സാബു ആന്റണി
കൽപറ്റ: കൽപറ്റയിലെ പ്രധാന ലഹരി വില്പനക്കാരൻ പിടിയില്‍. വീടിനുള്ളിലും ഓട്ടോയിലും വില്‍പ്പനക്ക് സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തു. ചുണ്ടേല്‍ പൂളക്കുന്ന് പട്ടരുമഠത്തില്‍ വീട്ടില്‍ സാബു ആന്റണിയാണ് (47) അറസ്റ്റിലായത്. വീടിനുള്ളില്‍നിന്ന് 2.172 കിലോയും ഓട്ടോയില്‍നിന്ന് 24.97 ഗ്രാം കഞ്ചാവുമാണ് ലഹരിവിരുദ്ധ സ്ക്വാഡും കല്പറ്റ പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. ഇയാള്‍ മോഷണം, അടിപിടി, സ്ത്രീത്വത്തെ അപമാനിക്കല്‍, ലഹരിക്കേസുകള്‍ തുടങ്ങി നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ്.
കഴിഞ്ഞ ദിവസം രാവിലെ കൽപറ്റ പൂളക്കുന്നിലെ സാബു ആന്റണിയുടെ വീട്ടില്‍ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് 2.172 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. കിടപ്പുമുറിയിലെ കിടക്കയുടെ മുകളില്‍ സെല്ലോടേപ്പ് ഒട്ടിച്ച പൊതിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
തൊട്ടടുത്ത് ഇയാളും കുടുംബവും മുമ്പ് താമസിച്ചിരുന്ന വീട്ടില്‍നിന്നാണ് ചില്ലറ വില്പനക്ക് ചെറിയ പാക്കറ്റുകളാക്കുന്നതെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെയും പരിശോധന നടത്തി. ഇവിടെനിന്ന് ചില്ലറ വിൽപനക്കുപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഇയാള്‍ ചില്ലറ വില്പന നടത്താനുപയോഗിക്കുന്ന കെ.എല്‍. 12 കെ. 5975 ഓട്ടോയിലും പരിശോധന നടത്തുകയായിരുന്നു. കല്പറ്റ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.ഐ കെ. അജല്‍, എസ്.സി.പി.ഒമാരായ അനൂപ്, ജയേഷ്, സുധി, സിവിൽ പൊലീസ് ഓഫിസർമാരായ വില്സന്, ബിന്‍സിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.