കാഞ്ഞിരപ്പള്ളി: ഇത് കേവലം ഒരു പൊതിച്ചോറല്ല, സ്നേഹം നിറച്ചുവെച്ച പൊതിയാണ്. ഷാജി, അൻഷാദ് എന്നിവരുടെയും കുടുംബങ്ങളുടെയും പാവങ്ങളോടുള്ള കരുതലാണ് ഒമ്പതാം വർഷത്തിലേക്ക് കടന്ന പൊതിച്ചോർ വിതരണം. കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലും അനാഥരാരും വിശന്നിരിക്കരുത് എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ചതാണ് വിശക്കുന്ന വയറിന് ഒരുപൊതി ആഹാരം എന്ന പദ്ധതി.
യാദൃച്ഛികമായി യാത്രയിൽ കണ്ട ഒരു യാചകൻ വിശപ്പു സഹിക്കാനാവാതെ മണ്ണുവാരി തിന്നുന്ന കാഴ്ചയാണ് പൊതിച്ചോർ വിതരണത്തിന് പ്രേരണയായത്. സ്വന്തം വീടുകളിൽനിന്ന് പത്ത് പൊതിച്ചോറുകൾ വീതം എടുത്ത് 2017ൽ വഴിയരികിലെ യാചകർക്ക് കൊടുത്തുതുടങ്ങിയതാണ്.
ഇന്നത് കൂട്ടുകാരും നാട്ടുകാരും നൽകുന്ന പൊതിച്ചോർകൂടി ശേഖരിച്ച് യാചകർക്ക് പുറമെ എല്ലാ മാസവും രണ്ടാം ശനിയാഴ്ച കാഞ്ഞിരപ്പള്ളി മേഖലയിലെ അഞ്ച് അനാഥാലയങ്ങളിലും പൊതിച്ചോർ നൽകുന്നുണ്ട്. ഒരുവർഷമായി മാസത്തിലെ ഒന്നാം ഞായറാഴ്ചയും ഭക്ഷണ വിതരണമുണ്ട്.
സുഹൃത്തുക്കളും നാട്ടുകാരും പൊതിച്ചോർ വിതരണത്തിൽ ഇവരെ സഹായിക്കാറുണ്ട്. കാഞ്ഞിരപ്പള്ളിയിൽ എസ്.ആൻഡ്.എസ് ഓട്ടോമൊബൈൽസ് എന്ന സ്പെയർപാർട്സ് സ്ഥാപനം നടത്തുകയാണ് ഷാജി വലിയകുന്നത്ത്. ക്ലീൻ കേരള കമ്പനിയുടെ സെക്ടർ കോഓഡിനേറ്ററാണ് അൻഷാദ് ഇസ്മായിൽ.
സുഹൃത്തുക്കളായ റോണി ടോം, ജയൻ ജോസഫ് എന്നിവരുടെ സഹകരണം കൂടുതൽ ആളുകളിലേക്ക് പൊതിച്ചോർ എത്തിക്കാൻ സഹായകരമായി. ആരുടെയും സാമ്പത്തിക സഹായം തേടാതെയാണ് ഇവർ പൊതിച്ചോർ വിതരണം മുന്നോട്ടു കൊണ്ടുപോകുന്നത് എന്നതും ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.