കൽപറ്റ: ഇടവേളക്കു ശേഷം ജില്ലയിൽ വീണ്ടും മഴ കനത്തു. മൂന്ന് ദിവസം ജില്ലയിൽ യെല്ലോ അലേർട്ട്് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ ആരംഭിച്ചത്. ഏതാനും ദിവസങ്ങളായി മാറി നിന്ന മഴയാണ് വീണ്ടും പെയ്യാൻ തുടങ്ങിയത്.
ഇതോടെ പുഴകളിലും തോടുകളിലും ജലാശയങ്ങളിലുമെല്ലാം വെള്ളം ഉയരാൻ തുടങ്ങിയിട്ടുണ്ട്. മഴ ശക്തമായതോടെ കാരാപ്പുഴ, ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ചിലയിടങ്ങളിൽ ജലാശയങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ ഇത്തവണ വേനൽമഴയോട് അനുബന്ധിച്ച് തന്നെ കാലവർഷവും എത്തിയിരുന്നു. ഉരുൾ ദുരന്തമുണ്ടായ പ്രദേശത്തെ പുന്നപ്പുഴയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കും വർധിച്ചിട്ടുണ്ട്.
പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഞായറാഴ്ച രാവിലെ എട്ടിന് സ്പിൽവേ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കി വിടുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.