തിരുവാതുക്കലിലെ ഡോ. എ.പി.ജെ അബ്ദുൽ കലാം ടൗൺഹാൾ കാടുകയറി നശിച്ചനിലയിൽ
കോട്ടയം: തിരുവാതുക്കലിലെ ഡോ. എ.പി.ജെ അബ്ദുൽ കലാം ടൗൺ ഹാൾ കാടുകയറി നശിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം വോട്ടുസാമഗ്രികൾ സൂക്ഷിക്കാനെന്ന പേരിൽ ഉപയോഗിച്ചതോടെയാണ് ഇതിന്റെ കഷ്ടകാലം തുടങ്ങുന്നത്. സാധാരണക്കാരായ ആളുകൾക്ക് 15000 രൂപ വാടകക്ക് കല്യാണ ആവശ്യങ്ങൾക്കും മറ്റുപരിപാടികൾക്കുമായി ലഭിച്ചുകൊണ്ടിരുന്ന ഹാളാണ് കാടുകയറി നായ്ക്കളുടെ വിഹാരകേന്ദ്രവുമായി മാറിയത്.
നാലുമാസം മുമ്പ് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം എം.എൽ.എയടക്കം എത്തി കലക്ടറോട് സംസാരിച്ചതിനെ തുടർന്ന് ജൂലൈയോടെ സാമഗ്രികൾ തെരഞ്ഞെടുപ്പ് കമീഷൻ മാറ്റുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായില്ല. റോഡ് നിർമാണത്തിനെന്ന പേരിൽ വാട്ടർ കണക്ഷനും കട്ട് ചെയ്തതോടെ എല്ലാ സൗകര്യവുമുള്ള ടൗൺ ഹാൾ പൂർണമായി ഉപയോഗ ശൂന്യമായി. കെട്ടിടം അറ്റകുറ്റപ്പണിയില്ലാതെ നശിക്കുകയാണ്.
നഗരസഭ പറയുന്നത് കലക്ടറാണ് തീരുമാനം എടുക്കേണ്ടതെന്നാണ്. തെരഞ്ഞെടുപ്പ് സാമഗ്രികൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ടൗൺ ഹാളിന് മുന്നിൽ ലക്ഷക്കണക്കിന് രൂപ മുടക്കി പണിത അംഗൻവാടിയും ഇതോടെ ഉപയോഗിക്കാനാവാത്ത സ്ഥിതിയായി. പണി പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം പോലും നടത്താൻ കഴിഞ്ഞിട്ടില്ല. മത്സ്യഫെഡിന്റെ ഫിഷ് മാർട്ടും ഇതേ സ്ഥലത്ത് കാടുകയറി നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.