുള്ളത്. ജില്ലയിലെ തന്നെ ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ള സ്ത്രോസ് കൂടിയായ തടാകത്തിലേക്ക് യാതൊരു മടിയുമില്ലാതെയാണ് ആളുകൾ പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത്.
തടാകം കാണാൻ എത്തുന്നവരോടൊപ്പം മദ്യപസംഘങ്ങളും പ്രധാനമായും തടാകത്തിലേക്ക് പ്ലാസ്റ്റിക് വലിച്ചെറിയുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് തടാകം കാണുന്നതിനും ബോട്ടിങ് നടത്തുന്നതിനുമൊക്കെ ധാരാളംപേർ ഇവിടെ എത്തുന്നുണ്ട്. അമ്പലക്കടവിലാണ് ഇവർ എത്തുന്നത്.
ഇവിടെ വിവിധ സംഘടനകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് നിക്ഷേപസൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരുപരിധി വരെ ആളുകൾ ഇതിൽ പ്ലാസ്റ്റിക് നിക്ഷേപിക്കാറുണ്ടെങ്കിലും അമ്പലക്കടവിൽ നിന്ന് തടാകതീരത്തെ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവർ അവിടെയിരുന്ന് ഭക്ഷണം കഴിച്ചശേഷം കുപ്പികളടക്കം തടാകത്തിലേക്ക് വലിച്ചെറിയുകയാണ് പതിവ്.
മദ്യപസംഘങ്ങളും ഇത്തരത്തിൽ പ്ലാസ്റ്റിക് കുപ്പികളും ഗ്ലാസുകളും വലിച്ചെറിയുന്നതും പതിവാണ്. തടാകതീരത്ത് താമസിക്കുന്നവരുടെ വീടുകളിൽ നിന്നും തടാകത്തിലേക്ക് തുറക്കുന്ന ഓടകൾ വഴിയും വ്യാപക തോതിൽ പ്ലാസ്റ്റിക് തടാകത്തിൽ എത്തുന്നുണ്ട്.
ഇങ്ങനെയെത്തുന്ന പ്ലാസ്റ്റിക് മാലിന്യം തടാകതീരത്ത് അടിഞ്ഞുകിടക്കുന്നത് പതിവ് കാഴ്ചയാണ്. അമിതമായി പ്ലാസ്റ്റിക്ക് തടാകത്തിൽ എത്തുന്നത് തടാകത്തിലെ ജലത്തിന്റെ ശുദ്ധതയേയും മൽസ്യസമ്പത്തിനേയും ഏറെ ദോഷകരമായി ബാധിക്കും. വിവിധ വിദ്യാർഥി, സന്നദ്ധസംഘടകളും പരിസ്ഥിതി പ്രവർത്തകരുമാണ് സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യുന്നത്.
തടാകം മലിനപ്പെടുത്തുന്നവർക്കെതിരെ അധികൃതർ ചെറുവിരൽ അനക്കാറിെല്ലന്നും ആക്ഷേപമുണ്ട്. ശക്തമായ അവബോധത്തോടൊപ്പം കർശന നടപടികളിലൂടെയും മാത്രമേ തടാകത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.