ഹൈകോടതി
കല്പറ്റ: മടക്കിമലയില്‍ സൗജന്യമായി ലഭിച്ച ഭൂമിയില്‍ വയനാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്ന കാര്യത്തില്‍ മൂന്ന് മാസത്തിനകം യുക്തമായ തീരുമാനമെടുക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചതായി സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ല സെക്രട്ടറി നല്കിയ ഹരജി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കിയത്.
ചന്ദ്രപ്രഭാ ട്രസ്റ്റ് മടക്കിമലയില്‍ സൗജന്യമായി നല്കിയ ഭൂമി ഒഴിവാക്കിയത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല. അന്നത്തെ ജില്ല കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നുമാത്രമാണുള്ളത്. മടക്കിമലയിലെ ഭൂമി അനുയോജ്യമല്ലെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ചില സ്ഥാപിത താല്പര്യങ്ങള് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭൂമി ഒഴിവാക്കിയത്.
വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ജനങ്ങള്‍ക്ക് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് എത്താനാകുമെന്നാണ് സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നത്. ഇത് വയനാട് മെഡിക്കല്‍ കോളജ് കല്പറ്റയില്നിന്ന് മാറ്റിയതിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. സ്വകാര്യ മെഡിക്കല്‍ കോളജിനെ സഹായിക്കുന്നതിനാണ് സൗജന്യമായി ലഭിച്ച ഭൂമി ഒഴിവാക്കിയത്.
അതിനേക്കാള്‍ പാരിസ്ഥിതിക പ്രശ്നങ്ങളുള്ള ഭൂമിയാണ് മാനന്തവാടി ബോയ്സ് ടൗണിലേതെന്നും ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും എളുപ്പത്തില്‍ എത്താനാകുന്ന മടക്കിമലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കോടതി നിര്‍ദേശിച്ച സമയത്തിനകവും ഉചിതമായി തീരുമാനമുണ്ടായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ.വി ഗോകുല്‍ദാസ്, അഡ്വ. വി.പി എല്‍ദോ, ജോണ്‍ തയ്യില്‍, സി.എച്ച്. സജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.