കോട്ടയം: റെയിൽവേ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന പഴയ നടപ്പാലം പൊളിക്കാൻ ആരംഭിച്ചു. കവാടത്തിന്റെ വടക്ക് പുതിയ നടപ്പാലം വന്നതിനാലാണ് പഴയ വീതി കുറഞ്ഞ നടപ്പാലം പൊളിച്ചുമാറ്റുന്നത്. കഴിഞ്ഞ ദിവസം മുതൽ ഇതുവഴി പ്രവേശനം വിലക്കിയിരുന്നു. ഒരു മാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കും. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താതെ രാത്രിയാണ് പൊളിക്കൽ നടക്കുന്നത്.
റെയിൽവേ സ്റ്റേഷൻ നിർമാണത്തിന്റെ ആദ്യകാലത്ത് നിർമിച്ച കോൺക്രീറ്റ് പാലത്തിന് 69 വർഷത്തെ പഴക്കമുണ്ട്. പ്രധാന കവാടത്തിൽനിന്ന് ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചിരുന്നതാണ് ഈ നടപ്പാലം. ഇരട്ടപ്പാത നിർമാണസമയത്താണ് നടപ്പാലത്തിൽനിന്ന് ഒന്നാംപ്ലാറ്റ്ഫോമിലേക്കുള്ള കവാടം അടച്ച് പ്രവേശനം രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലേക്ക് മാത്രമാക്കി ചുരുക്കിയത്. ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ടിക്കറ്റ് കൗണ്ടറിൽനിന്ന് ഇടതുവശത്ത് താഴേക്കുള്ള വഴി തുറക്കുകയും ചെയ്തിരുന്നു. പ്രധാന കവാടത്തിന് എതിർവശത്ത് രണ്ടാം കവാടത്തിൽനിന്ന് മറ്റൊരു നടപ്പാലവും ഉണ്ട്.
പ്രവേശനം പുതിയ പാലം വഴി
പഴയ നടപ്പാലം പൊളിക്കുന്നതോടെ പ്രധാന കവാടം വഴി ഒന്നാം പ്ലാറ്റ്ഫോമിലേക്കു മാത്രമേ ഇറങ്ങാനാവൂ. രണ്ട്, മൂന്ന്, നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിലേക്ക് പ്രധാന കവാടത്തിന് വടക്കുള്ള പുതിയ നടപ്പാലത്തിൽ കയറണം. പുറത്തുനിന്നാണ് ഇവിടേക്കുള്ള വഴി. നേരത്തെ, ടിക്കറ്റ് എടുത്ത ശേഷം യാത്രക്കാർ നേരെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലിറങ്ങി അവിടെനിന്ന് പുതിയ നടപ്പാലത്തിലേക്ക് കയറുമായിരുന്നു. ഇനി അത് നടക്കില്ല. ടിക്കറ്റ് എടുത്തശേഷം പ്രധാന കവാടത്തിലൂടെ പുറത്തുകടന്ന് പുതിയ പാലത്തിൽ കയറിയാലേ ഒന്നൊഴികെയുള്ള പ്ലാറ്റ്ഫോമുകളിലെത്താനാവൂ.
ആകെ കൺഫ്യൂഷനാണല്ലോ
ഒന്നാംപ്ലാറ്റ്ഫോമിൽ ട്രെയിനിറങ്ങുന്ന, പതിവു യാത്രക്കാരല്ലാത്തവർ പുറത്തേക്കുള്ള കവാടം കാണാതെ അലയുന്നത് സ്ഥിരം കാഴ്ചയാണ്. ഒന്നാംപ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്കുള്ള കവാടത്തിൽ ബോർഡ് ഉണ്ടെങ്കിലും ശ്രദ്ധയിൽപെടില്ല. പ്രധാന കവാടത്തിൽനിന്ന് പടികളിറങ്ങി താഴേക്കു പോകും വിധം അണ്ടർ ഗ്രൗണ്ട് സംവിധാനത്തിലാണ് ഇവിടത്തെ ഒന്നാം പ്ലാറ്റ്ഫോം.
പുതിയ നടപ്പാലത്തിലേക്ക് അകത്തുനിന്ന് കവാടം
പുതിയ നടപ്പാലം വന്നതോടെ പഴയ പാലം ആവശ്യമില്ലെന്നതിനാലാണ് പൊളിച്ചുമാറ്റുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. വീതി കുറഞ്ഞ പാലത്തിൽ ട്രെയിൻ വരുന്ന സമയത്ത് വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ടിക്കറ്റെടുത്ത് വീണ്ടും പുറത്തിറങ്ങി പുതിയ നടപ്പാലത്തിലേക്ക് കയറുന്നത് യാത്രക്കാർക്ക് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായി നിർദേശം റെയിൽവേക്കു സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. വികസനപ്രവൃത്തികളുടെ ഭാഗമായി നിലവിലെ ടിക്കറ്റ് കൗണ്ടർ പഴയ റിസർവേഷൻ കൗണ്ടറിലേക്ക് മാറ്റും. ടിക്കറ്റ് കൗണ്ടർ ഇരിക്കുന്ന സ്ഥലത്തുനിന്ന് പുതിയ നടപ്പാലത്തിലേക്കൊരു വഴിയാണ് നിർദേശിച്ചിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.