സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം
ശാസ്താംകോട്ട: മുതുപിലാക്കാടിനെ ഭീതിയിലാഴ്ത്തി വിവിധ വീടുകളിൽ മോഷണം. 25,000 രൂപയും മൂന്നര പവൻ സ്വർണവും കവർന്നു. ഞായറാഴ്ച പുലർച്ച രണ്ടരക്ക് ശേഷമാണ് ഏഴോളം വീടുകളിൽ കള്ളൻ കയറിയത്. മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ മുഖം സി.സി.ടി.വിയിൽ പതിഞ്ഞു.
എല്ലാ വീടുകളുടെയും പിൻഭാഗത്ത് കതകിന്റെ പൂട്ടുപൊളിച്ച നിലയിലാണ്. ശാസ്താംകോട്ട പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയും മുതുപിലാക്കാട് ഒമ്പതാം വാർഡ് മെംബറുമായ ഉഷകുമാരിയുടെ വീട്ടിൽ വെളുപ്പിനെ രണ്ടരയോടെ മോഷണം നടന്നു.
വീടിന്റെ പിൻഭാഗത്തെ കതകിന്റെയും അകത്തെ കതകിന്റെയും പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. തുടർന്ന് ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും മൂന്നര പവന്റെ മാലയും കവർന്നു. മുറയിൽ ഉറക്കത്തിലായിരുന്ന ഉഷാകുമാരി കാലിലെ പാദസരം മോഷ്ടിക്കാൻ ശ്രമിക്കവെ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
മൂന്ന് മണിയോടെ മുതുപിലാക്കാട് പടിഞ്ഞാറ് ശിവഭവനത്തിൽ ശിവൻപിള്ളയുടെ അടുക്കളയുടെ പൂട്ട് പൊളിച്ചു. എന്നാൽ വീടിനുള്ളിൽ കയറാൻ കഴിഞ്ഞില്ല.
മൂന്നരയോടെ മുതുപിലാക്കാട് ക്ഷേത്രത്തിന് കിഴക്കുവശം നാല് വീടുകളിൽ മോഷണശ്രമം നടന്നു. മുതുപിലാക്കാട് കിഴക്ക് കണ്ടോലിൽ (രേഖ ഭവനം) ശശിധരൻപിള്ളയുടെ വീട്, മായ ഭവനത്തിൽ മോഹനൻപിള്ളയുടെ വീട്, രോഹിണിയിൽ വിജയകൃഷ്ണന്റെ വീട്, കണ്ടോളിൽ തെക്കതിൽ ജയചന്ദ്രൻ പിള്ളയുടെ വീട് എന്നിവിടങ്ങളിൽ പൂട്ട് പൊളിച്ച് മോഷണ ശ്രമം നടന്നു.
വിജയകൃഷ്ണന്റെ വീട്ടിലെ സി.സി.ടി.വിയിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ മുഖം പതിയുകയായിരുന്നു. പ്രദേശത്തെ വിവിധ വീടുകളിൽ മോഷണം നടന്നതോടെ ജനങ്ങൾ ആശങ്കയിലാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ആരംഭിച്ചതായും സ്ഥലത്ത് പൊലീസ് പട്രോളിങ് ഊർജിതമാക്കുമെന്നും ശാസ്താംകോട്ട എസ്.എച്ച്.ഒ കെ.ബി. മനോജ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.