മൂലേടം മേൽപാലം
കോട്ടയം: ടാർ ഇളകി കുഴി രൂപപ്പെട്ടിട്ട് കാലങ്ങളായി, കടന്നുപോകുന്ന വാഹനങ്ങൾക്ക് അപകടം സംഭവിക്കുന്നത് നിത്യസംഭവമായി, കഞ്ഞിക്കുഴി, മൂലേടം മേൽപാലങ്ങളിലാണ് കുഴികളിൽ ചാടി അപകടയാത്ര തുടരുന്നത്. ദിനംപ്രതി നൂറുകണക്കിന് ചെറുവാഹനങ്ങളും സ്വകാര്യ ബസുകളും കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രധാനപ്പെട്ട രണ്ട് മേൽപാലങ്ങളാണ് കഞ്ഞിക്കുഴിയിലും മൂലേടത്തുമുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പാലങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, നാഗമ്പടം മേൽപാലങ്ങളിലും സമാനമായി കുഴികൾ രൂപപ്പെട്ടിട്ട് കാലങ്ങളോളമായി. പ്രതിഷേധങ്ങൾ കനക്കുമ്പോൾ കുഴിയിലേക്ക് കോൺക്രീറ്റ് നിറച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് വകുപ്പുകളുടെ പതിവ്. പരാതികൾ കൂടുമ്പോൾ വകുപ്പുകൾ തമ്മിൽ പഴിചാരലും സജീവമാണ്.
വലിയ കുഴി, ചെറിയ കുഴി; മോചനമില്ലാതെ മൂലേടം
കോട്ടയം നഗരത്തോട് ചേർന്ന മൂലേടം റെയിൽവേ മേൽപ്പാലത്തിൽ അപകടക്കെണി ഒരുക്കുകയാണ് വലിയകുഴികൾ. രാത്രിയിൽ ഇരുചക്രവാഹനങ്ങള് അപകടത്തിൽപ്പെടുന്നതും പതിവാണ്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ ചെറുതും വലുതുമായ കുഴികളുണ്ട്. റോഡിന്റെ പലഭാഗങ്ങളിലും ടാറിളകി മെറ്റലും മണ്ണും നിരന്നുകിടക്കുകയാണ്. പാലത്തിലെ വാരിക്കുഴികൾ ഒഴിവാക്കി മറ്റു റോഡുകളിലൂടെ വേണം നഗരത്തിലേക്ക് എത്താൻ. മേൽപ്പാലത്തിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒന്നരവർഷത്തിലേറെയായി.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഉദ്യോഗസ്ഥർക്കാണ് പാലം ഗതാഗതയോഗ്യമാക്കാനുള്ള ഉത്തരവാദിത്തം. പരാതികളും സമരമുറകളും പ്രതിഷേധങ്ങളും ഉയർന്നിട്ടും പാലത്തിൽ ടാർ വീണിട്ടില്ല. ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചിട്ടും നിർമാണപ്രവൃത്തി നടക്കുന്നില്ല. പാലത്തിൽ വഴിവിളക്കുകളുമില്ല. വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം. കുഴികളിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.
2014ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് മേൽപ്പാലം പണിതത്. പിന്നീട് അറ്റകുറ്റപ്പണി നടത്താത്തതാണ് കുഴികൾ നിറയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അധികൃതർക്ക് അനങ്ങാപ്പാറ നയമാണ്.
പുറത്തേക്ക് തള്ളി കോൺക്രീറ്റ് കമ്പികളും
കുഴികളും പുറത്തു തെളിഞ്ഞ് കാണുന്ന കോൺക്രീറ്റ് കമ്പികളും കഞ്ഞിക്കുഴി പ്ലാന്റേഷന് സമീപത്തെ റെയിൽവേ മേൽപാലം റോഡിൽ അപകടക്കെണിയൊരുക്കുകയാണ്. ജില്ല ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് കീഴെയാണ് ശോച്യാവസ്ഥയിൽ റോഡ് സ്ഥിതിചെയ്യുന്നത്.
കുഴികൾ രൂപപ്പെട്ട ഭാഗത്ത് കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞുകാണാവുന്ന നിലയിലാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, കലക്ടറേറ്റ്, റബർ ബോർഡ്, സ്കൂൾ, കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുള്ള പ്രധാനറോഡാണിത്.
കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് റോഡിൽ പലയിടത്തും കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. കോൺക്രീറ്റ് ചെയ്തെങ്കിലും ശാശ്വത പരിഹാരമായില്ല. പലയിടത്തും കോൺക്രീറ്റ് തകർന്ന നിലയിലാണ്. ഓടകൾ ഉണ്ടെങ്കിലും വെള്ളക്കെട്ട് ഇവിടെ പതിവാണ്. പാലത്തിന്റെ ഇരുവശത്തും നടപ്പാതയുണ്ടെങ്കിലും കോൺക്രീറ്റ് സ്ലാബുകൾ ഇളകിയ നിലയിലാണ്. കാൽനടയാത്രക്കാർ ഓടയിൽ അകപ്പെടാത്തത് ഭാഗ്യം കൊണ്ടാണ്. ശക്തമായ മഴയെ തുടർന്ന് രൂപപ്പെടുന്ന വെള്ളക്കെട്ട് മാറാൻ ദിവസങ്ങളെടുക്കും. മുൻവർഷവും സമാനരീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് താത്കാലികമായി അടച്ച് അധികൃതർ തടിതപ്പുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.