‘ഗുണനിലവാരമില്ലാത്ത വാഴക്കന്നുകൾ വ്യാപകമായി വിപണിയിൽ എത്തിയതാണ് ഞാലിപ്പൂവൻ വാഴക്കൃഷി നാട്ടിൽ കുറയാൻ കാരണം. നിലവിൽ ഞാലിപ്പൂവൻ വാഴക്കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. ഗുണനിലവാരമുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.’ -എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി)
കോട്ടയം: ഇതരസംസ്ഥാന ലോബിയുടെ അട്ടിമറിയിലും കാലാവസ്ഥാവ്യതിയാനം മൂലമുള്ള രോഗബാധകളിലും പ്രതീക്ഷകൾ മങ്ങി വാഴക്കർഷകർ. ഓണം അടുക്കുന്തോറും കർഷകരുടെ ആധിയും വർധിക്കുന്നു. ഓണ വിപണി ലക്ഷ്യമാക്കി സ്ഥലം പാട്ടത്തിനെടുത്തും വായ്പയും കടവും വാങ്ങിയും കൃഷിയിറക്കിയ കർഷകർ ദുരിതത്തിലാണ്.
ജില്ലയിൽ വ്യാപകമായി കൃഷിചെയ്യുന്ന ഞാലിപ്പൂവൻ കൃഷിയെ അട്ടിമറിച്ച് കൊള്ളലാഭം നേടാനൊരുങ്ങി ഇതരസംസ്ഥാന ലോബി. ആഴത്തിൽ ചെത്തിയ വാഴക്കന്നുകൾ വ്യാപകമായി കേരളത്തിലേക്ക് ഇറക്കി അത്യുൽപ്പാദനം ഉള്ളതാണെന്ന് തെറ്റിധരിപ്പിച്ച് കച്ചവടക്കാരെ ഇടനിലയാക്കി കർഷകരിൽ എത്തിക്കുകയാണ് ഇവരുടെ രീതി. ഇത് വാങ്ങിവെച്ച കർഷകരുടെ കന്നുകൾ വ്യാപകമായി ചീഞ്ഞുപോയി. ഇപ്പോൾ കേരളത്തിലെ വിപണിയിൽ എത്തുന്നതിൽ 80 ശതമാനവും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയാണ്.
നിലവിൽ ഒരുകിലോ ഞാലിപ്പൂവൻ പഴത്തിന്റെ വിപണിവില 100 രൂപയാണ്. എല്ലാസമയത്തും 50 രൂപക്ക് മുകളിൽ ഞാലിപ്പൂവന് വില ലഭിക്കും. ഒരു ഞാലിപ്പൂവൻ കുല 10 മുതൽ 14 കിലോവരെ തൂക്കം ലഭിക്കും. ഒരുവാഴക്ക് 100 രൂപയിൽ താഴെമാത്രമാണ് ഉത്പാദനചെലവ് വരുന്നത്.
കാലാവസ്ഥാവ്യതിയാനം മൂലം വാഴകളില്‍ ബാധിക്കുന്ന ഇലപ്പുള്ളിരോഗം വാഴക്കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈവർഷം ഇലപ്പുള്ളി രോഗം വ്യാപകമായാണ് വാഴകളില്‍ പടർന്നുപിടിക്കുന്നത്. വാഴയുടെ ഇലകളില്‍ മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീട് ഇത് മറ്റ് ഇലകളിലേക്ക് വ്യാപിക്കുകയും വാഴയുടെ വളർച്ച മുരടിച്ച് നശിക്കുകയുമാണ് ചെയ്യുന്നത്. ഏത്തവാഴകളിലാണ് ഇലപ്പുള്ളി രോഗം ഏറ്റവും കൂടുതല്‍ പിടിപെടുന്നത്.
മേയ് മാസം ആരംഭിച്ച മഴ ഇടതടവില്ലാതെ പെയ്യുന്നതാണ് കുമിൾ മൂലമുള്ള ഇലപ്പുള്ളി രോഗം വാഴകളില്‍ പടരാൻ കാരണം. ആദ്യലക്ഷണം കാണുമ്പോള്‍തന്നെ കൂടുതല്‍ വാഴകളിലേക്ക് കുമിള്‍രോഗം പടരാതിരിക്കാൻ കർഷകർ വാഴയുടെ ഇലകള്‍ വെട്ടിമാറ്റും. ഇത് പലപ്പോഴും വാഴയുടെ വളർച്ചയെ സാരമായി ബാധിക്കും. രോഗം കൂടുതലായി പിടിപെട്ടാല്‍ വാഴ ചുവടെ പിഴുതുകളയേണ്ട ഗതികേടുമുണ്ട്.
പിഴുത് മാറ്റുന്ന വാഴകളും ഇലയും തോട്ടത്തില്‍നിന്ന് ഏറെദൂരെ കൊണ്ടുപോയി നശിപ്പിച്ചുകളയണം. മറ്റുവാഴകളിലേക്കും രോഗം പടരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മുണ്ടക്കയത്തും മലയോരമേഖലകളിലും നൂറുകണക്കിന് വാഴകളാണ് ഇലപ്പുള്ളി രോഗം പിടിപെട്ടതിനെത്തുടർന്ന് കർഷകർക്ക് വെട്ടിമാറ്റേണ്ടി വന്നത്. വാഴകൾ വ്യാപകമായി നശിച്ചതോടെ ഓണ വിപണി ലക്ഷ്യമാക്കി വാഴക്കൃഷി ചെയ്ത കർഷകർക്ക് ഈവർഷം നിരാശയാണ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.