കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തത്തിൽ അതിജീവിത കുടുംബത്തിന് വാട്സ്ആപ് കൂട്ടായ്മയായ തിക്കോടി വികസന സമിതി വീട് നിർമിച്ചുനൽകി. വീടിന്റെ താക്കോൽ കൈമാറ്റം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ടി. സിദ്ദീഖ് എം.എൽ.എ നിർവഹിക്കും.
ചൂരൽമല സ്വദേശിയായ പ്രശാന്തനും കുടുംബത്തിനുമാണ് വീട് നൽകുന്നത്. ദുരന്തത്തിൽ ഇവരുടെ ഉപജീവനമാർഗമായ പശുക്കൾ ഉൾപ്പെടെയുള്ളവയെ നഷ്ടപ്പെട്ടിരുന്നു. മേപ്പാടി പഞ്ചായത്തംഗം യു.എ. അജ്മൽ സാജിദ്, മുൻ അംഗം ഷൈജ ബേബി എന്നിവരുടെ സഹകരണത്തോടെയാണ് ഗുണഭോക്താവിനെ തിരഞ്ഞെടുത്തത്.
ഗുരുവായൂരിലെ ചൂൽപ്പുറം കുടുംബസംഗമം ചാരിറ്റബ്ൾ ട്രസ്റ്റ് അരപ്പറ്റയിൽ സൗജന്യമായി വാങ്ങി നൽകിയ ആറ് സെന്റ് സ്ഥലത്താണ് വീട് നിർമിച്ചത്. 900 ചതുരശ്ര അടി വീടിന്റെ നിർമാണത്തിന് 14 ലക്ഷം രൂപ ചെലവായി. തിക്കോടി വികസന സമിതി വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങളും നാട്ടുകാരും പ്രവാസികളും ഉൾപ്പെടെയുള്ളവരാണ് തുക സമാഹരിച്ചത്.
തിക്കോടി സ്വദേശിയായ അമേരിക്കൻ മലയാളി വൈദ്യരകത്ത് മസൂദാണ് ഏറ്റവുമധികം തുക സമാഹരിച്ചത്. മാർച്ചിലാണ് വീട് നിർമാണം തുടങ്ങിയത്. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ വൈദ്യരകത്ത് മസൂദ്, ചന്ദ്രൻ അഞ്ജന, അശോകൻ ശിൽപ, മുഹമ്മദ് റോഷൻ തിക്കോടി, ശ്രീനിവാസൻ പള്ളിക്കര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.